Photo: iplt20.com
അഹമ്മദാബാദ്: സ്‌ക്വാഡിലെ രണ്ട് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മറ്റ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും കടുത്ത ക്വാറന്റീന്‍ നിയന്ത്രണങ്ങള്‍.
നിലവില്‍ അഹമ്മദാബാദിലെ ഹോട്ടലിലാണ് കൊല്‍ക്കത്ത ടീം ഉള്ളത്. തിങ്കളാഴ്ച രാവിലെയാണ് കൊല്‍ക്കത്ത താരങ്ങളായ വരുണ്‍ ചക്രവര്‍ത്തിക്കും മലയാളി താരം സന്ദീപ് വാര്യര്‍ക്കും കോവിഡ് സ്ഥീരീകരിച്ചത്. ഇതോടെ തിങ്കളാഴ്ച കൊല്‍ക്കത്തയും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മില്‍ നടക്കേണ്ടിയിരുന്ന മത്സരവും മാറ്റിവെച്ചിട്ടുണ്ട്. ഈ മത്സരം മേയ് എട്ടിന് നടന്നേക്കും.
രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ രണ്ട് താരങ്ങളെയും ഐസൊലേഷനിലാക്കിയതായി ബി.സി.സി.ഐ അറിയിച്ചു. ഇരുവരുടെയും ആരോഗ്യ കാര്യത്തില്‍ മെഡിക്കല്‍ ടീമിന്റെ നിരീക്ഷണമുണ്ടാകും.
ഇതോടെ ദിവസവും കൊല്‍ക്കത്ത താരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും കോവിഡ് പരിശോധനകള്‍ നടത്തും.
കൂടുതല്‍ താരങ്ങള്‍ പോസിറ്റീവായില്ലെങ്കില്‍ അഞ്ചു ദിവസത്തെ ഹാര്‍ഡ് ക്വാറന്റീന് ശേഷം കൊല്‍ക്കത്ത താരങ്ങള്‍ക്ക് കളത്തിലിറങ്ങാം.
ഇതാദ്യമായാണ് ഐ.പി.എല്‍ നടക്കുന്നതിനിടെ കളിക്കാര്‍ കോവിഡ് ബാധിതരാകുന്നത്. കഴിഞ്ഞ നാലു ദിവസത്തിനിടെ നടത്തിയ മൂന്നാം റൗണ്ട് പരിശോധനയിലാണ് ഇരുവര്‍ക്കും രോഗം സ്ഥിരീകരിച്ചത്.
Content Highlights: IPL 2021 Kolkata Knight Riders players in hard quarantine