Photo: twitter.com|IPL
ദുബായ്: ഐ.പി.എല്‍ യുഎഇ പതിപ്പില്‍ താളം കണ്ടെത്താനാകാതെ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് 54 റണ്‍സിനാണ് മുംബൈ തോറ്റത്. വിജയലക്ഷ്യമായ 166 റണ്‍സ് പിന്തുടര്‍ന്ന മുംബൈക്ക് ഓപ്പണര്‍മാരായ നായകന്‍ രോഹിത് ശര്‍മ്മ 43(28) ക്വിന്റണ്‍ ഡി കോക്ക് 24(23) എന്നിവര്‍ ഒന്നാം വിക്കറ്റില്‍ 57 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി മികച്ച തുടക്കം നല്‍കിയെങ്കിലും പിന്നീട് ഒരാള്‍ പോലും രണ്ടക്കം കടക്കാതെ മടങ്ങിയതാണ് തിരിച്ചടിയായത്.
18.1 ഓവറില്‍ 111 റണ്‍സിന് മുംബൈയുടെ മറുപടി അവസാനിച്ചു. ഹാട്രിക് ഉള്‍പ്പെടെ നാല് വിക്കറ്റ് വീഴ്ത്തിയ ഹര്‍ഷല്‍ പട്ടേലാണ് മുംബൈയുടെ നടുവൊടിച്ചത്.തുടര്‍ച്ചയായി മൂന്നാം തോല്‍വിയോടെ പത്ത് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റ് മാത്രമുള്ള മുംബൈയുടെ പ്ലേ ഓഫ് മോഹങ്ങളും കരിനിഴലിലായി. പട്ടികയില്‍ ഏഴാം സ്ഥാനത്താണ് നിലവിലെ ചാമ്പ്യന്‍മാരിപ്പോള്‍. ശേഷിക്കുന്ന നാല് മത്സരങ്ങളും വിജയിച്ചാലും മറ്റ് ടീമുകളുടെ പ്രകടനത്തെക്കൂടി ആശ്രയിച്ചാല്‍ മാത്രമേ പ്ലേഓഫ് പ്രതീക്ഷയുള്ളൂ രോഹിത്തിനും സംഘത്തിനും.
ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ അര്‍ധസെഞ്ചുറി നേടിയ ഗ്ലെന്‍ മാക്സ്വെല്ലിന്റെയും നായകന്‍ വിരാട് കോലിയുടെയും ബലത്തില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തു. കോലി 51 റണ്‍സ് നേടിയപ്പോള്‍ മാക്‌സ്‌വെല്‍ 56 റണ്‍സ് നേടി. ജയത്തോടെ പത്ത് കളികളില്‍ നിന്ന് 12 പോയിന്റുമായി ബാംഗ്ലൂര്‍ പ്ലേഓഫിന് ഒരു പടി കൂടി അടുത്തേക്കെത്തി.