Photo: iplt20.com
ദുബായ്: ഐ.പി.എല്ലിലെ തങ്ങളുടെ ആധിപത്യം ഇത്തവണയും ചെന്നൈ സൂപ്പര്‍ കിങ്സ് തുടര്‍ന്നു. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഒമ്പതാം ഫൈനല്‍ കളിച്ച സൂപ്പര്‍ കിങ്‌സ് തങ്ങളുടെ നാലാം കിരീടവുമായാണ് മടങ്ങുന്നത്.
വെള്ളിയാഴ്ച നടന്ന ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 27 റണ്‍സിന് തകര്‍ത്തായിരുന്നു ചെന്നൈയുടെ കിരീട നേട്ടം.
ഇതോടെ ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ കിരീടമുയര്‍ത്തുന്ന ഏറ്റവും പ്രായം കൂടിയ ക്യാപ്റ്റനെന്ന നേട്ടവും ചെന്നൈ നായകന്‍ എം.എസ് ധോനി സ്വന്തമാക്കി. 40-ാം വയസിലാണ് ധോനിയുടെ ഈ കിരീട നേട്ടം.
2008-ല്‍ തന്റെ 39-ാം വയസില്‍ രാജസ്ഥാന്‍ റോയല്‍സിനെ കിരീടത്തിലേക്ക് നയിച്ച ഓസ്‌ട്രേലിയയുടെ ഇതിഹാസ സ്പിന്നര്‍ ഷെയ്ന്‍ വോണിന്റെ റെക്കോഡാണ് ധോനി മറികടന്നത്. 2008-ല്‍ ധോനിയുടെ സൂപ്പര്‍ കിങ്‌സിനെ മറികടന്നായിരുന്നു വോണിന്റെ രാജസ്ഥാന്റെ കിരീട നേട്ടം.
മാത്രമല്ല ഐപിഎല്ലില്‍ മൂന്നിലേറെ കിരീടങ്ങള്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ ക്യാപ്റ്റനെന്ന നേട്ടവും ധോനി സ്വന്തമാക്കി.
2010-ല്‍ തന്റെ 29-ാം വയസിലാണ് ധോനി ആദ്യമായി ചെന്നൈക്കൊപ്പം കിരീടം നേടുന്നത്. തൊട്ടടുത്ത വര്‍ഷവും ധോനി കിരീടത്തില്‍ മുത്തമിട്ടു. 2018-ല്‍ തന്റെ 38-ാം വയസിലാണ് ധോനി ചെന്നൈക്കൊപ്പം മൂന്നാം കിരീടം നേടിയത്.
Content Highlights: ipl 2021 ms dhoni oldest captain to win ipl trophy sports news