Photo: ANI
ദുബായ്: അടുത്ത ഐ.പി.എല്‍ സീസണില്‍ എ ബി ഡിവില്ലിയേഴ്‌സിനെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിലെടുത്തേക്കില്ലെന്ന് ഗൗതം ഗംഭീര്‍.
ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ നിലനിര്‍ത്താന്‍ ആര്‍സിബി തീരുമാനിച്ചാല്‍ ഡിവില്ലിയേഴ്‌സിനെ തിരിച്ച് ടീമിലെടുത്തേക്കില്ലെന്ന് താരം വ്യക്തമാക്കി.
അടുത്ത സീസണ് മുമ്പ് മെഗാ താരലേലം നടക്കുന്നതിനാല്‍ എല്ലാം ടീമിലും വലിയ മാറ്റങ്ങള്‍ ഉണ്ടാകും. പുതിയ രണ്ട് ടീമുകള്‍ കൂടി അടുത്ത സീസണില്‍ ഉണ്ടാകുകയും ചെയ്യും. മെഗാ ലേലമായതിനാല്‍ തന്നെ നിലവിലുള്ള ടീമുകള്‍ക്ക് പരമാവധി നാലു താരങ്ങളെ മാത്രമേ ടീമില്‍ നിലനിര്‍ത്താന്‍ സാധിക്കൂ.
''ആര്‍സിബി ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ നിലനിര്‍ത്തുമെന്നാണ് ഞാന്‍ കരുതുന്നത്, ഡിവില്ലിയേഴ്‌സിനെ ആയിരിക്കില്ല. കാരണം അവരുടെ ഭാവി താരം മാക്‌സ്‌വെല്ലാണ്.'' - ഗംഭീര്‍ പറഞ്ഞു. വിരാട് കോലി, ഗ്ലെന്‍ മാക്‌സ്‌വെല്‍, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവരെയാകും ആര്‍സിബി അടുത്ത സീസണില്‍ ടീമില്‍ നിലനിര്‍ത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ സീസണില്‍ ആര്‍സിബിക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് (513) സ്‌കോര്‍ ചെയ്ത താരം മാക്‌സ്‌വെല്ലാണ്. 313 റണ്‍സ് നേടിയ ഡിവില്ലിയേഴ്‌സിന് ഇത്തവണ ടീമിനായി കാര്യമായ പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല.
2011-ലാണ് ഡിവില്ലിയേഴ്‌സ് ആര്‍സിബിയുടെ ഭാഗമാകുന്നത്. പിന്നീട് ടീമിന്റെ അവിഭാജ്യ ഘടകമായി മാറുകയായിരുന്നു താരം.
Content Highlights: RCB may choose not to retain AB de Villiers next season