Photo: twitter.com
ദുബായ്: കഴിഞ്ഞ ദിവസം നടന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മത്സരം നിരവധി ത്രസിപ്പിക്കുന്ന മുഹൂര്‍ത്തങ്ങള്‍ക്കാണ് വേദിയായത്.
ഡല്‍ഹി ബാറ്റര്‍മാരുടെ പ്രകടനവും ചെന്നൈ താരം റോബിന്‍ ഉത്തപ്പയുടെ ഫോമിലേക്കുള്ള മടങ്ങിവരവും ഋതുരാജ് ഗെയ്ക്‌വാദിന്റെ മിന്നുന്ന ബാറ്റിങ്ങുമെല്ലാം കാണികളെ പിടിച്ചിരുത്തുന്നതായിരുന്നു.
എന്നാല്‍ ഇന്നലത്തെ ഏറ്റവും പ്രധാന ആകര്‍ഷണം എം.എസ് ധോനിയെന്ന് അതികായന്‍ തന്നെയായിരുന്നു. അതിനിര്‍ണായകമായ സമയത്ത് വെറും ആറു പന്തില്‍ നിന്ന് ഒരു സിക്‌സും മൂന്ന് ഫോറുമടക്കം 18 റണ്‍സെടുത്ത ധോനി മത്സരം ഫിനിഷ ചെയ്യുകയായിരുന്നു.
ഇതേസമയം ധോനിയുടെ ബാറ്റിങ്ങിനൊപ്പം ലോകമെമ്പാടുമുള്ള കാണികളുടെ ശ്രദ്ധ നേടിയ മറ്റൊരു ദൃശ്യവും ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്തിരുന്നു. ധോനി മത്സരം ഫിനിഷ് ചെയ്യുന്നത് കണ്ട് ഗാലറിയിലിരുന്ന് കരച്ചിലടക്കാന്‍ പാടുപെടുന്ന രണ്ട് കുഞ്ഞ് സൂപ്പര്‍ കിങ്‌സ് ആരാധകരുടെ ദൃശ്യം.
ഈ ദൃശ്യം ലോകമെങ്ങും കണ്ടതിനു പിന്നാലെ അമൂല്യമായ ഒരു സമ്മാനവും ഈ കുട്ടികളെ തേടിയെത്തി. ഗാലറിയിലിരുന്ന ഇവര്‍ക്ക് ഓട്ടോഗ്രാഫ് എഴുതിയ മാച്ച് ബോള്‍ ധോനി തന്നെ എറിഞ്ഞ് കൊടുക്കുകയായിരുന്നു. വൈകാതെ ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
പ്രിയ താരത്തില്‍ ലഭിച്ച സമ്മാനം കണ്ട് ഇരുവരും തുള്ളിച്ചാടുന്ന ദൃശ്യങ്ങളും ടിവിയിലൂടെ ലോകം കണ്ടു.
Content Highlights: MS Dhoni gifts autographed ball to emotional kid