Photo: twitter.com|IPL
ദുബായ് : അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ഏഴുവിക്കറ്റിന് തകര്‍ത്ത് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്. അവസാന പന്തില്‍ സിക്‌സടിച്ച് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ശ്രീകര്‍ ഭരതാണ് ബാംഗ്ലൂരിന് വിജയം സമ്മാനിച്ചത്. ഡല്‍ഹി ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബാംഗ്ലൂര്‍ 78 റണ്‍സെടുത്ത ഭരതിന്റെയും 51 റണ്‍സ് നേടിയ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെയും മികവില്‍ വിജയത്തിലെത്തി. സ്‌കോര്‍: ഡല്‍ഹി 20 ഓവറില്‍ അഞ്ചിന് 164, ബാംഗ്ലൂര്‍ 20 ഓവറില്‍ മൂന്നിന് 166.
അവസാന ഓവറില്‍ ബാംഗ്ലൂരിന് വിജയിക്കാന്‍ 15 റണ്‍സ് വേണ്ടിയിരുന്നു. ആവേശ് ഖാന്‍ ചെയ്ത അവസാന ഓവറിലെ ആദ്യ പന്തില്‍ തന്നെ മാക്‌സ്‌വെല്‍ ഫോറടിച്ചു. തൊട്ടടുത്ത പന്തില്‍ രണ്ട് റണ്‍സ് നേടിക്കൊണ്ട് ഭരതിനൊപ്പം മാക്‌സ്‌വെല്‍ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഒപ്പം 32 പന്തുകളില്‍ നിന്ന് താരം അര്‍ധസെഞ്ചുറിയും നേടി. മൂന്നാം പന്തില്‍ ഒരു റണ്‍സ് ലെഗ് ബൈ ആയി ലഭിച്ചു. നാലാം പന്തില്‍ ഭരതിന് റണ്‍സെടുക്കാന്‍ സാധിച്ചില്ല. ഇതോടെ അവസാന രണ്ട് പന്തില്‍ എട്ടുറണ്‍സായി ബാംഗ്ലൂരിന്റെ വിജയലക്ഷ്യം. അഞ്ചാം പന്തില്‍ രണ്ട് റണ്‍സ് മാത്രമാണ് ഭരതിന് നേടാനായത്. ഇതോടെ അവസാന പന്തില്‍ സിക്‌സടിച്ചാല്‍ മാത്രം വിജയം നേടാനാകും എന്ന അവസ്ഥയിലേക്ക് ബാംഗ്ലൂരെത്തി. അടുത്ത പന്ത് ആവേശ് ഖാന്‍ വൈഡെറിഞ്ഞതോടെ ഒരു പന്തില്‍ അഞ്ച് റണ്‍സായി വിജയലക്ഷ്യം. ആരാധകരെ ആവേശക്കൊടുമുടിയിലെത്തിച്ച് അവസാന പന്തില്‍ സിക്‌സടിച്ചുകൊണ്ട് ഭരത് ബാംഗ്ലൂരിന്റെ വീരനായകനായി. ഒപ്പം ടീമിന് ഏഴുവിക്കറ്റിന്റെ തകര്‍പ്പന്‍ വിജയവും സമ്മാനിച്ചു. 52 പന്തുകളില്‍ നിന്ന് മൂന്ന് ഫോറിന്റെയും നാല് സിക്‌സിന്റെയും അകമ്പടിയോടെ 78 റണ്‍സാണ് ഭരത് നേടിയത്. മാക്‌സ്‌വെല്‍ 33 പന്തുകളില്‍ നിന്ന് 51 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.
വിജയിച്ചെങ്കിലും ബാംഗ്ലൂര്‍ പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്നു. എലിമിനേറ്ററില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് ബാംഗ്ലൂരിന്റെ എതിരാളി. ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും.
165 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ് ആരംഭിച്ച ബാംഗ്ലൂരിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. വെറും ആറ് റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍മാരായ ദേവ്ദത്ത് പടിക്കലിനെയും (0) വിരാട് കോലിയെയും (4) ടീമിന് നഷ്ടമായി. ഇരുവരെയും ആന്റിച്ച് നോര്‍ക്കെയാണ് പുറത്താക്കിയത്.
പിന്നീട് ക്രീസിലൊന്നിച്ച ശ്രീകര്‍ ഭരതും എ.ബി.ഡിവില്ലിയേഴ്‌സും ചേര്‍ന്ന് ടീമിനെ രക്ഷിച്ചു. ഇരുവരും 49 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ ഡിവില്ലിയേഴ്‌സിനെ (26) മടക്കി അക്ഷര്‍ പട്ടേല്‍ ഈ കൂട്ടുകെട്ട് പൊളിച്ചു.
എന്നാല്‍ പിന്നീട് ക്രീസിലെത്തിയ മാക്‌സ്‌വെല്‍ ഭരതിനൊപ്പം ചേര്‍ന്ന് തകര്‍ത്തടിക്കാന്‍ തുടങ്ങിയതോടെ ബാംഗ്ലൂര്‍ വിജയപ്രതീക്ഷയിലെത്തി. ഡല്‍ഹിയ്ക്ക് വേണ്ടി ആന്റിച്ച് നോര്‍ക്കെ രണ്ട് വിക്കറ്റെടുത്തപ്പോള്‍ അക്ഷര്‍ പട്ടേല്‍ ഒരു വിക്കറ്റ് സ്വന്തമാക്കി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിയ്ക്ക് വേണ്ടി തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ പൃഥ്വി ഷായും ശിഖര്‍ ധവാനും ചേര്‍ന്ന് നല്‍കിയത്. ഇരുവരും ആദ്യ 10 ഓവറില്‍ ടീം സ്‌കോര്‍ 80 കടത്തി. എന്നാല്‍ ഇരുവരെയും തുടര്‍ച്ചയായി പുറത്താക്കി ബാംഗ്ലൂര്‍ മത്സരത്തില്‍ ആധിപത്യം പുലര്‍ത്തി. പൃഥ്വി ഷാ 31 പന്തുകളില്‍ നിന്ന് 48 റണ്‍സെടുത്തും ധവാന്‍ 35 പന്തുകളില്‍ നിന്ന് 43 റണ്‍സെടുത്തും പുറത്തായി.
മികച്ച തുടക്കം കിട്ടിയിട്ടും ഡല്‍ഹിയ്ക്ക് അത് മുതലാക്കാനായില്ല. ഓപ്പണര്‍മാര്‍ക്ക് ശേഷം ക്രീസിലെത്തിയ ബാറ്റ്‌സ്മാന്‍മാര്‍ക്കൊന്നും വേണ്ടത്ര മികവ് പുറത്തെടുക്കാനായില്ല. 22 പന്തുകളില്‍ നിന്ന് 29 റണ്‍സെടുത്ത ഷിംറോണ്‍ ഹെറ്റ്‌മെയറുടെ പ്രകടനമാണ് ടീം സ്‌കോര്‍ 160 കടത്തിയത്. ശ്രേയസ് അയ്യര്‍ (18), നായകന്‍ ഋഷഭ് പന്ത് (10) എന്നിവര്‍ നിരാശപ്പെടുത്തി.
ബാംഗ്ലൂരിനുവേണ്ടി മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ഹര്‍ഷല്‍ പട്ടേല്‍, യൂസ്വേന്ദ്ര ചാഹല്‍, ഡാന്‍ ക്രിസ്റ്റ്യന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Content Highlights: Royal Challengers Bangalore vs Delhi Capitals IPL 2021