Photo: AFP
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ എക്കാലത്തെയും മികച്ച പരിശീലകനാര് എന്ന ചോദ്യത്തിന് ഇനിമുതല്‍ ഒരുത്തരമേയുള്ളൂ. സ്റ്റീഫന്‍ ഫ്‌ളെമിങ്. ന്യൂസീലന്‍ഡിന്റെ മുന്‍ നായകനായ ഫ്‌ളെമിങ്ങിന്റെ തന്ത്രങ്ങളുടെ മികവിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇത്തവണ കിരീടം സ്വന്തമാക്കിയത്.
ഇതോടെ ഐ.പി.എല്ലില്‍ ഏറ്റവുമധികം കിരീടം സ്വന്തമാക്കുന്ന പരിശീലകന്‍ എന്ന റെക്കോഡ് ഫ്‌ളെമിങ് സ്വന്തമാക്കി. താരത്തിന്റെ കീഴില്‍ നാലുതവണയാണ് ചെന്നൈ കിരീടത്തില്‍ മുത്തമിട്ടത്. മുംബൈ ഇന്ത്യന്‍സിന്റെ പരിശീലകനും മുന്‍ ശ്രീലങ്കന്‍ ബാറ്ററുമായ മഹേല ജയവര്‍ധനെയെ മറികടന്നാണ് ഫ്‌ളെമിങ് ഈ അപൂര്‍വ നേട്ടം സ്വന്തമാക്കിയത്.
മുംബൈ അഞ്ചുതവണ ഐ.പി.എല്‍ കിരീടം നേടിയെങ്കിലും ജയവര്‍ധനെ മൂന്നുതവണയാണ് ടീമിനെ നയിച്ചത്. 2009-ലാണ് ഫ്‌ളെമിങ് ചെന്നൈയുടെ പരിശീലകനായി സ്ഥാനമേറ്റത്. 2010, 2011, 2018, 2021 വര്‍ഷങ്ങളില്‍ ഫ്‌ളെമിങ്ങിന്റെ കീഴില്‍ ചെന്നൈ കിരീടത്തില്‍ മുത്തമിട്ടു. ഒന്‍പത് തവണ ഫൈനലില്‍ പ്രവേശിക്കുകയും ചെയ്തു.
ജയവര്‍ധനെ 2017, 2019, 2020 വര്‍ഷങ്ങളിലാണ് മുംബൈ ഇന്ത്യന്‍സിനെ കിരീടത്തിലേക്ക് നയിച്ചത്. ഇത്തവണത്തെ ഐ.പി.എല്‍ ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കീഴടക്കിയാണ് ചെന്നൈ വിജയം സ്വന്തമാക്കിയത്.
Content Highlights: Stephen Fleming became the most successful IPL coach after CSK win 4th title