Photo: twitter.com|IPL
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 10 റണ്‍സിന് കീഴടക്കി സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊല്‍ക്കത്തയ്ക്ക് നിശ്ചിത ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
നാലുവിക്കറ്റ് വീഴ്ത്തിയ രാഹുല്‍ ചഹാറും അവസാന ഓവറുകളില്‍ തകര്‍പ്പന്‍ ബൗളിങ് പ്രകടനം കാഴ്ചവെച്ച ബുംറയും ബോള്‍ട്ടുമാണ് മുംബൈയ്ക്ക് വിജയം സമ്മാനിച്ചത്. ഒരു ഘട്ടത്തില്‍ അനായാസ വിജയത്തിലേക്ക് നീങ്ങുകയായിരുന്ന കൊല്‍ക്കത്ത അവിശ്വസനീയമായി തകര്‍ന്നടിയുകയായിരുന്നു.
153 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊല്‍ക്കത്ത കരുതലോടെയാണ് തുടങ്ങിയത്. മോശം പന്തുകള്‍ കണ്ടെത്തി പ്രഹരിച്ച ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും നിതീഷ് റാണയും ചേര്‍ന്ന് ബാറ്റിങ് പവര്‍പ്ലേയില്‍ 45 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പിന്നാലെ ഏഴോവറില്‍ ഇരുവരും അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
ഒടുവില്‍ സ്‌കോര്‍ 72-ല്‍ നില്‍ക്കേ ഗില്ലിനെ കൊല്‍ക്കത്തയ്ക്ക് നഷ്ടമായി. 24 പന്തുകളില്‍ നിന്നും അഞ്ച് ബൗണ്ടറികളുടെയും ഒരു സിക്‌സിന്റെയും സഹായത്തോടെ 33 റണ്‍സെടുത്ത താരത്തെ രാഹുല്‍ ചഹാര്‍ പൊള്ളാര്‍ഡിന്റെ കൈയ്യിലെത്തിച്ചു.
പിന്നാലെ വന്ന രാഹുല്‍ ത്രിപതിയെ മടക്കി ചഹാര്‍ കൊല്‍ക്കത്തയ്ക്ക് ഇരട്ട പ്രഹരമേകി. വെറും അഞ്ചുറണ്‍സെടുത്ത താരത്തെ ചഹാര്‍ ഡി കോക്കിന്റെ കൈയ്യിലെത്തിച്ചു. രാഹുല്‍ മടങ്ങുമ്പോള്‍ 10.3 ഓവറില്‍ 84 ന് രണ്ട് എന്ന നിലയിലായി കൊല്‍ക്കത്ത. രാഹുലിന് പകരമെത്തിയ നായകന്‍ ഒയിന്‍ മോര്‍ഗനെ കൂട്ടുപിടിച്ച് നിതീഷ് റാണ 12.1 ഓവറില്‍ കൊല്‍ക്കത്ത സ്‌കോര്‍ 100 കടത്തി. തൊട്ടുപിന്നാലെ താരം അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. 40 പന്തുകളില്‍ നിന്നുമാണ് റാണ അര്‍ധശതകം പൂര്‍ത്തിയാക്കിയത്. താരത്തിന്റെ ഐ.പി.എല്ലിലെ 13-ാം അര്‍ധസെഞ്ചുറിയാണിത്.
സ്‌കോര്‍ 104-ല്‍ നില്‍ക്കെ രാഹുല്‍ ചഹാര്‍ വീണ്ടും കൊല്‍ക്കത്തയ്ക്ക് തിരിച്ചടി നല്‍കി. കൊല്‍ക്കത്ത നായകന്‍ ഒയിന്‍ മോര്‍ഗനെ പുറത്താക്കി രാഹുല്‍ മത്സരത്തിലെ മൂന്നാം വിക്കറ്റ് സ്വന്തമാക്കി. വെറും ഏഴ് റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്.
അധികം വൈകാതെ ടീമിന്റെ കുന്തമുനയായ നിതീഷ് റാണയും പവലിയനിലേക്ക് മടങ്ങി. 47 പന്തുകളില്‍ നിന്നും ആറ് ഫോറുകളുടെയും രണ്ട് സിക്‌സുകളുടെയും അകമ്പടിയോടെ 57 റണ്‍സെടുത്ത റാണയെ മടക്കി ചാഹര്‍ നാലാം വിക്കറ്റ് സ്വന്തമാക്കി. ചാഹറിന്റെ ഐ.പി.എല്‍ കരിയറിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്.
തൊട്ടടുത്ത ഓവറിലെ രണ്ടാം പന്തില്‍ 9 റണ്‍സെടുത്ത ഷാക്കിബ് അല്‍ ഹസ്സനെ പുറത്താക്കി ക്രുനാല്‍ പാണ്ഡ്യ കൊല്‍ക്കത്തയുടെ അഞ്ചാം വിക്കറ്റ് വീഴ്ത്തി. ഇതോടെ കൊല്‍ക്കത്ത 122 ന് അഞ്ച് എന്ന നിലയിലായി.
പിന്നീട് ക്രീസിലൊത്തുചേര്‍ന്ന ദിനേഷ് കാര്‍ത്തിക്-ആന്ദ്രെ റസ്സല്‍ സഖ്യം റണ്‍സ് കണ്ടെത്താന്‍ വിഷമിച്ചതോടെ മുംബൈ ക്യാമ്പില്‍ വിജയപ്രതീക്ഷയുണര്‍ന്നു. അവസാന രണ്ടോവറില്‍ കൊല്‍ക്കത്തയ്ക്ക് വിജയിക്കാന്‍ 19 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. 19-ാം ഓവര്‍ എറിഞ്ഞ ബുംറ വെറും നാല് റണ്‍സ് മാത്രമാണ് വഴങ്ങിയത്. ഇതോടെ അവസാന ഓവറില്‍ കൊല്‍ക്കത്തയ്ക്ക് വിജയിക്കാന്‍ 15 റണ്‍സ് വേണ്ട അവസ്ഥ വന്നു.
അവസാന ഓവറിലെ മൂന്നാം പന്തില്‍ റസ്സലിനെ പുറത്താക്കിയ ബോള്‍ട്ട് അടുത്ത പന്തില്‍ പാറ്റ് കമ്മിന്‍സിനെ പുറത്താക്കി മുംബൈയ്ക്ക് വിജയമുറപ്പിച്ചു. അവസാന രണ്ട് പന്തുകളില്‍ 13 റണ്‍സ് വേണ്ടിയിരുന്ന കൊല്‍ക്കത്തയ്ക്ക് ഏഴുവിക്കറ്റ് നഷ്ടത്തില്‍
മുംബൈയ്ക്ക് വേണ്ടി രാഹുല്‍ ചാഹര്‍ നാലോവറില്‍ വെറും 27 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ട്രെന്റ് ബോള്‍ട്ട് രണ്ട് വിക്കറ്റ് സ്വന്തമാക്കി. ക്രുനാല്‍ പാണ്ഡ്യ ഒരു വിക്കറ്റ് നേടി.
ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് 152 റണ്‍സിന് ഓള്‍ ഔട്ടായി. കൊല്‍ക്കത്തയ്ക്ക് വേണ്ടി ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സല്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. മികച്ച തുടക്കം കിട്ടിയിട്ടും അത് മുതലാക്കാന്‍ മുംബൈയ്ക്ക് സാധിച്ചില്ല. പേരുകേട്ട മുംബൈയുടെ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു.
ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ ഒയിന്‍ മോര്‍ഗന്‍ ബൗളിങ് തെരെഞ്ഞെടുക്കുകയായിരുന്നു. കൊല്‍ക്കത്ത കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേ ടീമിനെ നിലനിര്‍ത്തിയപ്പോള്‍ മുംബൈയില്‍ ക്രിസ് ലിന്നിന് പകരം ക്വിന്റണ്‍ ഡി കോക്ക് ടീമില്‍ ഇടം നേടി.
മുംബൈയ്ക്ക് വേണ്ടി രോഹിതും ഡി കോക്കും ചേര്‍ന്നാണ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ രണ്ടാം ഓവറില്‍ തന്നെ ഡി കോക്കിനെ മടക്കി വരുണ്‍ ചക്രവര്‍ത്തി മത്സരം കൊല്‍ക്കത്തയ്ക്ക് അനുകൂലമാക്കി. ആറുപന്തുകളില്‍ നിന്നും വെറും രണ്ട് റണ്‍സ് മാത്രമെടുത്ത ഡി കോക്കിനെ വരുണ്‍ രാഹുല്‍ ത്രിപത്രിയുടെ കൈയ്യിലെത്തിച്ചു. ഡി കോക്ക് പുറത്താവുമ്പോള്‍ രണ്ടോവറില്‍ 10 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലായി മുംബൈ.
ഡി കോക്കിന് പകരം ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് ഹര്‍ഭജന്‍ സിങ് എറിഞ്ഞ മൂന്നാം ഓവറില്‍ മൂന്ന് ബൗണ്ടറികള്‍ നേടിക്കൊണ്ട് വരവറിയിച്ചു. രോഹിത് ശര്‍മയെ കൂട്ടുപിടിച്ച് സൂര്യകുമാര്‍ മുംബൈ ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോയി. ഇരുവരും ബാറ്റിങ് പവര്‍പ്ലേയില്‍ 42 റണ്‍സ് നേടി. 7.3 ഓവറില്‍ മുംബൈ സ്‌കോര്‍ 50 കടന്നു. പിന്നാലെ രോഹിതും സൂര്യകുമാറും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
പിന്നാലെ സൂര്യകുമാര്‍ യാദവ് അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ 99 മീറ്റര്‍ നീളമുള്ള ഒരു പടുകൂറ്റന്‍ സിക്‌സ് നേടിയാണ് താരം ഐ.പി.എല്ലിലെ തന്റെ 12-ാം അര്‍ധസെഞ്ചുറി നേടിയത്. 33 പന്തുകളില്‍ നിന്നാണ് താരം അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയത്.
എന്നാല്‍ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയതിനുപിന്നാലെ സൂര്യകുമാറിനെ ഷാക്കിബ് അല്‍ ഹസ്സന്‍ പുറത്താക്കി. 36 പന്തുകളില്‍ നിന്നും ഏഴ് ബൗണ്ടറികളുടെയും രണ്ട് സിക്‌സുകളുടെയും സഹായത്തോടെ 56 റണ്‍സ് നേടിയാണ് താരം ക്രീസ് വിട്ടത്.
സൂര്യകുമാറിന് ശേഷം ക്രീസിലെത്തിയ ഇഷാന്‍ കിഷന് പക്ഷേ തിളങ്ങാനായില്ല. മൂന്നു പന്തുകളില്‍ നിന്നും ഒരു റണ്‍സ് മാത്രമെടുത്ത താരത്തെ പാറ്റ് കമ്മിന്‍സ് പ്രസിദ്ധ് കൃഷ്ണയുടെ കൈയ്യിലെത്തിച്ചു. ഇതോടെ 86 ന് ഒന്ന് എന്ന നിലയില്‍ നിന്നും 88 ന് മൂന്ന് എന്ന സ്‌കോറിലേക്ക് മുംബൈ വീണു.
പിന്നാലെ ക്രീസിലെത്തിയ ഹാര്‍ദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച് രോഹിത് ശര്‍മ ടീം സ്‌കോര്‍ 13.5 ഓവറില്‍ 100 കടത്തി. പിന്നീട് സ്‌കോറിങ്ങിന് വേഗം കുറഞ്ഞതോടെ മുംബൈ വിയര്‍ത്തു. 15.2 ഓവറില്‍ രോഹിത് ശര്‍മ കൂടി പുറത്തായതോടെ മുംബൈ 115 ന് നാല് വിക്കറ്റ് എന്ന നിലയിലായി. 32 പന്തുകളില്‍ നിന്നും മൂന്ന് ഫോറുകളുടെയും ഒരു സിക്‌സിന്റെയും സഹായത്തോടെ 43 റണ്‍സെടുത്ത രോഹിത്തിന്റെ വിക്കറ്റ് പാറ്റ് കമ്മിന്‍സ് വീഴ്ത്തി.
തൊട്ടടുത്ത ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യയെ മടക്കി പ്രസിദ്ധ് കൃഷ്ണ മുംബൈ ഇന്ത്യന്‍സിനെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. ഇതോടെ മുംബൈ 123 ന് അഞ്ച് എന്ന നിലയിലായി. അതിനുപിന്നാലെയുള്ള ഓവറില്‍ വെറും അഞ്ച് റണ്‍സെടുത്ത പൊള്ളാര്‍ഡിനെ ആന്ദ്രെ റസ്സല്‍ പുറത്താക്കി. തൊട്ടടുത്ത പന്തില്‍ യുവതാരം ജാന്‍സനെയും പുറത്താക്കി റസ്സല്‍ മുംബൈയ്ക്ക് ഇരട്ട പ്രഹരമേല്‍പ്പിച്ചു. ഇതോടെ മുംബൈ സ്‌കോര്‍ 126 ന് ഏഴ് എന്ന നിലയിലായി.
അവസാന ഓവറുകളില്‍ തകര്‍ത്തുകളിച്ച ക്രുനാല്‍ പാണ്ഡ്യയാണ് മുംബൈ സ്‌കോര്‍ 150 കടത്തിയത്. ഒന്‍പത് പന്തുകളില്‍ നിന്നും 15 റണ്‍സെടുത്ത ക്രുനാലിനെ അവസാന ഓവറില്‍ റസ്സല്‍ പുറത്താക്കി. തൊട്ടടുത്ത പന്തില്‍ ബുംറയെയും താരം പവലിയനിലേക്ക് മടക്കി. അവസാന പന്തില്‍ ബോള്‍ട്ടിനെയും മടക്കി റസ്സല്‍ മത്സരത്തില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. താരത്തിന്റെ ഏറ്റവും മികച്ച ട്വന്റി 20 ബൗളിങ് പ്രകടനമാണിത്.
രണ്ടോവറില്‍ വെറും 15 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് താരം അഞ്ചുവിക്കറ്റ് വീഴ്ത്തിയത്. റസ്സലിന് പുറമേ പാറ്റ് കമ്മിന്‍സ് കൊല്‍ക്കത്തയ്ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ പ്രസിദ്ധ് കൃഷ്ണ, ഷാക്കിബ് അല്‍ ഹസ്സന്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...
Content Highlights: Kolkata Knight Riders vs Mumbai Indians 2021 IPL