ഐ.പി.എല്‍ വാതുവെപ്പ്; ബെംഗളൂരുവില്‍ മലയാളികളടക്കം 27 പേര്‍ അറസ്റ്റില്‍


1 min read
Read later
Print
Share

നിരവധി മലയാളികള്‍ക്ക് വാതുവെപ്പുമായി ബന്ധമുണ്ടെന്നും ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷിച്ച് വരികയാണെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു

Photo: AFP

ബെംഗളൂരു: ഐ.പി.എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് മലയാളികളടക്കം 27 പേരെ ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ സ്വദേശികളായ ഗോകുല്‍, കിരണ്‍, ബെംഗളൂരുവില്‍ താമസമാക്കിയ മലയാളി സജീവ് എന്നിവര്‍ ഉള്‍പ്പെടുന്ന സംഘത്തെയാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്. ഇവരില്‍ നിന്ന് 78 ലക്ഷം രൂപ പിടിച്ചെടുത്തു.

ചെന്നൈ സൂപ്പര്‍ കിങ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മില്‍ നടന്ന ഐ.പി.എല്‍ ഫൈനല്‍ മത്സരവുമായി ബന്ധപ്പെട്ടാണ് വാതുവെപ്പ് നടന്നത്. ബെംഗളൂരുവിലെ ഹോട്ടല്‍ കേന്ദ്രീകരിച്ച് ഓണ്‍ലൈനായാണ് വാതുവെപ്പ് നടന്നതെന്ന് പോലീസ് അറിയിച്ചു. നിരവധി മലയാളികള്‍ക്ക് വാതുവെപ്പുമായി ബന്ധമുണ്ടെന്നും ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷിച്ച് വരികയാണെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. ഹോട്ടലില്‍ നിന്ന് ഓണ്‍ലൈന്‍ വാതുവെപ്പിന് ഉപയോഗിച്ച ലാപ്‌ടോപ്പുകളും ഇലക്ട്രോണിക്‌ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

ചെന്നൈ സ്വദേശികളായ സൂര്യ, കപില്‍ എന്നിവരും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്. ഗോവ, മഹാരാഷ്ട്ര, കര്‍ണാടക സ്വദേശികളും ഈ സംഘത്തിലുണ്ട്. ഓണ്‍ലൈന്‍ ബെറ്റിങ്ങിലൂടെ ലക്ഷങ്ങളുടെ ബിസിനസ്സാണ് ഇവര്‍ നടത്തിയത്. രണ്ടാഴ്ച മുന്‍പ് സമാന സാഹചര്യത്തില്‍ രണ്ടുപേരെ ഡല്‍ഹിയില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ രണ്ട് കേസുകള്‍ തമ്മില്‍ ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിക്കുമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

Content Highlights: 27 arrested including Keralites in IPL betting in Bangalore

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram