Photo: iplt20.com
മാലി: മാലദ്വീപിലെ ബാറില്‍ വെച്ച് തമ്മില്‍ തല്ലിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ നിഷേധിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഓസീസ് താരം ഡേവിഡ് വാര്‍ണറും കമന്റേറ്റര്‍ മൈക്കല്‍ സ്ലേറ്ററും.
ബയോ ബബിളിനുള്ളില്‍ താരങ്ങള്‍ക്ക് കോവിഡ് ബാധിച്ചതോടെ ഐ.പി.എല്‍ നിര്‍ത്തിവെച്ചതിനു പിന്നാലെ ഓസീസ് താരങ്ങള്‍ മാലദ്വീപിലേക്ക് പോയിരുന്നു. ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഓസ്‌ട്രേലിയ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതിനാല്‍ മാലദ്വീപില്‍ ക്വീറന്റീനില്‍ കഴിഞ്ഞ ശേഷം ഓസ്‌ട്രേലിയയിലേക്ക് മടങ്ങാന്‍ ലക്ഷ്യമിട്ടാണ് ഐ.പി.എല്ലിന്റെ ഭാഗമായ ഓസീസ് പൗരന്‍മാര്‍ ബി.സി.സി.ഐയുടെ നേതൃത്വത്തില്‍ മാലദ്വീപിലെത്തിയത്.
ഇതിനിടെയാണ് മാലദ്വീപിലെ താജ് കോറല്‍ റിസോട്ടിലെ ബാറില്‍ വാര്‍ണറും സ്ലേറ്ററും തമ്മില്‍ ഏറ്റുമുട്ടിയെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. ദ ഡെയ്‌ലി ടെലഗ്രാഫാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ദീര്‍ഘകാല സുഹൃത്തുക്കളാണ് വാര്‍ണറും സ്ലേറ്ററും. എന്നാല്‍ ഇരുവരും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസം കൈയാങ്കളിയിലേക്കെത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ഇരുവരും രംഗത്തെത്തി.
''അതെല്ലാം അപവാദ പ്രചരണങ്ങളാണ്. ഡേവിയും (വാര്‍ണര്‍) ഞാനും നല്ല സുഹൃത്തുക്കളാണ്, അതിനാല്‍ തന്നെ ഒരു കൈയാങ്കളിക്ക് സാധ്യതയേ ഇല്ല.'' - സ്ലേറ്ററെ ഉദ്ധരിച്ച് ഡെയ്‌ലി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.
'ഒന്നും ഉണ്ടായിട്ടില്ല. നിങ്ങള്‍ക്ക് ഇവ എവിടെ നിന്ന് ലഭിക്കുന്നുവെന്ന് എനിക്കറിയില്ല. നിങ്ങള്‍ ഇവിടെയില്ലായിരുന്നു. വ്യക്തമായ തെളിവുകള്‍ ലഭിക്കാതെ നിങ്ങള്‍ക്ക് ഒന്നും എഴുതാന്‍ കഴിയില്ല. ഒന്നും സംഭവിച്ചില്ല.'' - എന്നായിരുന്നു വാര്‍ണരുടെ പ്രതികരണം.
Content Highlights: David Warner and Michael Slater respond to reports of brawl in Maldives bar