എംഎസ് ധോനി | Photo: ANI
ദുബായ്: ഐപിഎല്ലില്‍ ഇത്തവണ കിരീടം അര്‍ഹിച്ചിരുന്നത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആയിരുന്നെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എം.എസ്. ധോനി. ചെന്നൈ ഐപിഎല്‍ കിരീടം നേടിയതിന് പിന്നാലെ സംസാരിക്കുകയായിരുന്നു ധോനി. ആവേശകരമായ ഫൈനലില്‍ കൊല്‍ക്കത്തയെ 27 റണ്‍സിന് തോല്‍പ്പിച്ചാണ് ചെന്നൈ കിരീടം നേടിയത്.
'ചെന്നൈ സൂപ്പര്‍ കിങ്‌സിനെ കുറിച്ച് സംസാരിക്കുന്നതിന് മുമ്പ് ഞാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കുറിച്ച് സംസാരിക്കേണ്ടതുണ്ട്. ഈ സീസണില്‍ അവര്‍ ചെയ്തതുപോലെ മോശം അവസ്ഥയില്‍ നിന്ന് തിരിച്ചുവരാനും ഫൈനലില്‍ കടക്കാനും ബുദ്ധിമുട്ടാണ്. ഈ സീസണില്‍ കിരീടമര്‍ഹിക്കുന്ന ടീമുണ്ടെങ്കില്‍ അത് കൊല്‍ക്കത്തയാണ്. അവരുടെ മികച്ച പ്രകടനത്തിന് കൈയടി പരിശീലകര്‍ക്കും ടീമിനും പരിശീലക സംഘത്തിലെ മറ്റ് അംഗങ്ങള്‍ക്കുമുള്ളതാണ്. ഐപിഎല്ലിനിടെ വന്ന ഇടവേള കൊല്‍ക്കത്തയെ ശരിക്കും സഹായിച്ചു', ധോനി പറയുന്നു.
ഐപിഎല്‍ 14-ാം സീസണിന്റെ ആദ്യ പാദത്തില്‍ തീര്‍ത്തും മോശം പ്രകടനവുമായി പിന്നിലായിരുന്ന കൊല്‍ക്കത്ത, യു.എ.ഇയില്‍ നടന്ന രണ്ടാം പാദത്തില്‍ ശക്തമായി തിരിച്ചുവരികയായിരുന്നു. ഇന്ത്യ വേദിയായ ആദ്യ പാദത്തില്‍ ഏഴില്‍ രണ്ട് മത്സരങ്ങള്‍ മാത്രം വിജയിച്ച് പട്ടികയില്‍ ഏഴാം സ്ഥാനത്തായിരുന്നു കൊല്‍ക്കത്ത. പിന്നീട് യു.എ.ഇയില്‍ നടന്ന ഒമ്പതു മത്സരങ്ങളില്‍ ഏഴും ജയിച്ചാണ് അവര്‍ ഫൈനലിലെത്തിയത്.
Content Highlights: MS Dhonis remarks on Kolkata Knight Riders wins hearts IPL 2021