Photo: iplt20.com
ദുബായ്: ഐ.പി.എല്‍ 2020 സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായ ശേഷം പഞ്ചാബ് കിങ്‌സിനെതിരായ അവസാന മത്സരത്തില്‍ സൂപ്പര്‍ കിങ്‌സ് നായകന്‍ എം.എസ് ധോനിയോട് മുന്‍ ന്യൂസീലന്‍ഡ് താരം ഡാനി മോറിസണ്‍ ഒരു ചോദ്യം ചോദിച്ചു - മഞ്ഞയില്‍ ഇത് താങ്കളുടെ അവസാന മത്സരമായിരിക്കുമോ? ധോനിയുടെ മറുപടി ഇങ്ങനെയായിരുന്നു - ഒരിക്കലും അല്ല.
കഴിഞ്ഞ തവണ അവസാനസ്ഥാനക്കാരായി പുറത്തായ ശേഷം ശക്തമായി തിരിച്ചുവരുമെന്നായിരുന്നു ധോനിയുടെ വാക്കുകള്‍. ഇത്തവണ കിരീട നേട്ടത്തോടെ തന്റെ വാക്ക് ധോനി പാലിക്കുകയും ചെയ്തിരിക്കുകയാണ്.
സമ്മാനദാന ചടങ്ങിനിടെ ഇത്തവണയും ധോനിക്ക് മുന്നില്‍ ആ ചോദ്യമുയര്‍ന്നു. അടുത്ത വര്‍ഷവും ഐ.പി.എല്ലിനുണ്ടാകുമോ എന്ന് ധോനിയോട് ഇത്തവണ ചോദിച്ചത് അവതാരകന്‍ ഹര്‍ഷ ഭോഗ്‌ലെയായിരുന്നു. അതിന് ധോനി നല്‍കിയ മറുപടി ഇങ്ങനെ; ''അത് ഞാന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. അത് ബിസിസിഐയെ ആശ്രയിച്ചിരിക്കുന്നു. രണ്ട് പുതിയ ടീമുകള്‍ വരുന്നു. സി.എസ്.കെയ്ക്ക് എന്താണ് നല്ലതെന്ന് ഞങ്ങള്‍ക്ക് തീരുമാനിക്കണം. ഞാന്‍ ആദ്യ മൂന്നിലോ നാലിലോ ഉണ്ടായിരിക്കുക എന്നതല്ല, ഫ്രാഞ്ചൈസി കഷ്ടപ്പെടില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി ശക്തമായ സംഘത്തെ കെട്ടിപ്പടുക്കുക എന്നതാണ്. അടുത്ത ഒരു 10 വര്‍ഷത്തേക്ക് ആര്‍ക്കൊക്കെ സംഭാവന ചെയ്യാന്‍ സാധിക്കുമെന്ന് നോക്കേണ്ടതുണ്ട്.'' - ധോനി പറഞ്ഞു.
ഇതിനു ശേഷം ധോനി വേദിയില്‍ നിന്ന് മടങ്ങാന്‍ തുടങ്ങവെ ധോനിയില്‍ നിന്നും അദ്ദേഹത്തിന്റെ ഭാവിയെ കുറിച്ച് കൃത്യമായ മറുപടി ലഭിക്കാതിരുന്ന ഭോഗ്‌ലെ ഒരു സൂത്രം പ്രയോഗിച്ചു. സി.എസ്.കെയില്‍ ധോനി അവശേഷിപ്പിച്ച് പോകുന്ന പാരമ്പര്യത്തെ കുറിച്ചായി ഭോഗ്‌ലെയുടെ അടുത്ത ചോദ്യം. ഇതിന് താന്‍ ഇനിയും ഒന്നും അവശേഷിപ്പിച്ച് പോകുന്നില്ലെന്ന മറുപടി ധോനിയില്‍ നിന്ന വന്നതോടെ സ്‌റ്റേഡിയത്തില്‍ കാതടപ്പിക്കുന്ന ശബ്ദം മുഴങ്ങി.
വൈകാതെ ധോനിയുടെ വാക്കുകള്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാകുകയും ചെയ്തു.
വെള്ളിയാഴ്ച നടന്ന ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 27 റണ്‍സിന് തകര്‍ത്താണ് ചെന്നൈ സൂപ്പര്‍ കിങ്സ് തങ്ങളുടെ നാലാം ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയത്. സൂപ്പര്‍ കിങ്സിനെതിരേ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
Content Highlights: IPL 2021 MS Dhoni hints at returning for CSK next year