Photo By SAEED KHAN| AFP
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വിഭവങ്ങള്‍ ഇല്ലാതാകുമെങ്കില്‍ ട്വന്റി 20 ലോകകപ്പിന്റെ വേദി ഇന്ത്യയില്‍ നിന്ന് മാറ്റണമെന്ന് ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സ്. ദ ഏജ് പത്രത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു കമ്മിന്‍സിന്റെ വാക്കുകള്‍.
ബയോ ബബിളിനുള്ളില്‍ കൂടുതല്‍ താരങ്ങള്‍ക്ക് കോവിഡ് ബാധിച്ചതോടെ ഐ.പി.എല്ലിന്റെ 14-ാം പതിപ്പ് ബി.സി.സി.ഐ താത്കാലികമായി റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കമ്മിന്‍സിന്റെ പ്രതികരണം.
''ഇത് (ലോകകപ്പ് നടത്തുന്നത്) കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വിഭവങ്ങള്‍ ഇല്ലാതാകുമെങ്കില്‍, അല്ലെങ്കില്‍ ഒട്ടും സുരക്ഷിതമല്ലെങ്കില്‍ ഇവിടെ (ഇന്ത്യയില്‍) കളിക്കുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. ആ ചോദ്യത്തിനാണ് ആദ്യം ഉത്തരം കിട്ടേണ്ടത്. ഇത് പറയുന്നത് വളരെ നേരത്തെയാണ്. ലോകകപ്പ് ആറുമാസം ദൂരെയാണ്. ക്രിക്കറ്റ് അധികൃതര്‍ ഇന്ത്യന്‍ സര്‍ക്കാരുമായി പ്രവര്‍ത്തിച്ച് ഇന്ത്യയിലെ ജനങ്ങള്‍ക്ക് നല്ലത് എന്താണോ അത് ചെയ്യുകയാണ് വേണ്ടത്.'' - കമ്മിന്‍സ് വ്യക്തമാക്കി.
അതേസമയം ഐ.പി.എല്‍ നടത്താനെടുത്തത് ശരിയായ തീരുമാനമായിരുന്നുവെന്നും കമ്മിന്‍സ് വ്യക്തമാക്കി. ലോക്ക്ഡൗണില്‍ വീടുകളില്‍ തന്നെ കഴിയേണ്ടി വന്ന ആളുകള്‍ക്ക് ഐ.പി.എല്‍ ആശ്വാസമായിരുന്നു. നാല് മണിക്കൂറുകളോളം ആളുകള്‍ ഐ.പി.എല്‍ കാണുന്നതിനായി എല്ലാ ദിവസവും രാത്രി വീടുകളില്‍ ഇരുന്നുവെന്നും കമ്മിന്‍സ് ചൂണ്ടിക്കാട്ടി.
Content Highlights: T20 World Cup in India not right if it is going to be drain on resources says Pat Cummins