Photo: twitter.com|IPL
ചെന്നൈ: ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബാറ്റിങ് കോച്ചും മുന്‍ ഓസീസ് താരവുമായ മൈക്കല്‍ ഹസ്സി കോവിഡ് മുക്തനായി. രോഗം ഭേദമായതോടെ ഹസ്സിക്ക് ഞായറാഴ്ച ഓസ്‌ട്രേലിയയിലേക്ക് തിരിച്ചുപോകാന്‍ സാധിച്ചേക്കും.
ഹസ്സി രോഗമുക്തനായ വിവരം സൂപ്പര്‍ കിങ്‌സ് സി.ഇ.ഒ കാശി വിശ്വനാഥനാണ് അറിയിച്ചത്.
ഐ.പി.എല്ലിനിടെ കോവിഡ് ബാധിച്ച ആദ്യ വ്യക്തിയാണ് ഹസ്സി. അതേസമയം ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് മേയ് 15 വരെ ഓസ്‌ട്രേലിയ വിലക്ക് ഏര്‍പ്പെടുത്തിയതിനാല്‍ മാലിദ്വീപില്‍ ക്വാറന്റീനില്‍ കഴിഞ്ഞ ശേഷമാണ് ഓസീസ് പൗരന്‍മാര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കുക. എന്നാല്‍ മേയ് 15-ന് ശേഷമാണ് ഹസ്സി മടങ്ങുക.
നേരത്തെ കോവിഡ് ഭേദമായെന്ന ഫലം വന്ന ശേഷം നടത്തിയ രണ്ടാം ഘട്ട പരിശോധനയില്‍ ഹസ്സി വീണ്ടും പോസിറ്റീവായിരുന്നു. മേയ് ആറിന് ഡല്‍ഹിയില്‍ വച്ച് നടത്തിയ പരിശോധനയിലാണ് ഹസ്സിക്ക് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ അവിടെ നിന്നും വിമാന മാര്‍ഗം ചെന്നൈയിലെത്തിക്കുകയായിരുന്നു.
Content Highlights: Chennai Super Kings batting coach Michael Hussey has recovered from Covid-19