ഡേവിഡ് വാർണറും കെയ്ൻ വില്ല്യംസണും | Photo: twitter|ipl
ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം ഡേവിഡ് വാര്‍ണറെ മോശം പ്രകടനത്തെ തുടര്‍ന്ന് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തിരുന്നു. 2015 മുതല്‍ ക്യാപ്റ്റനായിരുന്ന വാര്‍ണറെ പ്ലെയിങ് ഇലവനിലും ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിനു പിന്നാലെ വാര്‍ണറെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ക്യാപ്റ്റന്‍ സുനില്‍ ഗാവസ്‌കര്‍.
ക്യാപ്റ്റനെ മാറ്റിയതിനൊപ്പം അവര്‍ പരിശീലകനേയും മാറ്റേണ്ടിയിരുന്നില്ലേ എന്ന് ഗാവസ്‌കര്‍ ചോദിക്കുന്നു. പ്ലെയിങ് ഇലവനില്‍ നിന്ന് വാര്‍ണറെ ഒഴിവാക്കിയ തീരുമാനത്തില്‍ ഹൈദരാബാദ് ടീം പുനര്‍വിചിന്തനം നടത്തണം. ടീമിലെ മറ്റുതാരങ്ങള്‍ നിറം മങ്ങിയപ്പോള്‍ വാര്‍ണര്‍ നേടിയ റണ്‍സ് വിലമതിക്കാനാകാത്തതാണ്. ഗാവസ്‌കര്‍ വ്യക്തമാക്കുന്നു.
വാര്‍ണറെ പ്ലെയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കിയത് അവിശ്വസനീയമാണ്. ക്യാപ്റ്റന്‍സിയുടെ ഭാരമില്ലാതെ ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ വാര്‍ണര്‍ക്ക് കഴിയുമായിരുന്നു. ടീമിന്റെ തുടര്‍തോല്‍വികളില്‍ ഉത്തരവാദിയാണെന്ന് പറഞ്ഞ് ക്യാപ്റ്റനെ മാറ്റുന്നതിനൊപ്പം കോച്ചിങ് സ്റ്റാഫിലുള്ളവരേയും മാറ്റേണ്ടേ?.
എന്തുകൊണ്ട് ക്രിക്കറ്റിന് ഫുട്‌ബോളിന്റെ വഴി പിന്തുടര്‍ന്നൂകൂടാ?. ഫുട്‌ബോളില്‍ ടീമിന്റെ പ്രകടനം മോശമായാല്‍ പരിശീലകര്‍ക്കാണ് പുറത്തേക്കുള്ള വഴി തുറക്കുക. ഐപിഎല്‍ പാതിവഴിയില്‍ നിര്‍ത്തുമ്പോള്‍ ഏറ്റവും ആശ്വാസം ഹൈദരാബാദിന് തന്നെയാകും. നിറംമങ്ങിയ തുടക്കമാണ് അവര്‍ക്ക് ലഭിച്ചത്. തെറ്റിപ്പോയ തീരുമാനങ്ങളെ കുറിച്ച് പുനര്‍വിചിന്തനം നടത്താനുള്ള അവസരമാണിത്.-ഗാവസ്‌കര്‍ പറയുന്നു.
Content Highlights: Sunil Gavaskar surprised by SRHs treatment of David Warner