Photo: PTI
ന്യൂഡല്‍ഹി: 2021 ഐ.പി.എല്‍ കിരീടം ചെന്നൈ സൂപ്പര്‍ കിങ്‌സിന് നേടിക്കൊടുത്തതോടെ നായകനും മുന്‍ ഇന്ത്യന്‍ താരവുമായ മഹേന്ദ്ര സിങ് ധോനിയെ ആരാധകര്‍ വാനോളം പുകഴ്ത്തുകയാണ്. ബാറ്റുകൊണ്ട് വേണ്ടത്ര തിളങ്ങാനായില്ലെങ്കിലും ക്യാപ്റ്റന്‍സിയില്‍ ഇപ്പോഴും ധോനിയെ വെല്ലാന്‍ ആരുമില്ലെന്ന് ആരാധകര്‍ അവകാശപ്പെടുന്നു.
2021 ഐ.പി.എല്ലിലൂടെ താരം വിരമിക്കുമെന്ന് ചിലര്‍ കരുതിയെങ്കിലും അടുത്ത സീസണില്‍ കളിക്കുമെന്ന് ധോനി തന്നെ പറഞ്ഞു. അടുത്ത സീസണില്‍ പുതിയ രണ്ട് ടീമുകള്‍ കൂടി വരുന്നതോടെ നാല് താരങ്ങളെ മാത്രമേ ഒരു ടീമിന് നിലനിര്‍ത്താനാകൂ. മെഗാ ലേലത്തിനാണ് 2022 ഐ.പി.എല്‍ വേദിയാകുക.
നിലവിലെ ഫോം വെച്ച് ധോനിയെ ചെന്നൈ നിലനിര്‍ത്തുമോ എന്ന കാര്യം സംശയമായിരുന്നു. എന്നാല്‍ ഇതില്‍ വ്യക്തതയുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ് തന്നെ രംഗത്തെത്തി. അടുത്ത സീസണില്‍ ചെന്നൈ ആദ്യം നിലനിര്‍ത്തുന്ന താരം ധോനി ആയിരിക്കുമെന്ന് ടീം മാനേജ്‌മെന്റ് വ്യക്തമാക്കി. ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
' അടുത്ത സീസണില്‍ ചെന്നൈ ആദ്യം നിലനിര്‍ത്തുക ധോനിയെയായിരിക്കും. ചെന്നൈ ടീമിനെ വിജയത്തിലേക്ക് നയിച്ചതില്‍ പ്രധാനി ധോനിയാണ്. അദ്ദേഹമില്ലാതെ ചെന്നൈ ടീം പൂര്‍ണമാകില്ല. അടുത്ത വര്‍ഷവും ധോനി നായകനായി ചെന്നൈയില്‍ തുടരും'-അധികൃതര്‍ വ്യക്തമാക്കി.
ഇത്തവണ ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തകര്‍ത്താണ് ചെന്നൈ കിരീടത്തില്‍ മുത്തമിട്ടത്. ചെന്നൈ നേടുന്ന നാലാം കിരീടമാണിത്. ഈ നാലുകിരീടവും ടീമിന് നേടിക്കൊടുത്തത് ധോനിയാണ്.
Content Highlights: The first retention card at the auction will be used for MS Dhoni