ഹൈദരാബാദിനെ 42 റണ്‍സിന് കീഴടക്കിയിട്ടും മുംബൈ പ്ലേ ഓഫ് കാണാതെ പുറത്ത്


4 min read
Read later
Print
Share

മുംബൈ ഉയര്‍ത്തിയ 236 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സണ്‍റൈസേഴ്‌സിന് നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

Photo: twitter.com|IPL

അബുദാബി:2021 ഐ.പി.എല്ലിലെ അവസാന ലീഗ് മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ മുംബൈ ഇന്ത്യന്‍സിന് 42 റണ്‍സ് വിജയം. മുംബൈ ഉയര്‍ത്തിയ 236 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സണ്‍റൈസേഴ്‌സിന് നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

സണ്‍റൈസേഴ്‌സിനെ ചുരുങ്ങിയത് 171 റണ്‍സിനെങ്കിലും തോല്‍പ്പിച്ചാല്‍ മാത്രമേ മുംബൈയ്ക്ക് പ്ലേ ഓഫ് സാധ്യതയുണ്ടായിരുന്നുള്ളൂ. എന്നാല്‍ നിലവിലെ ചാമ്പ്യന്മാര്‍ക്ക് അത് സാധിച്ചില്ല. പ്ലേ ഓഫ് കാണാതെ മുംബൈ പുറത്തായി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേ ഓഫിലേക്ക് കടക്കുകയും ചെയ്തു. ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവുമാണ് മുംബൈയ്ക്ക് പടുകൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. സണ്‍റൈസേഴ്‌സിന് വേണ്ടി നായകന്‍ മനീഷ് പാണ്ഡെ മികച്ച പ്രകടനം പുറത്തെടുത്തു.

236 റണ്‍സ് ലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സിന് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ജേസണ്‍ റോയിയും അഭിഷേക് ശര്‍മയും നല്‍കിയത്. 4.3 ഓവറില്‍ ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 50 കടത്തി. എന്നാല്‍ ടീം സ്‌കോര്‍ 64-ല്‍ നില്‍ക്കേ അപകടകാരിയായ ജേസണ്‍ റോയിയെ മടക്കി ട്രെന്റ് ബോള്‍ട്ട് സണ്‍റൈസേഴ്‌സിന്റെ ആദ്യ വിക്കറ്റ് വീഴ്ത്തി. 21 പന്തുകളില്‍ നിന്ന് 34 റണ്‍സെടുത്ത താരത്തെ ബോള്‍ട്ട് ക്രുനാല്‍ പാണ്ഡ്യയുടെ കൈയ്യിലെത്തിച്ചു. പക്ഷേ അതുകൊണ്ട് കാര്യമുണ്ടായില്ല. അപ്പോഴേക്കും മുംബൈ പ്ലേ ഓഫ് കാണാതെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു.

ബാറ്റിങ് പവര്‍പ്ലേയില്‍ സണ്‍റൈസേഴ്‌സ് ഒരുവിക്കറ്റ് നഷ്ടത്തില്‍ 70 റണ്‍സെടുത്തു.

എന്നാല്‍ ഏഴാം ഓവറില്‍ നന്നായി കളിച്ചുതുടങ്ങിയ അഭിഷേക് ശര്‍മയെ പുറത്താക്കി ജിമ്മി നീഷാം സണ്‍റൈസേഴ്‌സിന്റെ രണ്ടാം വിക്കറ്റെടുത്തു. 16 പന്തുകളില്‍ നിന്ന് 33 റണ്‍സാണ് താരമെടുത്തത്. പിന്നാലെ വന്ന മുഹമ്മദ് നബി നിരാശപ്പെടുത്തി. വെറും 3 റണ്‍സ് മാത്രമെടുത്ത താരത്തെ പീയുഷ് ചൗള പുറത്താക്കി. നബിയ്ക്ക് ശേഷം വന്ന അബ്ദുള്‍ സമദിനും പിടിച്ചുനില്‍ക്കാനായില്ല. വെറും രണ്ടുറണ്‍സെടുത്ത താരത്തെ നീഷാം പുറത്താക്കി.

ഒരുവശത്ത് വിക്കറ്റ് വീഴുമ്പോഴും മറുവശത്ത് തളരാതെ പിടിച്ചുനിന്ന നായകന്‍ മനീഷ് പാണ്ഡെ മികച്ച പ്രകടനം പുറത്തെടുത്ത് ടീം സ്‌കോര്‍ ഉയര്‍ത്തി. പ്രിയം ഗാര്‍ഗ് കൂടി ക്രീസിലെത്തിയതോടെ സണ്‍റൈസേഴ്‌സ് സ്‌കോര്‍ കുതിച്ചു. 14.3 ഓവറില്‍ ടീം സ്‌കോര്‍ 150 കടന്നു. എന്നാല്‍ ബുംറ ഈ കൂട്ടുകെട്ട് പൊളിച്ചു. 21 പന്തുകളില്‍ നിന്ന് 29 റണ്‍സെടുത്ത പ്രിയം ഗാര്‍ഗിനെ പുറത്താക്കി ബുംറ സണ്‍റൈസേഴ്‌സിന്റെ അഞ്ചാം വിക്കറ്റെടുത്തു. പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണതോടെ സണ്‍റൈസേഴ്‌സ് പതറി. ഹോള്‍ഡറും (1), റാഷിദും (9), സാഹയും (2) നിരാശപ്പെടുത്തി. മറുവശത്ത് അര്‍ധസെഞ്ചുറിയുമായി പൊരുതി മനീഷ് പാണ്ഡെ ടീമിനെ മികച്ച നിലയിലെത്തിച്ചു. 41 പന്തുകളില്‍ നിന്ന് ഏഴ് ബൗണ്ടറിയുടെയും രണ്ട് സിക്‌സിന്റെയും സഹായത്തോടെ മനീഷ് 69 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

മുംബൈയ്ക്ക് വേണ്ടി നീഷാം, ബുംറ, കോള്‍ട്ടര്‍ നൈല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ട്രെന്റ് ബോള്‍ട്ട് ഒരു വിക്കറ്റ് സ്വന്തമാക്കി.

കൂറ്റന്‍ വിജയം മാത്രം ലക്ഷ്യം വെയ്ക്കുന്ന മുംബൈ നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സെടുത്തു. 84 റണ്‍സ് നേടിയ ഇഷാന്‍ കിഷനും 82 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവുമാണ് മുംബൈയ്ക്ക് ഈ കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഈ സീസണിലെ ഒരു ടീമിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് മുംബൈ ഈ മത്സരത്തിലൂടെ കണ്ടെത്തിയത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് വേണ്ടി തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ചേര്‍ന്ന് നല്‍കിയത്. കിഷന്‍ ആക്രമിച്ച് കളിച്ചു. ആദ്യ നാലോവറില്‍ ടീം സ്‌കോര്‍ 63 കടന്നു. ഒപ്പം കിഷന്‍ അര്‍ധസെഞ്ചുറിയും നേടി. വെറും 16 പന്തുകളില്‍ നിന്നാണ് കിഷന്‍ അര്‍ധശതകം കണ്ടെത്തിയത്.

എന്നാല്‍ ഈ മത്സരത്തിലും വേണ്ടത്ര മികവ് പുലര്‍ത്താന്‍ സാധിക്കാതിരുന്ന രോഹിത് ശര്‍മ ആറാം ഓവറില്‍ റാഷിദ് ഖാന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. 13 പന്തുകളില്‍ നിന്ന് 18 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. ആദ്യ വിക്കറ്റില്‍ കിഷനൊപ്പം 80 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമാണ് മുംബൈ ഇന്ത്യന്‍സ് നായകന്‍ ക്രീസ് വിട്ടത്. ബാറ്റിങ് പവര്‍പ്ലേയില്‍ മുംബൈ ഒരു വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സെടുത്തു. 7.1 ഓവറില്‍ ടീം സ്‌കോര്‍ 100 കടന്നു. രോഹിതിന് പകരം ക്രീസിലെത്തിയ ഹാര്‍ദിക് പാണ്ഡ്യ നിരാശപ്പെടുത്തി. വെറും 10 റണ്‍സ് മാത്രമെടുത്ത താരത്തെ ജേസണ്‍ ഹോള്‍ഡര്‍ ജേസണ്‍ റോയിയുടെ കൈയ്യിലെത്തിച്ചു.

തൊട്ടുപിന്നാലെ അപകടകാരിയായ ഇഷാന്‍ കിഷനെയും പുറത്താക്കി സണ്‍റൈസേഴ്‌സ് മത്സരത്തില്‍ പിടിമുറുക്കി. ഉമ്രാന്‍ മാലിക്കിന്റെ അതിവേഗ പന്തില്‍ ഓഫ് സൈഡിലേക്ക് സിക്‌സ് നേടാനുള്ള കിഷന്റെ ശ്രമം പാളി. പന്ത് ബാറ്റിലുരസി വിക്കറ്റ് കീപ്പര്‍ സാഹയുടെ കൈയ്യിലെത്തി. 32 പന്തുകളില്‍ നിന്ന് 11 ഫോറിന്റെയും നാല് സിക്‌സിന്റെയും അകമ്പടിയോടെ 84 റണ്‍സെടുത്ത ശേഷമാണ് കിഷന്‍ ക്രീസ് വിട്ടത്.

പിന്നാലെ വന്ന പൊള്ളാര്‍ഡിനും പിടിച്ചുനില്‍ക്കാനായില്ല. വെറും 13 റണ്‍സ് മാത്രമെടുത്ത താരത്തെ അഭിഷേക് ശര്‍മ ജേസണ്‍ റോയിയുടെ കൈയ്യിലെത്തിച്ചു. തൊട്ടടുത്ത പന്തില്‍ അക്കൗണ്ട് തുറക്കുംമുന്‍പ് ജിമ്മി നീഷാമിനെ പുറത്താക്കി അഭിഷേക് മുംബൈ ബാറ്റിങ് നിരയെ തകര്‍ത്തു. ഇതോടെ മുംബൈ 151 ന് അഞ്ച് വിക്കറ്റ് എന്ന നിലയിലായി.

എന്നാല്‍ പൊള്ളാര്‍ഡ് മടങ്ങിയ ശേഷം ആക്രമണം ഏറ്റെടുത്ത സൂര്യകുമാര്‍ യാദവ് മുംബൈ സ്‌കോര്‍ ഉയര്‍ത്തി. എന്നാല്‍ മറുവശത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു. പൊള്ളാര്‍ഡിന് പകരം ക്രീസിലെത്തിയ ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യ ഈ മത്സരത്തിലും നിരാശപ്പെടുത്തി. വെറും ഒന്‍പത് റണ്‍സ് മാത്രമെടുത്ത താരത്തെ റാഷിദ് ഖാന്‍ മുഹമ്മദ് നബിയുടെ കൈയ്യിലെത്തിച്ചു.

വൈകാതെ സൂര്യകുമാര്‍ 24 പന്തുകളില്‍ നിന്ന് അര്‍ധശതകം കണ്ടെത്തി. മനോഹരമായ ഷോട്ടുകള്‍ കൊണ്ട് സൂര്യകുമാര്‍ മത്സരത്തില്‍ ആധിപത്യം പുലര്‍ത്തി. എന്നാല്‍ മറ്റ് ബാറ്റ്‌സ്മാര്‍ക്കൊന്നും വേണ്ടത്ര മികവ് പുലര്‍ത്താനായില്ല. ഈ മത്സരത്തിലൂടെ സൂര്യകുമാര്‍ ട്വന്റി 20 യില്‍ 4000 റണ്‍സ് മറികടന്നു.

അവസാന ഓവറുകളില്‍ സൂര്യകുമാര്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് ടീം സ്‌കോര്‍ 200 കടത്തിയത്. നഥാന്‍ കോള്‍ട്ടര്‍ നൈലും (3) പീയുഷ് ചൗളയുമെല്ലാം (0) അതിവേഗത്തില്‍ മടങ്ങിയെങ്കിലും സൂര്യകുമാറിന്റെ ചെറുത്തുനില്‍പ്പ് മുംബൈയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചു. സൂര്യകുമാര്‍ 40 പന്തുകളില്‍ നിന്ന് 13 ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും അകമ്പടിയോടെ 82 റണ്‍സെടുത്ത് അവസാന ഓവറില്‍ പുറത്തായി. ജേസണ്‍ ഹോള്‍ഡറാണ് താരത്തെ പുറത്താക്കിയത്.

സണ്‍റൈസേഴ്‌സിന്റെ അഭിഷേക് ശര്‍മയൊഴികേ ബാക്കിയുള്ള എല്ലാ ബൗളര്‍മാരും നന്നായി തല്ലുവാങ്ങി. സണ്‍റൈസേഴ്‌സിന് വേണ്ടി ജേസണ്‍ ഹോള്‍ഡര്‍ നാല് വിക്കറ്റെടുത്തപ്പോള്‍ അഭിഷേക് ശര്‍മ, റാഷിദ് ഖാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ശേഷിച്ച വിക്കറ്റ് ഉമ്രാന്‍ മാലിക് സ്വന്തമാക്കി.

Content Highlights: Mumbai Indians vs Sunrisers Hyderabad IPL 2021 live

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram