ക്രിസ്റ്റ്യനും ഭാര്യയും
ഷാര്‍ജ: ഐ.പി.എല്‍ എലിമിനേറ്ററില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് തോറ്റ് പുറത്തായതോടെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ആരാധകര്‍ വലിയ നിരാശയിലാണ്. ബാംഗ്ലൂരിന്റെ ഓള്‍റൗണ്ടര്‍ ഡാന്‍ ക്രിസ്റ്റ്യൻ 12-ാം ഓവറില്‍ വഴങ്ങിയ മൂന്ന് സിക്‌സുകളാണ് കളിയുടെ ഗതി മാറ്റിയത്.
മത്സരം തോറ്റതോടെ ബാംഗ്ലൂര്‍ ആരാധകരില്‍ ചിലര്‍ ഡാന്‍ ക്രിസ്റ്റ്യനെതിരേ രംഗത്തെത്തി. ക്രിസ്റ്റ്യനുപുറമേ അദ്ദേഹത്തിന്റെ ഗര്‍ഭിണിയായ ഭാര്യ ജോര്‍ജിയ ഡണ്ണിനെയും ആരാധകര്‍ വളരെ മോശമായി ചിത്രീകരിച്ചു. സൈബര്‍ ആക്രമണം അതിനുവിട്ടതോടെ ഡാന്‍ ക്രിസ്റ്റ്യനും മറ്റൊരു ബാംഗ്ലൂര്‍ താരമായ ഗ്ലെന്‍ മാക്‌സ്‌വെല്ലും രംഗത്തെത്തി.
'ഇന്നത്തെ മത്സരത്തില്‍ എന്റെ പ്രകടനം മോശമായിരുന്നു. പക്ഷേ അതിന് എന്റെ ഭാര്യയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ക്ക് താഴെ മോശമായി കമന്റുകള്‍ വരുന്നു. ഇത് ഒരു മത്സരമല്ലേ. ദയവുചെയ്ത് അവളെ ഇതില്‍ നിന്നെല്ലാം ഒഴിവാക്കൂ'-ക്രിസ്റ്റിയന്‍ കുറിച്ചു.
ക്രിസ്റ്റ്യന് പിന്നാലെ മാക്‌സ്‌വെല്ലും രംഗത്തെത്തി.' ബാംഗ്ലൂരിനെ സംബന്ധിച്ചിടത്തോളം മികച്ച സീസണായിരുന്നു ഇത്. പക്ഷേ ദൗര്‍ഭാഗ്യവശാല്‍ ഫൈനലിലെത്താതെ പുറത്തായി. അതുകൊണ്ടുമാത്രം ടീമിന്റെ മികച്ച പ്രകടനം ഇല്ലാതാകുമോ? സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍ നിരാശപ്പെടുത്തുന്നതാണ്. എല്ലാ ദിവസവും മികച്ച പ്രകടനം പുറത്തെടുക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. മോശം കമന്റുകള്‍ നടത്തുന്നതിനു പകരം നല്ല മനുഷ്യരായി ജീവിക്കാന്‍ പഠിക്കൂ' -മാക്‌സ്‌വെല്‍ പറഞ്ഞു.
ഒരു ഘട്ടത്തില്‍ വിജയത്തിലേക്ക് നീങ്ങുകയായിരുന്ന ബാംഗ്ലൂര്‍ ഡാന്‍ ക്രിസ്റ്റ്യന്‍ എറിഞ്ഞ ഓവറിനുശേഷമാണ് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയത്. ക്രിസ്റ്റ്യന്റെ തുടര്‍ച്ചയായ മൂന്ന് പന്തുകളില്‍ സിക്‌സ് നേടിക്കൊണ്ട് സുനില്‍ നരെയ്‌നാണ് ബാംഗ്ലൂരില്‍ നിന്ന് വിജയം തട്ടിയെടുത്തത്.
Content Highlights: Toxic Kohli Fans Trolled Dan Christian's Pregnant Partner After Losing IPL Eliminator