എലിമിനേറ്ററില്‍ ബാംഗ്ലൂരിനെ നാല് വിക്കറ്റിന് തകര്‍ത്ത് ക്വാളിഫയറിന് യോഗ്യത നേടി കൊല്‍ക്കത്ത


4 min read
Read later
Print
Share

ഈ വിജയത്തോടെ കൊല്‍ക്കത്ത രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സുമായി ഏറ്റുമുട്ടും. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി.

Photo: twitter.com|IPL

ഷാര്‍ജ:ആവേശകരമായ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ നാല് വിക്കറ്റിന് തകര്‍ത്ത് ക്വാളിഫയറിലേക്ക് പ്രവേശനം നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 139 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊല്‍ക്കത്ത രണ്ട് പന്തുകള്‍ ശേഷിക്കേ ആറുവിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി.

ഈ വിജയത്തോടെ കൊല്‍ക്കത്ത രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സുമായി ഏറ്റുമുട്ടും. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി. ബാറ്റുകൊണ്ടും പന്തുകൊണ്ടും മികച്ച പ്രകടനം പുറത്തെടുത്ത ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്‌നാണ് കൊല്‍ക്കത്തയ്ക്ക് ഈ വിജയം സമ്മാനിച്ചത്. സ്‌കോര്‍: ബാംഗ്ലൂര്‍ 20 ഓവറില്‍ ഏഴിന് 138, കൊല്‍ക്കത്ത 19.4 ഓവറില്‍ ആറിന് 139.

139 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് വേണ്ടി ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും വെങ്കടേഷ് അയ്യരും മികച്ച തുടക്കമാണ് സമ്മാനിച്ചത്. ആദ്യ അഞ്ചോവറില്‍ ഇരുവരും 40 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ആറാം ഓവറിലെ രണ്ടാം പന്തില്‍ ടൂര്‍ണമെന്റിലെ ഓറഞ്ച് ക്യാപ്പ് ഹോള്‍ഡറായ ഹര്‍ഷല്‍ പട്ടേല്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 18 പന്തുകളില്‍ നിന്ന് 29 റണ്‍സെടുത്ത ഗില്ലിനെ ഡിവില്ലിയേഴ്‌സിന്റെ കൈയ്യിലെത്തിച്ച് ഹര്‍ഷല്‍ ആദ്യ വിക്കറ്റ് സ്വന്തമാക്കി.

ഗില്ലിന് പകരം രാഹുല്‍ ത്രിപാഠി ക്രീസിലെത്തി. 6.2 ഓവറില്‍ ടീം സ്‌കോര്‍ 50 കടന്നു. രാഹുലിന് പക്ഷേ പിടിച്ചുനില്‍ക്കാനായില്ല. വെറും ആറ് റണ്‍സ് മാത്രമെടുത്ത താരത്തെ ചാഹല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. ഇതോടെ കൊല്‍ക്കത്ത അപകടം മണത്തു.

പിന്നീട് ക്രീസിലെത്തിയ നിതീഷ് റാണയും വെങ്കടേഷും വളരെ സൂക്ഷിച്ചാണ് കളിച്ചത്. സ്പിന്നര്‍മാരെ കോലി ഇറക്കിയതോടെ കൊല്‍ക്കത്തയുടെ വേഗം കുറഞ്ഞു. വെങ്കടേഷ് അയ്യരെ പുറത്താക്കാനുള്ള സുവര്‍ണാവസരം ഷഹബാസ് പാഴാക്കിയത് ബാംഗ്ലൂരിന് തിരിച്ചടിയായി. എന്നാല്‍ 11-ാം ഓവറില്‍ അയ്യരെ മടക്കി ഹര്‍ഷല്‍ വീണ്ടും കൊല്‍ക്കത്തയ്ക്ക് തിരിച്ചടി സമ്മാനിച്ചു.

30 പന്തുകളില്‍ നിന്ന് 26 റണ്‍സെടുത്ത താരത്തെ ഹര്‍ഷല്‍ വിക്കറ്റ് കീപ്പര്‍ ഭരത്തിന്റെ കൈയ്യിലെത്തിച്ചു. ഇതോടെ കൊല്‍ക്കത്ത 79 ന് മൂന്ന് വിക്കറ്റ് എന്ന നിലയിലായി. അയ്യര്‍ക്ക് പകരം സുനില്‍ നരെയ്‌നാണ് ക്രീസിലെത്തിയത്. നേരിട്ട ആദ്യപന്തില്‍ തന്നെ സിക്‌സടിച്ച് നരെയ്ന്‍ സമ്മര്‍ദം കുറച്ചു. ഡാന്‍ ക്രിസ്റ്റ്യന്‍ എറിഞ്ഞ രണ്ടാം പന്തിലും മൂന്നാം പന്തിലും സിക്‌സടിച്ച് നരെയ്ന്‍ കൊടുങ്കാറ്റായി മാറി. 12 ഓവറില്‍ ടീം സ്‌കോര്‍ 100 കടന്നു.

എന്നാല്‍ 23 റണ്‍സെടുത്ത് ക്ഷമയോടെ ബാറ്റ് ചെയ്ത റാണയെ പുറത്താക്കി ചാഹല്‍ വീണ്ടും കൊല്‍ക്കത്തയ്ക്ക് തിരിച്ചടി സമ്മാനിച്ചു. ഡിവില്ലിയേഴ്‌സാണ് താരത്തെ ക്യാച്ചെടുത്ത് പറഞ്ഞയച്ചത്. റാണയ്ക്ക് പകരം ദിനേശ് കാര്‍ത്തിക്ക് ക്രീസിലെത്തി.

അവസാന മൂന്നോവറില്‍ കൊല്‍ക്കത്തയ്ക്ക് വിജയിക്കാന്‍ 15 റണ്‍സ് വേണ്ടിയിരുന്നു. സിറാജെറിഞ്ഞ 18-ാം ഓവറിലെ രണ്ടാം പന്തില്‍ അപകടകാരിയായ നരെയ്ന്‍ പുറത്തായി. 15 പന്തുകളില്‍ നിന്ന് 26 റണ്‍സെടുത്ത നരെയ്‌നിനെ സിറാജ് ബൗള്‍ഡാക്കി. താരത്തിന് പകരം നായകന്‍ ഒയിന്‍ മോര്‍ഗന്‍ ക്രീസിലെത്തി.

അതേ ഓവറിലെ നാലാം പന്തില്‍ ദിനേശ് കാര്‍ത്തിക്കിനെയും മടക്കി സിറാജ് കളി ആവേശക്കൊടുമുടിയില്‍ എത്തിച്ചു. 10 റണ്‍സ് മാത്രമടുത്ത കാര്‍ത്തിക്ക് വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരത്തിന് ക്യാച്ച് നല്‍കി മടങ്ങി. ആ ഓവറില്‍ വെറും മൂന്ന് റണ്‍സ് മാത്രമാണ് സിറാജ് വഴങ്ങിയത്. ഇതോടെ അവസാന രണ്ടോവറില്‍ കൊല്‍ക്കത്തയുടെ വിജയലക്ഷ്യം 12 റണ്‍സായി.

കാര്‍ത്തിക്കിന് പകരം ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസ്സനാണ് ക്രീസിലെത്തിയത്. ജോര്‍ജ് ഗാര്‍ട്ടണ്‍ എറിഞ്ഞ 19-ാം ഓവറില്‍ കൊല്‍ക്കത്ത അഞ്ച് റണ്‍സ് മാത്രമാണ് നേടിയത്. ഇതോടെ അവസാന ഓവറില്‍ വിജയലക്ഷ്യം ഏഴ് റണ്‍സായി.

അവസാന ഓവര്‍ എറിഞ്ഞ ഡാന്‍ ക്രിസ്റ്റിയന്റെ ആദ്യ പന്തില്‍ തന്നെ ഫോറടിച്ച് ഷാക്കിബ് മത്സരം കൊല്‍ക്കത്തയ്ക്ക് അനുകൂലമാക്കി. രണ്ടാം പന്തില്‍ സിംഗിളും നേടി. മൂന്നാം പന്തില്‍ മോര്‍ഗന്‍ ഒരു റണ്‍സ് നേടി. നാലാം പന്തില്‍ വിജയറണ്‍നേടിക്കൊണ്ട് ഷാക്കിബ് കൊല്‍ക്കത്തയ്ക്ക് ക്വാളിഫയറിലേക്കുള്ള വാതില്‍ തുറന്നു. ബാംഗ്ലൂര്‍ പൊരുതിത്തോറ്റ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ഷാക്കിബ് ഒന്‍പതും മോര്‍ഗന്‍ അഞ്ചും റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

ബാംഗ്ലൂരിന് വേണ്ടി സിറാജ്, ചാഹല്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുത്തു. മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്ത കൊല്‍ക്കത്ത ബൗളര്‍മാരാണ് ബാംഗ്ലൂരിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. ബാറ്റിങ്‌നിരയുടെ തൂണുകളായ വിരാട് കോലി, ശ്രീകര്‍ ഭരത്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ഡിവില്ലിയേഴ്‌സ് എന്നിവരെ പുറത്താക്കിക്കൊണ്ട് സുനില്‍ നരെയ്‌നാണ് ബാംഗ്ലൂരിനെ ശിഥിലമാക്കിയത്.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച ബാംഗ്ലൂരിന് വേണ്ടി പതിവുപോലെ നായകന്‍ വിരാട് കോലിയും മലയാളി താരം ദേവ്ദത്ത് പടിക്കലുമാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. മികച്ച തുടക്കമാണ് ഇരുവരും നല്‍കിയത്. ആദ്യ അഞ്ചോവറില്‍ കോലിയും ദേവ്ദത്തും ചേര്‍ന്ന് 49 റണ്‍സ് അടിച്ചെടുത്തു. എന്നാല്‍ ആറാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ദേവ്ദത്തിനെ പുറത്താക്കി ലോക്കി ഫെര്‍ഗൂസന്‍ കൊല്‍ക്കത്തയ്ക്ക് ആശ്വാസം പകര്‍ന്നു.

ഫെര്‍ഗൂസന്റെ പന്ത് ദേവ്ദത്തിന്റെ ബാറ്റിലുരസി വിക്കറ്റ് പിഴുതെടുത്തു. 18 പന്തുകളില്‍ നിന്ന് 21 റണ്‍സാണ് താരം നേടിയത്. ദേവ്ദത്തിന് പകരം കഴിഞ്ഞ മത്സരത്തിലെ ഹീറോ ശ്രീകര്‍ ഭരത് ക്രീസിലെത്തി. 5.3 ഓവറില്‍ ടീം സ്‌കോര്‍ 50 കടന്നു.

ബാറ്റിങ് പവര്‍പ്ലേയ്ക്ക് ശേഷം ബാംഗ്ലൂര്‍ സ്‌കോറിങ്ങിന്റെ വേഗം കുറഞ്ഞു. മത്സരത്തിനിടെ ഭരതിനെ സ്റ്റംപ് ചെയ്ത് പുറത്താക്കാനുള്ള അവസരം വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്ക് പാഴാക്കി. എന്നാല്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയ ഭരത് സുനില്‍ നരെയ്‌ന് വിക്കറ്റ് സമ്മാനിച്ചു. 16 പന്തുകളില്‍ നിന്ന് വെറും ഒന്‍പത് റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്.

ആദ്യ അഞ്ചോവറില്‍ 50 റണ്‍സ് കണ്ടെത്താന്‍ സാധിച്ച ബാംഗ്ലൂരിന് പിന്നീടുള്ള അഞ്ചോവറില്‍ വെറും 20 റണ്‍സ് മാത്രമാണ് നേടാനായത്. ഭരതിനുപകരം വിശ്വസ്തനായ ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് ക്രീസിലെത്തിയത്. മാക്‌സ്‌വെല്‍ വന്ന ശേഷം കോലി ആക്രമിച്ച് കളിച്ചു. പതിയേ സ്‌കോര്‍ ഉയര്‍ന്നു.

എന്നാല്‍ 13-ാം ഓവറില്‍ വിരാട് കോലിയെ ക്ലീന്‍ ബൗള്‍ഡാക്കി സുനില്‍ നരെയ്ന്‍ വീണ്ടും കൊല്‍ക്കത്തയെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. 33 പന്തുകളില്‍ നിന്ന് അഞ്ച് ബൗണ്ടറികളുടെ സഹായത്തോടെ 39 റണ്‍സാണ് കോലി നേടിയത്.

കോലിയ്ക്ക് പകരം ഡിവില്ലിയേഴ്‌സ് ക്രീസിലെത്തി. മാക്‌സ്‌വെല്ലും ഡിവില്ലിയേഴ്‌സും ചേര്‍ന്ന് 14 ഓവറില്‍ ടീം സ്‌കോര്‍ 100 കടത്തി. എന്നാല്‍ 15-ാം ഓവറില്‍ നരെയ്ന്‍ വീണ്ടും അപകടം വിതച്ചു. അപകടകാരിയായ ഡിവില്ലിയേഴ്‌സിനെ ബൗള്‍ഡാക്കി നരെയ്ന്‍ ബാംഗ്ലൂരിനെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. 11 റണ്‍സ് മാത്രമാണ് ഡിവില്ലിയേഴ്‌സിന് നേടാനായത്.

പിന്നാലെ വിശ്വസ്തനായ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെയും മടക്കി നരെയ്ന്‍ മത്സരത്തിലെ തന്റെ നാലാം വിക്കറ്റ് സ്വന്തമാക്കി. 18 പന്തുകളില്‍ നിന്ന് 15 റണ്‍സെടുത്ത മാക്‌സ്‌വെല്‍ ലോക്കി ഫെര്‍ഗൂസന് ക്യാച്ച് നല്‍കി മടങ്ങി. ഇതോടെ ബാംഗ്ലൂര്‍ 112 ന് അഞ്ച് എന്ന നിലയിലേക്ക് വീണു.

പിന്നാലെ വന്ന ഷഹബാസ് അഹമ്മദിനും പിടിച്ചുനില്‍ക്കാനായില്ല. ലോക്കി ഫെര്‍ഗൂസന്റെ പന്തില്‍ ശിവം മാവിയ്ക്ക് ക്യാച്ച് സമ്മാനിച്ച് 13 റണ്‍സെടുത്ത് താരം മടങ്ങി. 9 റണ്‍സെടുത്ത ഡാന്‍ ക്രിസ്റ്റ്യന്‍ അവസാന ഓവറില്‍ റണ്‍ ഔട്ടായി.

കൊല്‍ക്കത്തയ്ക്ക് വേണ്ടി സുനില്‍ നരെയ്ന്‍ നാലോവറില്‍ വെറും 21 റണ്‍സ് മാത്രം വിട്ടുനല്‍കി നാല് വിക്കറ്റ് വീഴ്ത്തി. ലോക്കി ഫെര്‍ഗൂസന്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കി.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം....

Content Highlights: Kolkata Knight Riders vs Royal Challengers Bangalore IPL Eliminator match live

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram