Photo: PTI
ദുബായ്: ഐ.പി.എല്‍ 14-ാം സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരത്തിനുള്ള ഓറഞ്ച് ക്യാപ്പ് ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഋതുരാജ് ഗെയ്ക്വാദിന്.
16 മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ചുറിയും നാല് അര്‍ധ സെഞ്ചുറികളുമടക്കം 45.35 ശരാശരിയില്‍ 635 റണ്‍സ് നേടിയാണ് ഋതുരാജ് ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയത്.
കൊല്‍ക്കത്ത നൈറ്റ് റെഡേഴ്സിനെതിരായ ഫൈനലില്‍ 24 റണ്‍സ് നേടിയതോടെ ഋതുരാജ് റണ്‍വേട്ടയില്‍ മുന്നിലുണ്ടായിരുന്ന കെ.എല്‍ രാഹുലിനെ മറികടക്കുകയായിരുന്നു. മത്സരത്തില്‍ 27 പന്തില്‍ നിന്ന് ഒരു സിക്‌സും മൂന്ന് ഫോറുമടക്കം ഋതുരാജ് 32 റണ്‍സെടുത്തു.
ഇതോടെ ഐ.പി.എല്ലില്‍ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് ഋതുരാജിന് സ്വന്തമായി. മുന്‍ കിങ്സ് ഇലവന്‍ പഞ്ചാബ് (ഇപ്പോഴത്തെ പഞ്ചാബ് കിങ്സ്) താരം ഷോണ്‍ മാര്‍ഷിനെയാണ് ഋതുരാജ് മറികടന്നത്. 2008 സീസണില്‍ പഞ്ചാബിനായി 616 റണ്‍സ് സ്‌കോര്‍ ചെയ്യുമ്പോള്‍ 25 വയസായിരുന്നു താരത്തിന്റെ പ്രായം.
അതേസമയം 59 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ഏഴ് ഫോറുമടക്കം 86 റണ്‍സെടുത്ത ഫാഫ് ഡുപ്ലെസി, ഋതുരാജിനെ മറികടക്കുമെന്ന തോന്നലുണ്ടായിരുന്നു. എന്നാല്‍ 633 റണ്‍സിലെത്താനേ ഡുപ്ലെസിക്കായുള്ളൂ. 16 മത്സരങ്ങളില്‍ നിന്ന് ആറ് അര്‍ധ സെഞ്ചുറിയടക്കം 45.21 ശരാശരിയിലാണ് ഡുപ്ലെസിയുടെ നേട്ടം.
13 മത്സരങ്ങളില്‍ നിന്ന് ആറ് അര്‍ധ സെഞ്ചുറിയടക്കം 62.60 ശരാശരിയില്‍ 626 റണ്‍സെടുത്ത പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ കെ.എല്‍ രാഹുല്‍ മൂന്നാം സ്ഥാനത്തായി.
Content Highlights: IPL 2021 Ruturaj Gaikwad becomes the youngest Orange Cap holder