Photo: PTI
ന്യൂഡല്‍ഹി: ഐ.പി.എല്ലിന്റെ 14-ാം സീസണ്‍ താത്കാലികമായി റദ്ദാക്കിയതിനു പിന്നാലെ തനിക്ക് വീട്ടില്‍ നിന്ന് മക്കളയച്ച സന്ദേശം പങ്കുവെച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍.
''ഡാഡീ ദയവുചെയ്ത് ഉടനെ വീട്ടിലേക്ക് വരൂ. ഞങ്ങള്‍ക്ക് നിങ്ങളെ ഒരുപാട് മിസ് ചെയ്യുന്നു, സ്‌നേഹത്തോടെ ഐവിയും ഇന്‍ഡിയും ഇസ്ലയും'', എന്നായിരുന്നു വാര്‍ണര്‍ക്ക് മക്കളുടെ സന്ദേശം. തന്റെ ഇന്‍സ്റ്റാഗ്രാം പേജിലാണ് കുട്ടികളയച്ച സന്ദേശം വാര്‍ണര്‍ പങ്കുവെച്ചത്.
കൂടുതല്‍ താരങ്ങള്‍ രോഗബാധിതരായതോടെയാണ് ഐ.പി.എല്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെയ്ക്കുന്നതായി ബി.സി.സി.ഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പ്രഖ്യാപിച്ചത്. പുതുതായി സണ്‍റൈസേഴ്‌സ് ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹയ്ക്കും ഡല്‍ഹി ക്യാപിറ്റല്‍സ് ബൗളര്‍ അമിത് മിശ്രയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങളായ വരുണ്‍ ചക്രവര്‍ത്തിയ്ക്കും സന്ദീപ് വാര്യര്‍ക്കും ചെന്നൈ സൂപ്പര്‍ കിങ്‌സ് ബൗളിങ് കോച്ച് ബാലാജിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ആകെയുള്ള എട്ടു ടീമുകളില്‍ നാലിലും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ഓസീസ് താരങ്ങളുടെയും സപ്പോര്‍ട്ട് സ്റ്റാഫിന്റെയും കമന്റേറ്റര്‍മാരുടെയും തിരിച്ചുപോക്ക് അനിശ്ചിതത്വത്തിലാണ്. കാരണം നേരത്തെ 14 ദിവസത്തോളം ഇന്ത്യയില്‍ കഴിഞ്ഞ് മടങ്ങുന്ന സ്വന്തം പൗരന്‍മാര്‍ക്ക് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ താത്കാലിക വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ നിയമം ലംഘിക്കുന്നവര്‍ അഞ്ചു വര്‍ഷം വരെ ജയിലില്‍ കഴിയേണ്ടി വരികയും കനത്ത പിഴയും നല്‍കേണ്ടി വരും. മേയ് മൂന്ന് മുതല്‍ ഈ വിലക്ക് പ്രാബല്യത്തില്‍ വന്നു.
നേരത്തെ ഇന്ത്യയില്‍ നിന്നുള്ള എല്ലാ വിമാനങ്ങള്‍ക്കും ഓസ്ട്രേലിയ വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പലരും മറ്റ് രാജ്യങ്ങള്‍ വഴി ഓസ്‌ട്രേലിയയില്‍ എത്തിച്ചേരുന്നുണ്ട്. ഇത് തടയുക എന്നതാണ് പുതിയ ഉത്തരവ് കൊണ്ടുദ്ദേശിക്കുന്നത്.
Content Highlights: David Warner shares message from daughters after IPL 2021 suspension