Photo: twitter.com|IPL
അബുദാബി: ട്വന്റി 20 ക്രിക്കറ്റില്‍ ചരിത്രനേട്ടത്തിനുടമയായി ഇന്ത്യന്‍ സ്പിന്നര്‍ പീയുഷ് ചൗള. ട്വന്റി 20 യില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ ഇന്ത്യന്‍ താരം എന്ന റെക്കോഡാണ് ചൗള സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിച്ചപ്പോഴാണ് ചൗള ഈ നേട്ടം സ്വന്തമാക്കിയത്. ആഭ്യന്തര, അന്താരാഷ്ട്ര മത്സരങ്ങള്‍ ഉള്‍പ്പെടെയാണിത്. മത്സരത്തില്‍ മുഹമ്മദ് നബിയുടെ വിക്കറ്റെടുത്തതോടെ ചൗള അമിത് മിശ്രയെ മറികടന്ന് റെക്കോഡ് സ്വന്തമാക്കി.
നിലവില്‍ 249 മത്സരങ്ങളില്‍ നിന്ന് 263 വിക്കറ്റുകളാണ് ചൗളയുടെ അക്കൗണ്ടിലുള്ളത്. രണ്ടാം സ്ഥാനത്തുള്ള മിശ്ര 236 മത്സരങ്ങളില്‍ നിന്ന് 262 വിക്കറ്റുകള്‍ വീഴ്ത്തി. ചൗളയും മിശ്രയും ഐ.പി.എല്ലിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലുണ്ട്.
ഐ.പി.എല്ലില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ ഇന്ത്യന്‍ താരം എന്ന റെക്കോഡ് അമിത് മിശ്രയുടെ പേരിലാണ്. 154 മത്സരങ്ങളില്‍ നിന്ന് 166 വിക്കറ്റുകളാണ് താരം നേടിയിരിക്കുന്നത്. രണ്ടാമതുള്ള ചൗള 165 മത്സരങ്ങളില്‍ നിന്ന് 157 വിക്കറ്റുകള്‍ എടുത്തിട്ടുണ്ട്.
Content Highlights: Piyush Chawla becomes India's highest wicket-taker in T20s