Photo: iplt20.com
2018 ഡിസംബറിലാണ് ഋതുരാജ് ഗെയ്ക്‌വാദ് എന്ന മഹാരാഷ്ട്രക്കാരനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കുന്നത്. പക്ഷേ ആദ്യ മത്സരം കളിക്കാന്‍ താരത്തിന് ഒരു വര്‍ഷത്തിലേറെ കാലം കാത്തിരിക്കേണ്ടി വന്നു. അന്ന് സ്പാര്‍ക്കില്ലെന്ന് പറഞ്ഞ് മാറ്റിനിര്‍ത്തപ്പെട്ട ആ താരമാണ് ഇപ്പോള്‍ സൂപ്പര്‍ കിങ്‌സിന്റെ ഏറ്റവും വലിയ സ്പാര്‍ക്കായി മാറിയിരിക്കുന്നത്.
സൂപ്പര്‍ കിങ്‌സ് പ്ലേ ഓഫ് കാണാതെ പുറത്തായ 2020 സീസണിലാണ് ഋതുരാജിന്റെ സ്പാര്‍ക്ക് സൂപ്പര്‍ കിങ്‌സ് തിരിച്ചറിയുന്നത്. സീസണില്‍ ആറു മത്സരങ്ങളില്‍ നിന്ന് 51 റണ്‍സ് ശരാശരിയില്‍ സ്വന്തമാക്കിയത് 204 റണ്‍സ്. മൂന്ന് അര്‍ധ സെഞ്ചുറികളും താരം സ്വന്തമാക്കി.
എന്നാല്‍ 2021-ലേക്ക് എത്തിയപ്പോഴേക്കും ചെന്നൈ നിരയില്‍ തന്റേതായ ഇടം ഋതുരാജ് കണ്ടെത്തിക്കഴിഞ്ഞിരുന്നു. നിരാശ സമ്മാനിച്ച കഴിഞ്ഞ സീസണില്‍ നിന്ന് ഇത്തവണത്തെ സീസണില്‍ ചെന്നൈ ഉയര്‍ത്തെഴുന്നേറ്റത് ഋതുരാജിന്റെ മികവിലായിരുന്നു.
ഇത്തവണത്തെ സീസണില്‍ ഇതുവരെ 12 മത്സരങ്ങളില്‍ നിന്ന് 50.85 ശരാശരിയില്‍ 508 റണ്‍സാണ് താരം അടിച്ചുകൂട്ടിയിരിക്കുന്നത്. ഒരു സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറിയും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. പിന്നാലെ ഓറഞ്ച് ക്യാപ്പും സ്വന്തം. ഈ സീസണില്‍ ആദ്യമായി 500 റണ്‍സ് പിന്നിട്ട താരവും ഋതുരാജ് തന്നെ.
രാജസ്ഥാനെതിരേ കഴിഞ്ഞ ദിവസം കന്നി ഐപിഎല്‍ സെഞ്ചുറി നേടിയ ഋതുരാജിനെ പുകഴ്ത്തി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ തകര്‍പ്പന്‍ ഇന്നിങ്‌സോടെ ഇന്ത്യന്‍ ക്രിക്കറ്റിലെ പുതുയ താരോദയമായിരിക്കുകയാണ് ഈ മഹാരാഷ്ട്രക്കാരന്‍. 60 പന്തില്‍ നിന്ന് അഞ്ചു സിക്സും ഒമ്പത് ഫോറുമടക്കം 101 റണ്‍സോടെ പുറത്താകാതെ നിന്ന താരം മുസ്തഫിസുര്‍ റഹ്മാന്‍ എറിഞ്ഞ ഇന്നിങ്‌സിലെ അവസാന ഓവറിലെ അവസാന പന്തില്‍ സിക്‌സറടിച്ചാണ് മൂന്നക്കം തികച്ചത്.
കഴിഞ്ഞ സീസണില്‍ പുറത്തെടുത്ത പ്രകടനം ഋതുരാജിന് സമ്മാനിച്ചത് ടീമിലെ സ്ഥിരം ഓപ്പണര്‍ സ്ഥാനമാണ്. ഇത്തവണത്തെ തകര്‍പ്പന്‍ പ്രകടത്തില്‍ ചെന്നൈയെ സഹായിച്ചത് ഋതുരാജ് - ഫാഫ് ഡുപ്ലെസി ഓപ്പണിങ് സഖ്യമാണ്. തുടക്കത്തില്‍ നിരാശപ്പെടുത്തിയെങ്കില്‍ ഋതുരാജിലുള്ള വിശ്വാസം ധോനി കളഞ്ഞില്ല. ക്യാപ്റ്റന്‍ കൂളിന്റെ പിന്തുണ കിട്ടിയതോടെ ഋതുരാജ് കത്തിക്കയറി. ഒടുവിലിതാ കന്നി ഐപിഎല്‍ സെഞ്ചുറിയും. ഇന്ത്യയുടെ നീലക്കുപ്പായത്തിലേക്കുള്ള ഋതുരാജിന്റെ യാത്ര അധികം നീളില്ലെന്ന് കരുതാം.
Content Highlights: cricket fraternity lauds Ruturaj Gaikwad for ipl heroics