Photo: ANI
ദുബായ്: ഐ.പി.എല്‍ 14-ാം സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരത്തിനുള്ള പര്‍പ്പിള്‍ ക്യാപ്പ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം ഹര്‍ഷല്‍ പട്ടേലിന്.
സീസണില്‍ 15 മത്സരങ്ങളില്‍ നിന്നായി 32 വിക്കറ്റുകള്‍ വീഴ്ത്തിയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരമെന്ന റെക്കോഡ് ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം ഡ്വെയ്ന്‍ ബ്രാവോയുമായി പങ്കുവെയ്ക്കാനും ഹര്‍ഷലിനായി. 2013-ല്‍ ബ്രാവോ 32 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു.
2012-ല്‍ ഐപിഎല്ലില്‍ അരങ്ങേറിയ ഹര്‍ഷലിന് നീണ്ട ഒമ്പത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് കളിയില്‍ വലിയ സ്വാധീനം ചെലുത്താനാകുന്നത്.
ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി തന്നിലര്‍പ്പിച്ച വിശ്വാസം കാക്കാനും ഹര്‍ഷലിനായി. ഹര്‍ഷലിന്റെ 32 വിക്കറ്റുകളില്‍ 15-ഉം യു.എ.ഇയില്‍ നടന്ന രണ്ടാം പാദത്തിലായിരുന്നു. ഈ സീസണില്‍ ഹാട്രിക്ക് നേടിയ ഏക താരവും ഹര്‍ഷല്‍ തന്നെ. ദുബായില്‍ മുംബൈ ഇന്ത്യന്‍സിനെതിരെയായിരുന്നു താരത്തിന്റെ ഹാട്രിക്ക് നേട്ടം.
ഒരു ഐ.പി.എല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന ഇന്ത്യന്‍ ബൗളറെന്ന നേട്ടം നേരത്തെ തന്നെ ഹര്‍ഷല്‍ സ്വന്തമാക്കിയിരുന്നു. മുംബൈ ഇന്ത്യന്‍സിന്റെ ഇന്ത്യന്‍ താരം ജസ്പ്രീത് ബുംറയുടെ റെക്കോഡാണ് ഹര്‍ഷല്‍ മറികടന്നത്. കഴിഞ്ഞ സീസണില്‍ മുംബൈക്കായി 27 വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയിരുന്നത്.
24 വിക്കറ്റുകളുമായി ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ആവേശ് ഖാനാണ് വിക്കറ്റ് വേട്ടയില്‍ രണ്ടാം സ്ഥാനത്ത്.
Content Highlights: IPL 2021 RCB pacer Harshal Patel won Purple Cap