ഐപിഎല്‍ കാണാന്‍ വാര്‍ണര്‍ സ്റ്റാന്റില്‍; 'ഹൈദരാബാദിന് നാണമില്ലേ'എന്ന് ആരാധകര്‍


2 min read
Read later
Print
Share

ഇനിയും ഹൈദരാബാദിനെ പിന്തുണയ്ക്കുന്നതില്‍ അര്‍ഥമില്ലെന്നും വീട്ടില്‍ പോയി വിശ്രമിക്കൂ എന്നുമായിരുന്നു ഒരു ആരാധകന്റെ കമന്റ്.

-

ദുബായ്: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ് ഡേവിഡ് വാര്‍ണര്‍. എന്നാല്‍ ഇപ്പോള്‍ വാര്‍ണറുടെ സ്ഥാനം ഗ്രൗണ്ടും ഡഗ് ഔട്ടും കടന്ന് സ്റ്റാന്റിലെത്തിയിരിക്കുന്നു. കഴിഞ്ഞ ദിവസം ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഹൈദരാബാദും തമ്മിലുള്ള മത്സരം വാര്‍ണര്‍ കണ്ടത് സ്റ്റാന്റില്‍ ഇരുന്നാണ്. ഇതിന്റെ ചിത്രം വാര്‍ണര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

ഇതിന് പിന്നാലെ ഹൈദരാബാദ് ടീമിനെതിരേ വിമര്‍ശനവുമായി നിരവധി ആരാധകരാണ് രംഗത്തെത്തിയത്. ഇനിയും ഹൈദരാബാദിനെ പിന്തുണയ്ക്കുന്നതില്‍ അര്‍ഥമില്ലെന്നും വീട്ടില്‍ പോയി വിശ്രമിക്കൂ എന്നുമായിരുന്നു ഒരു ആരാധകന്റെ കമന്റ്. ഹൈദരാബാദ് ടീം വാര്‍ണറെ കൈകാര്യം ചെയ്യുന്ന രീതി മോശമാണെന്നും ക്രിക്കറ്റിനുതന്നെ ഇത് നാണക്കേടാണെന്നും ഒരു ആരാധകന്‍ ട്വീറ്റ് ചെയ്യുന്നു. ഇതിലും മികച്ചൊരു ടീം ഓസീസ് താരം അര്‍ഹിക്കുന്നുണ്ടെന്നും അടുത്ത ഐപിഎല്ലില്‍ അതിന് കഴിയുമെന്നും ആയിരുന്നു മറ്റൊരു ആരാധകന്റെ പ്രതികരണം.

യു.എ.ഇയില്‍ നടക്കുന്ന ഐപിഎല്‍ രണ്ടാം ഘട്ടത്തില്‍ വാര്‍ണര്‍ മോശം ഫോമിലായിരുന്നു. ആദ്യ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായ ഓസ്ട്രേലിയന്‍ താരത്തിന് രണ്ടാം ഇന്നിങ്സില്‍ നേടാനായത് രണ്ടു റണ്‍സ് മാത്രമാണ്. അതിനുശേഷം വാര്‍ണര്‍ ടീമില്‍ നിന്ന് പുറത്തായി. പകരം ജേസണ്‍ റോയിയെ ഉള്‍പ്പെടുത്തി.

രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ വാര്‍ണര്‍ സ്റ്റേഡിയത്തില്‍ പോലും എത്തിയിരുന്നില്ല. ഇതു ആരാധകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ 'നിര്‍ഭാഗ്യവശാല്‍ ഇനി ഉണ്ടാകില്ല' എന്ന മറുപടിയാണ് വാര്‍ണര്‍ നല്‍കിയത്. ഇതോടെ താരം ഐപിഎല്‍ വിടുകയാണെന്ന ചര്‍ച്ച ചൂടുപിടിച്ചിരുന്നു.

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് അക്കൗണ്ടിലുള്ള അഞ്ചാമത്തെ ബാറ്ററാണ് വാര്‍ണര്‍. 150 മത്സരങ്ങളില്‍ നിന്ന് നാല് സെഞ്ചുറിയും 50 അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടെ 5449 റണ്‍സ് നേടി. തുടര്‍ച്ചയായ ഏഴ് സീസണുകളില്‍ ഓരോ സീസണിലും 500 റണ്‍സില്‍ കൂടുതല്‍ സ്‌കോര്‍ ചെയ്തു. എന്നാല്‍ ഈ സീസണില്‍ താരം നേടിയത് എട്ടു മത്സരങ്ങളില്‍ നിന്ന് 195 റണ്‍സ് മാത്രമാണ്.

Content Highlights: Twitterati slam SRH management as David Warner cheers from stands

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram