Photo: AFP
ദുബായ്: വിരാട് കോലി ഇന്ത്യന്‍ ട്വന്റി 20 ടീമിന്റെയും ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെയും ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നുവെന്ന വാര്‍ത്ത അടുത്തിടെ വലിയ ചര്‍ച്ചയായ ഒന്നായിരുന്നു.
മൂന്ന് ഫോര്‍മാറ്റിലെയും ഐ.പി.എല്ലിലെയും ജോലിഭാരം കണക്കിലെടുത്തായിരുന്നു താരത്തിന്റെ തീരുമാനം.
ഇത്തവണത്തെ ഐ.പി.എല്‍ സീസണ് ശേഷം താന്‍ ആര്‍.സി.ബിയുടെ ക്യാപ്റ്റനായി തുടരില്ല എന്നായിരുന്നു കോലിയുടെ വാക്കുകള്‍.
എന്നാലിപ്പോഴിതാ ഇക്കാര്യം താന്‍ 2019-ല്‍ തന്നെ തീരുമാനിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കോലി. 2019-ല്‍ സഹതാരം എ ബി ഡിവില്ലിയേഴ്‌സുമായി ക്യാപ്റ്റന്‍സി ഒഴിയുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നതായി കോലി പറഞ്ഞു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ പ്രതികരണത്തിലായിരുന്നു കോലി ഇക്കാര്യം പറഞ്ഞത്.
''ഈ തീരുമാനത്തെ കുറിച്ച് ഇപ്പോഴല്ല, 2019-ല്‍ തന്നെ എ ബിയുമായി സംസാരിച്ചിരുന്നു. ഐ.പി.എല്ലില്‍ ഞാന്‍ എപ്പോഴും ഒരു സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്ന ഒരു സ്ഥലത്തായിരുന്നു. ഞങ്ങള്‍ ഇക്കാര്യം ചര്‍ച്ച ചെയ്തു. പിന്നീട് ഒരു വര്‍ഷം കൂടി തുടരാമെന്ന് കരുതുകയായിരുന്നു. മാനേജ്‌മെന്റ് പുനഃസംഘടിപ്പിക്കുന്നതിനായിരുന്നു ഇത്. 2020-ഓടെ കാര്യങ്ങള്‍ മെച്ചപ്പെട്ടു.'' - കോലി പറഞ്ഞു.
Content Highlights: quitting RCB captaincy Virat Kohli Discussed it with AB de Villiers in 2019