Photo: twitter.com|IPL
അബുദാബി: ഐ.പി.എല്ലില്‍ പുതിയ റെക്കോഡ് സ്വന്തമാക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഓള്‍റൗണ്ടര്‍ മുഹമ്മദ് നബി. ഐ.പി.എല്ലിലെ ഒരു മത്സരത്തില്‍ ഏറ്റവുമധികം ക്യാച്ചെടുത്ത ഫീല്‍ഡര്‍ എന്ന റെക്കോഡാണ് നബി സ്വന്തമാക്കിയത്.
മുംബൈ ഇന്ത്യന്‍സിനെതിരായ അവസാന ലീഗ് മത്സരത്തിനിടെയാണ് നബി ഈ നേട്ടം സ്വന്തമാക്കിയത്. കെയ്ന്‍ വില്യംസണ് പകരം ടീമിലിടം നേടിയ നബി ഇന്നലെ പന്തുകൊണ്ടും ബാറ്റുകൊണ്ടും പരാജയപ്പെട്ടെങ്കിലും ഫീല്‍ഡിങ്ങില്‍ ഉജ്ജ്വല പ്രകടനം പുറത്തെടുത്തു.
രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ജെയിംസ് നീഷാം, ക്രുനാല്‍ പാണ്ഡ്യ, നഥാന്‍ കോള്‍ട്ടര്‍ നൈല്‍ എന്നിവരെയാണ് നബി ക്യാച്ചെടുത്ത് പുറത്താക്കിയത്.
ഐ.പി.എല്ലിന്റെ 14 വര്‍ഷം നീണ്ട ചരിത്രത്തില്‍ ഒരു ഫീല്‍ഡറും ഒരു മത്സരത്തില്‍ ഇത്രയുമധികം ക്യാച്ചെടുത്തിട്ടില്ല. വിക്കറ്റ് കീപ്പര്‍മാരെക്കൂടി ഉള്‍പ്പെടുത്തുമ്പോള്‍ ഇതുവരെ ഒരു താരം മാത്രമാണ് ഒരു മത്സരത്തില്‍ അഞ്ച് ക്യാച്ചെടുത്തിട്ടുള്ളത്. വിക്കറ്റ് കീപ്പറായ കുമാര്‍ സങ്കക്കാരയാണ് ഈ നേട്ടം ആദ്യമായി സ്വന്തമാക്കിയത്. 2011-ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിന് വേണ്ടി കളിക്കുമ്പോഴാണ് സങ്കക്കാര അഞ്ചുപേരെ ക്യാച്ചെടുത്ത് പുറത്താക്കിയത്.
Content Highlights: Mohammad Nabi becomes first fielder in IPL history to take five catches in an innings against Mumbai Indians