പഞ്ചാബിനെ ആറുവിക്കറ്റിന് തകര്‍ത്ത് പ്ലേ ഓഫ് സാധ്യത സജീവമാക്കി മുംബൈ


4 min read
Read later
Print
Share

തകര്‍ന്ന ഘട്ടത്തില്‍ ചെറുത്തുനിന്ന സൗരഭ് തിവാരിയും അവസാന ഓവറുകളില്‍ അടിച്ചുതകര്‍ത്ത ഹാര്‍ദിക് പാണ്ഡ്യയും പൊള്ളാര്‍ഡും ചേര്‍ന്നാണ് മുംബൈ ഇന്ത്യന്‍സിനെ വിജയത്തിലെത്തിച്ചത്.

Photo: twitter.com|IPL

അബുദാബി: ഐ.പി.എല്ലിലെ നിര്‍ണായക മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ പരാജയപ്പെടുത്തി പ്ലേ ഓഫ് സാധ്യത സജീവമാക്കി മുംബൈ ഇന്ത്യന്‍സ്. പഞ്ചാബിനെ ആറുവിക്കറ്റിനാണ് രോഹിതും സംഘവും പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുത്തു. 136 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ആറുപന്തുകള്‍ ശേഷിക്കേ വിജയം നേടി. സ്‌കോര്‍: പഞ്ചാബ് കിങ്‌സ് 20 ഓവറില്‍ ആറിന് 135. മുംബൈ ഇന്ത്യന്‍സ് 19 ഓവറില്‍ നാലിന് 137.

തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ തോറ്റ മുംബൈയ്ക്ക് ഏറെ പ്രതീക്ഷ പകരുന്ന വിജയമാണിത്. തകര്‍ന്ന ഘട്ടത്തില്‍ ചെറുത്തുനിന്ന സൗരഭ് തിവാരിയും അവസാന ഓവറുകളില്‍ അടിച്ചുതകര്‍ത്ത ഹാര്‍ദിക് പാണ്ഡ്യയും പൊള്ളാര്‍ഡും ചേര്‍ന്നാണ് മുംബൈ ഇന്ത്യന്‍സിനെ വിജയത്തിലെത്തിച്ചത്. ഈവിജയത്തോടെ മുംബൈ പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചു. പഞ്ചാബ് ആറാമതാണ്.

136 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് വേണ്ടി ശ്രദ്ധയോടെയാണ് ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ക്വിന്റണ്‍ ഡി കോക്കും ബാറ്റ് വീശിയത്. എന്നാല്‍ നാലാം ഓവറില്‍ തുടര്‍ച്ചയായി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി രവി ബിഷ്‌ണോയ് മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്തു.

മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ രോഹിത് ശര്‍മയെ മന്‍ദീപ് സിങ്ങിന്റെ കൈയ്യിലെത്തിച്ച ബിഷ്‌ണോയ് തൊട്ടടുത്ത പന്തില്‍ സൂര്യകുമാര്‍ യാദവിനെ ക്ലീന്‍ ബൗള്‍ഡാക്കി. രോഹിത് എട്ട് റണ്‍സ് മാത്രമെടുത്തപ്പോള്‍ സൂര്യകുമാര്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങി. ബാറ്റിങ് പവര്‍പ്ലേയില്‍ മുംബൈ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സ് മാത്രമാണ് എടുത്തത്.

പിന്നീട് ക്രീസിലൊന്നിച്ച ഡികോക്കും സൗരഭ് തിവാരിയും ചേര്‍ന്ന് മുംബൈ ഇന്നിങ്‌സിനെ കരകയറ്റി. ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 50 കടത്തി. പക്ഷേ ഒന്‍പതാം ഓവറിലെ അഞ്ചാം പന്തില്‍ ഡികോക്കിനെ മടക്കി ഷമി വീണ്ടും മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്തു. 29 പന്തുകളില്‍ നിന്ന് 27 റണ്‍സെടുത്ത ഡി കോക്കിനെ ഷമി ക്ലീന്‍ ബൗള്‍ഡാക്കി.

ഡി കോക്കിന് പകരം ഹാര്‍ദിക് പാണ്ഡ്യ ക്രീസിലെത്തി. ഹാര്‍ദിക്കും സൗരഭും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഹാര്‍ദിക് സിംഗിളുകളെടുത്ത് കളിച്ചപ്പോള്‍ സൗരഭ് ആക്രമിച്ചു. എന്നാല്‍ സ്‌കോര്‍ 92-ല്‍ നില്‍ക്കേ 37 പന്തുകളില്‍ നിന്ന് 45 റണ്‍സെടുത്ത സൗരഭ് തിവാരിയെ മടക്കി എല്ലിസ് മുംബൈയ്ക്ക് കൂടുതല്‍ സമ്മര്‍ദ്ദമേകി. അനാവശ്യമായ ഷോട്ടിന് ശ്രമിച്ച താരം രാഹുലിന് ക്യാച്ച് നല്‍കി മടങ്ങി.

പിന്നീട് ക്രീസില്‍ ഹാര്‍ദിക് പാണ്ഡ്യയും പൊളളാര്‍ഡും ഒന്നിച്ചു. തിവാരി മടങ്ങിയ ശേഷം ആക്രമിച്ച് കളിച്ച ഹാര്‍ദിക് ഷമിയെറിഞ്ഞ ഓവറില്‍ തുടര്‍ച്ചയായി സിക്‌സും ഫോറും നേടി ഫോമിലേക്കുയര്‍ന്നു. ഒപ്പം ടീം സ്‌കോര്‍ 100 കടന്നു അവസാന മൂന്നോവറില്‍ മുംബൈയ്ക്ക് 29 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്.

അര്‍ഷ്ദീപ് ചെയ്ത 18-ാം ഓവറില്‍ ഒരു ഫോറും സിക്‌സുമടക്കം മുംബൈ 13 റണ്‍സെടുത്തു. ഇതോടെ രണ്ടോവറില്‍ വിജയലക്ഷ്യം 16 ആയി. ഷമിയെറിഞ്ഞ 19-ാം ഓവറില്‍ 17 റണ്‍സടിച്ച് ഹാര്‍ദിക്കും പൊള്ളാര്‍ഡും ചേര്‍ന്ന് മുംബൈയ്ക്ക് വിജയം സമ്മാനിച്ചു. ഹാര്‍ദിക്ക് 30 പന്തുകളില്‍ നിന്ന് നാലുഫോറിന്റെയും രണ്ട് സിക്‌സിന്റെയും സഹായത്തോടെ 40 റണ്‍സെടുത്തും പൊളളാര്‍ഡ് ഏഴ് പന്തുകളില്‍ നിന്ന് 15 റണ്‍സടിച്ചും പുറത്താവാതെ നിന്നു.

പഞ്ചാബിനായി രവി ബിഷ്‌ണോയി രണ്ടുവിക്കറ്റെടുത്ത് മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ മുഹമ്മദ് ഷമി, നതാന്‍ എല്ലിസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുത്തു. കണിശതയോടെ പന്തെറിഞ്ഞ മുംബൈ ബൗളര്‍മാര്‍ പഞ്ചാബ് ബാറ്റിങ് നിരയെ വെള്ളം കുടിപ്പിച്ചു. എയ്ഡന്‍ മാര്‍ക്രത്തിന്റെയും ദീപക് ഹൂഡയുടെയും ചെറുത്തുനില്‍പ്പാണ് പഞ്ചാബിന് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്.

ഒരു ഘട്ടത്തില്‍ 48 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്ന പഞ്ചാബിനെ ഹൂഡ-മാര്‍ക്രം സഖ്യമാണ് 100 കടത്തിയത്. പഞ്ചാബിന്റെ മുന്‍നിര ബാറ്റ്‌സ്മാന്‍മാരെല്ലാം പരാജയപ്പെട്ടു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് ഓപ്പണിങ്ങില്‍ മാറ്റം വരുത്തി. മായങ്ക് അഗര്‍വാളിന് പകരം മന്‍ദീപ് സിങ്ങാണ് രാഹുലിനൊപ്പം ഓപ്പണ്‍ ചെയ്തത്. ഇരുവരും ശ്രദ്ധിച്ചാണ് ഇന്നിങ്‌സ് ആരംഭിച്ചത്.

ആദ്യ അഞ്ചോവറില്‍ ഇരുവരും ചേര്‍ന്ന് 35 റണ്‍സെടുത്തു. എന്നാല്‍ ആറാം ഓവറിലെ രണ്ടാം പന്തില്‍ മന്‍ദീപിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ക്രുനാല്‍ പാണ്ഡ്യ പഞ്ചാബിന്റെ ആദ്യ വിക്കറ്റെടുത്തു. 14 പന്തുകളില്‍ നിന്ന് 15 റണ്‍സെടുത്താണ് മന്‍ദീപ് മടങ്ങിയത്. മന്‍ദീപിന് പകരം ക്രിസ് ഗെയ്ല്‍ ക്രീസിലെത്തി. ബാറ്റിങ് പവര്‍പ്ലേയില്‍ പഞ്ചാബ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 38 റണ്‍സെടുത്തു.

ഗെയ്ല്‍ ഈ മത്സരത്തിലും നിരാശപ്പെടുത്തി. നാലുപന്തില്‍ നിന്ന് ഒരു റണ്‍സ് മാത്രമെടുത്ത ഗെയ്ല്‍ പൊള്ളാര്‍ഡിന്റെ പന്തില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച് ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ക്യാച്ച് നല്‍കി മടങ്ങി. അതേ ഓവറില്‍ തന്നെ രാഹുലിനെയും മടക്കി പൊള്ളാര്‍ഡ് പഞ്ചാബിനെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. 22 പന്തുകളില്‍ നിന്ന് 21 റണ്‍സെടുത്ത രാഹുലിനെ പൊള്ളാര്‍ഡ് ബുംറയുടെ കൈയ്യിലെത്തിച്ചു. ഇതോടെ പഞ്ചാബ് തകര്‍ന്നു.

രാഹുലിന് പകരമായി ക്രീസിലെത്തിയ വെടിക്കെട്ട് താരം നിക്കോളാസ് പൂരാനെ നിലയുറപ്പിക്കുംമുന്‍പ് മടക്കി ജസ്പ്രീത് ബുംറ പഞ്ചാബിന്റെ നാലാം വിക്കറ്റ് വീഴ്ത്തി. വെറും രണ്ട് റണ്‍സ് മാത്രമെടുത്ത് പൂരാന്‍ പുറത്താകുമ്പോള്‍ പഞ്ചാബ് 48 ന് നാല് വിക്കറ്റ് എന്ന ദയനീയമായ നിലയിലെത്തി.

പിന്നീട് ക്രീസിലൊന്നിച്ച ദീപക് ഹൂഡയും എയ്ഡന്‍ മാര്‍ക്രവും ചേര്‍ന്ന് പഞ്ചാബിനെ രക്ഷിക്കാന്‍ ആരംഭിച്ചു. ആദ്യ പത്തോവറില്‍ 62 റണ്‍സ് മാത്രമാണ് ടീമിന് നേടാനായത്. ഹൂഡയും മാര്‍ക്രവും ചേര്‍ന്ന് പതിയെ പഞ്ചാബിനെ രക്ഷിച്ചു. സിംഗിളുകളും ഡബിളുകളുമൊക്കെയായി ഇരുവരും സ്‌കോര്‍ ഉയര്‍ത്തി. ഇരുവരും അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയും ടീം സ്‌കോര്‍ 100 കടത്തുകയും ചെയ്തു.

മികച്ച രീതിയില്‍ മുന്നേറുകയായിരുന്ന ഈ കൂട്ടുകെട്ടിനെ രാഹുല്‍ ചാഹര്‍ ഭേദിച്ചു. സ്‌കോര്‍ 109-ല്‍ നില്‍ക്കേ മാര്‍ക്രത്തെ ക്ലീന്‍ ബൗള്‍ഡാക്കി ചാഹര്‍ കൂട്ടുകെട്ട് പൊളിച്ചു. 29 പന്തുകളില്‍ നിന്ന് ആറ് ബൗണ്ടറികളുടെ സഹായത്തോടെ 42 റണ്‍സെടുത്ത മാര്‍ക്രം ഹൂഡയ്‌ക്കൊപ്പം 61 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമാണ് ക്രീസ് വിട്ടത്.

പിന്നാലെ റണ്‍റേറ്റ് ഉയര്‍ത്താന്‍ ശ്രമിച്ച ഹൂഡയും മടങ്ങി. 19-ാം ഓവറില്‍ ബുംറയുടെ പന്തില്‍ സിക്‌സ് നേടാനുള്ള താരത്തിന്റെ ശ്രമം പൊള്ളാര്‍ഡിന്റെ കൈയ്യിലൊതുങ്ങി. 26 പന്തുകളില്‍ നിന്ന് ഹൂഡ 28 റണ്‍സെടുത്തു.

മുംബൈയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറയും കീറണ്‍ പൊള്ളാര്‍ഡും രണ്ട് വിക്കറ്റ് വീതമെടുത്തു. രാഹുല്‍ ചാഹര്‍, ക്രുനാല്‍ പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Content Highlights: Punjab Kings vs Mumbai Indians 2021 IPL live

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram