ഡേവിഡ് വാർണർ | Photo: ANI
മുംബൈ: ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറോട് ഐപിഎല്‍ ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കാണിക്കുന്ന വിവേചനത്തിനെതിരേ ആരാധകര്‍ രംഗത്ത്. ഐപിഎല്ലില്‍ പ്ലേ ഓഫ് കാണാതെ പുറത്തായ ഹൈദരാബാദ് ടീം ടൂര്‍ണമെന്റിനോട് വിട പറയുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍, പരിശീലകന്‍ ട്രെവര്‍ ബയ്‌ലിസ് എന്നിവരെല്ലാം ഈ വീഡിയോയിലുണ്ട്. എന്നാല്‍ വാര്‍ണറെ മാത്രം ടീം തഴഞ്ഞു. ഇതിനെതിരേയാണ് ആരാധകര്‍ രംഗത്തെത്തിയത്.
വീഡിയോയില്‍ വാര്‍ണറുടെ അഭാവം കമന്റുകളായി ആരാധകര്‍ പോസ്റ്റ് ചെയ്തു. ഇതിന് മറുപടിയുമായി ഓസ്‌ട്രേലിയന്‍ താരം തന്നെ രംഗത്തെത്തി. അതു ചെയ്യാന്‍ തന്നോട് ആവശ്യപ്പെട്ടിട്ടില്ല എന്നായിരുന്നു വാര്‍ണറുടെ മറുപടി.
യു.എ.ഇയില്‍ നടക്കുന്ന ഐപിഎല്‍ രണ്ടാം ഘട്ടത്തില്‍ വാര്‍ണര്‍ മോശം ഫോമിലായിരുന്നു. ആദ്യ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായ ഓസ്ട്രേലിയന്‍ താരത്തിന് രണ്ടാം മത്സരത്തില്‍ നേടാനായത് രണ്ടു റണ്‍സ് മാത്രമാണ്. അതിനുശേഷം വാര്‍ണര്‍ ടീമില്‍ നിന്ന് പുറത്തായി. പകരം ജേസണ്‍ റോയിയെ ഉള്‍പ്പെടുത്തി.
രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ വാര്‍ണര്‍ സ്റ്റേഡിയത്തില്‍ പോലും എത്തിയിരുന്നില്ല. ഇതു ആരാധകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ 'നിര്‍ഭാഗ്യവശാല്‍ ഇനി ഉണ്ടാകില്ല' എന്ന മറുപടിയാണ് നല്‍കിയത്. ഇതോടെ താരം ഐപിഎല്‍ വിടുകയാണെന്ന ചര്‍ച്ച ചൂടുപിടിച്ചിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ കാഴ്ച്ചകാരന്റെ റോളിലായിരുന്നു ഓസീസ് താരം. സ്റ്റാന്റിലിരുന്ന് കളി കാണുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു
ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് അക്കൗണ്ടിലുള്ള അഞ്ചാമത്തെ ബാറ്റ്സ്മാനാണ് വാര്‍ണര്‍. 150 മത്സരങ്ങളില്‍ നിന്ന് നാല് സെഞ്ചുറിയും 50 അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടെ 5449 റണ്‍സ് നേടി. തുടര്‍ച്ചയായ ഏഴ് സീസണുകളില്‍ ഓരോ സീസണിലും 500 റണ്‍സില്‍ കൂടുതല്‍ സ്‌കോര്‍ ചെയ്തു. എന്നാല്‍ ഈ സീസണില്‍ താരം നേടിയത് എട്ടു മത്സരങ്ങളില്‍ നിന്ന് 195 റണ്‍സ് മാത്രമാണ്.
Content Highlights: David Warner reacts after being left out of SRH’s latest farewell video