Photo: twitter.com|IPL
ഷാർജ:അവിശ്വസനീയമായ രംഗങ്ങള്‍ക്ക് വേദിയായ ആവേശകരമായ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ മൂന്ന് വിക്കറ്റിന് കീഴടക്കി ഐ.പി.എൽ ഫൈനലില്‍ പ്രവേശിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഡല്‍ഹി ഉയര്‍ത്തിയ 136 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊല്‍ക്കത്ത അവസാന ഓവറിലെ അഞ്ചാം പന്തിലാണ് വിജയം നേടിയത്. ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് കൊല്‍ക്കത്തയുടെ എതിരാളി. സ്‌കോര്‍: ഡല്‍ഹി 20 ഓവറില്‍ അഞ്ചിന് 135, കൊല്‍ക്കത്ത 19.5 ഓവറില്‍ ഏഴിന് 136.
ഒരു ഘട്ടത്തില്‍ അനായാസ വിജയത്തിലേക്ക് കുതിക്കുകയായിരുന്ന കൊല്‍ക്കത്തയെ വലിയ തകര്‍ച്ചയിലേക്ക് തള്ളിയിട്ട് വിറപ്പിച്ചാണ് ഡല്‍ഹി കീഴടങ്ങിയത്. 136 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊല്‍ക്കത്ത ഒരു ഘട്ടത്തില്‍ 14.5 ഓവറില്‍ ഒരു വിക്കറ്റിന് 123 റണ്‍സ് എന്ന ശക്തമായ നിലയിലായിരുന്നു. അവിടുന്നങ്ങോട്ട് ചീട്ടുകൊട്ടാരം പോലെ തകര്‍ത്ത കൊല്‍ക്കത്ത 130 ന് ഏഴ് എന്ന സ്‌കോറിലേക്ക് വീണു. അവസാന ഓവറില്‍ സിക്‌സടിച്ചുകൊണ്ട് രാഹുല്‍ ത്രിപാഠിയാണ് കൊല്‍ക്കത്തയ്ക്ക് വിജയം സമ്മാനിച്ചത്.
അര്‍ധസെഞ്ചുറി നേടിയ വെങ്കടേഷ് അയ്യരും ശുഭ്മാന്‍ ഗില്ലും മികച്ച ബൗളിങ് കാഴ്ചവെച്ച വരുണ്‍ ചക്രവര്‍ത്തിയുമാണ് കൊല്‍ക്കത്തയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. കൊല്‍ക്കത്ത ഇത് മൂന്നാം തവണയാണ് ഐ.പി.എല്ലിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്. മുന്‍പ് രണ്ട് തവണ ഫൈനലില്‍ പ്രവേശിച്ചപ്പോഴും കൊല്‍ക്കത്ത കിരീടം നേടിയിരുന്നു. മത്സരത്തില്‍ തോറ്റതോടെ ഡല്‍ഹി മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു.
136 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ് ആരംഭിച്ച കൊല്‍ക്കത്തയ്ക്ക് വേണ്ടി ശുഭ്മാന്‍ ഗില്ലും വെങ്കടേഷ് അയ്യരുമാണ് ഓപ്പണ്‍ ചെയ്തത്. ആദ്യ പന്തില്‍ തന്നെ ഗില്‍ ബൗണ്ടറി നേടി. പിന്നാലെ വെങ്കടേഷ് അയ്യര്‍ തകര്‍ത്തടിക്കാന്‍ തുടങ്ങിയതോടെ കൊല്‍ക്കത്ത സ്‌കോര്‍ കുതിച്ചു. 5.4 ഓവറില്‍ ടീം സ്‌കോര്‍ 50 കടന്നു.
ബാറ്റിങ് പവര്‍പ്ലേയ്ക്ക് ശേഷം വളരെ ശ്രദ്ധിച്ചാണ് ഗില്ലും അയ്യരും ബാറ്റുവീശിയത്. സിംഗിളുകളും ഡബിളുകളുമായി ഇരുവരും റണ്‍റേറ്റ് താഴാതെ കാത്തു. മോശം പന്തുകള്‍ തിരഞ്ഞുപിടിച്ച് പ്രഹരിക്കാനും മറന്നില്ല. ആദ്യ പത്തോവറില്‍ കൊല്‍ക്കത്ത വിക്കറ്റ് നഷ്ടമില്ലാതെ 76 റണ്‍സെടുത്തു.
പിന്നാലെ വെങ്കടേഷ് അയ്യര്‍ അര്‍ധസെഞ്ചുറി നേടി. 38 പന്തുകളില്‍ നിന്നാണ് താരം സീസണിലെ മൂന്നാം അര്‍ധസെഞ്ചുറി നേടിയത്. യു.എ.ഇയിലെ മൂന്ന് സ്റ്റേഡിയങ്ങളിലും അര്‍ധസെഞ്ചുറി നേടാന്‍ വെങ്കടേഷിന് സാധിച്ചു.
എന്നാല്‍ 13-ാം ഓവിലെ രണ്ടാം പന്തില്‍ വെങ്കടേഷ് അയ്യരെ റബാദ പുറത്താക്കി. 41 പന്തുകളില്‍ നിന്ന് നാല് ബൗണ്ടറിയുടെയും മൂന്ന് സിക്‌സിന്റെയും സഹായത്തോടെ 55 റണ്‍സെടുത്ത് മികച്ച അടിത്തറ സമ്മാനിച്ചാണ് വെങ്കടേഷ് ക്രീസ് വിട്ടത്. ഒപ്പം ആദ്യ വിക്കറ്റില്‍ ഗില്ലിനൊപ്പം 96 റണ്‍സിന്റെ വലിയ കൂട്ടുകെട്ടുണ്ടാക്കാനും സാധിച്ചു.
വെങ്കടേഷിന് പകരം നിതീഷ് റാണ ക്രീസിലെത്തി. 13 റണ്‍സെടുത്ത റാണ അനാവശ്യ ഷോട്ടിന് ശ്രമിച്ച് നോര്‍ക്കെയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. പിന്നാലെ ഗില്ലും വീണു. 46 റണ്‍സെടുത്ത ഗില്ലിനെ ആവേശ് ഖാന്‍ ഋഷഭ് പന്തിന്റെ കൈയ്യിലെത്തിച്ചു.
പിന്നീട് ക്രീസിലൊന്നിച്ച രാഹുല്‍ ത്രിപാഠിയും ദിനേശ് കാര്‍ത്തിക്കും റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടി. 18-ാം ഓവറെറിഞ്ഞ റബാദയുടെ ഓവറില്‍ വെറും ഒരു റണ്‍സാണ് കൊല്‍ക്കത്തയ്ക്ക് നേടാനായത്. ആ ഓവറിലെ അവസാന പന്തില്‍ ദിനേശ് കാര്‍ത്തിക്കിന്റെ വിക്കറ്റ് റബാദ പിഴുതതോടെ കളി ആവേശത്തിലായി.
അവസാന രണ്ടോവറില്‍ കൊല്‍ക്കത്തയുടെ വിജയലക്ഷ്യം 10 റണ്‍സായി മാറി. കാര്‍ത്തിക്കിന് പകരം നായകന്‍ മോര്‍ഗന്‍ ക്രീസിലെത്തി. 19-ാം ഓവറെറിഞ്ഞ നോര്‍ക്കെ വെറും മൂന്ന് റണ്‍സ് മാത്രം വിട്ടുനല്‍കി. ഓവറിലെ അവസാന പന്തില്‍ മോര്‍ഗനെ ബൗള്‍ഡാക്കുകയും ചെയ്തതോടെ മത്സരം കനത്തു. ഇതോടെ അവസാന ഓവറില്‍ കൊല്‍ക്കത്തയുടെ വിജയലക്ഷ്യം ഏഴ് റണ്‍സായി. 123 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയില്‍ നിന്നാണ് കൊല്‍ക്കത്ത 129 ന് അഞ്ച് എന്ന സ്‌കോറിലേക്ക് വീണത്.
അവസാന ഓവര്‍ അശ്വിനാണ് എറിഞ്ഞത്. ആദ്യ പന്തില്‍ രാഹുല്‍ സിംഗിളെടുത്തു. രണ്ടാം പന്തില്‍ പുതുതായി ക്രീസിലെത്തിയ ഷാക്കിബിന് റണ്‍സെടു്കാനായില്ല. മൂന്നാം പന്തില്‍ ഷാക്കിബിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി അശ്വിന്‍ കളി കൂടുതല്‍ സമ്മര്‍ദ്ദത്തിലേക്ക് വീഴ്ത്തി. ഇതോടെ കൊല്‍ക്കത്തയുടെ വിജയലക്ഷ്യം മൂന്ന് പന്തില്‍ നിന്ന് ആറ് റണ്‍സായി.
സുനില്‍ നരെയ്‌നാണ് ക്രീസിലെത്തിയത്. നാലാം പന്തില്‍ നരെയ്‌നിനെ മടക്കി അശ്വിന്‍ വീണ്ടും ഡല്‍ഹിയ്ക്ക് വിജയപ്രതീക്ഷ നല്‍കി. എന്നാല്‍ അഞ്ചാം പന്തില്‍ സിക്‌സടിച്ചുകൊണ്ട് രാഹുല്‍ കൊല്‍ക്കത്തയ്ക്ക് വിജയം സമ്മാനിച്ചു. അവിശ്വസനീയമായ രംഗങ്ങള്‍ക്കാണ് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം വേദിയായത്. രാഹുല്‍ 12 റണ്‍സെടുത്തും ഫെര്‍ഗൂസന്‍ റണ്ണൊന്നും എടുക്കാതെയും പുറത്താവാതെ നിന്നു.
ഡല്‍ഹിയ്ക്ക് വേണ്ടി ആന്റിച്ച് നോര്‍ക്കെ, അശ്വിന്‍, റബാദ, എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ആവേശ് ഖാന്‍ ഒരു വിക്കറ്റ് സ്വന്തമാക്കി.
ഡല്‍ഹി നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുത്തു. കണിശതയോടെ പന്തെറിഞ്ഞ കൊല്‍ക്കത്ത ബൗളര്‍മാരാണ് ഡല്‍ഹിയെ ചെറിയ സ്‌കോറിന് ഒതുക്കിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ പൃഥ്വി ഷായും ശിഖര്‍ ധവാനും ചേര്‍ന്ന് നല്‍കിയത്. ഇരുവരും ആദ്യ നാലോവറില്‍ 32 റണ്‍സെടുത്തു. എന്നാല്‍ അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ തന്നെ അപകടകാരിയായ ഷായെ മടക്കി വരുണ്‍ ചക്രവര്‍ത്തി ഡല്‍ഹിയെ തളര്‍ത്തി. 12 പന്തുകളില്‍ നിന്ന് 18 റണ്‍സെടുത്ത താരത്തെ വരുണ്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.
ഷായ്ക്ക് പകരം ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയിനിസാണ് ക്രീസിലെത്തിയത്. ബാറ്റിങ് പവര്‍പ്ലേയില്‍ ഡല്‍ഹി ഒരു വിക്കറ്റ് നഷ്ടത്തില്‍ 38 റണ്‍സെടുത്തു.7.1 ഓവറില്‍ ടീം സ്‌കോര്‍ 50 കടന്നു. സ്‌റ്റോയിനിസും ധവാനും റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയതോടെ ഡല്‍ഹി റണ്‍റേറ്റ് ഇടിഞ്ഞു. ആദ്യ പത്തോവറില്‍ 65 റണ്‍സ് മാത്രമാണ് ടീമിന് നേടാനായത്.
സ്‌കോര്‍ 71 -ല്‍ നില്‍ക്കേ 23 പന്തുകളില്‍ നിന്ന് 18 റണ്‍സെടുത്ത സ്റ്റോയിനിസിന്റെ കുറ്റി പിഴുതെടുത്ത് ശിവം മാവി ഡല്‍ഹിയുടെ രണ്ടാം വിക്കറ്റ് സ്വന്തമാക്കി. സ്റ്റോയിനിസിന് പകരം ശ്രേയസ് അയ്യരാണ് ക്രീസിലെത്തിയത്. സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രേയസ് ശ്രമിച്ചെങ്കിലും കണിശതയോടെ പന്തെറിഞ്ഞ കൊല്‍ക്കത്ത ബൗളര്‍മാര്‍ അതിന് അനുവദിച്ചില്ല.
15-ാം ഓവറിലെ ആദ്യ പന്തില്‍ ക്ഷമയോടെ പിടിച്ചുനിന്ന ശിഖര്‍ ധവാനെ വരുണ്‍ ചക്രവര്‍ത്തി പുറത്താക്കി. അനാവശ്യ ഷോട്ടിന് ശ്രമിച്ച ധവാന്‍ ഷാക്കിബ് അല്‍ ഹസ്സന് ക്യാച്ച് നല്‍കി മടങ്ങി. 39 പന്തുകളില്‍ നിന്ന് 36 റണ്‍സെടുത്താണ് താരം മടങ്ങിയത്. ധവാന്‍ മടങ്ങുമ്പോള്‍ ഡല്‍ഹി 83 റണ്‍സ് മാത്രമാണെടുത്തത്.
പിന്നാലെ വന്ന ഡല്‍ഹി നായകന്‍ ഋഷഭ് പന്തിനും പിടിച്ചുനില്‍ക്കാനായില്ല. വെറും ആറ് റണ്‍സ് മാത്രമെടുത്ത പന്തിനെ ലോക്കി ഫെര്‍ഗൂസന്‍ രാഹുല്‍ ത്രിപാഠിയുടെ കൈയ്യിലെത്തിച്ചു. ഇതോടെ ഡല്‍ഹി 15.2 ഓവറില്‍ 90 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലേക്ക് വീണു.
പന്തിന് പകരം വന്ന ഷിംറോണ്‍ ഹെറ്റ്‌മെയറെ വരുണ്‍ ചക്രവര്‍ത്തി പുറത്താക്കിയെങ്കിലും അമ്പയര്‍ നോബോള്‍ വിളിച്ചു. ഫ്രീഹിറ്റ് ലഭിച്ചിട്ടും അത് മുതലാക്കാന്‍ ഡല്‍ഹിയ്ക്ക് സാധിച്ചില്ല. 17.1 ഓവറിലാണ് ടീം സ്‌കോര്‍ 100 കടന്നത്. പിന്നാലെ രണ്ട് സിക്‌സടിച്ച് ഹെറ്റ്‌മെയര്‍ സ്‌കോര്‍ ഉയര്‍ത്തി. എന്നാല്‍ 19-ാം ഓവറില്‍ അനാവശ്യ റണ്ണിന് ശ്രമിച്ച ഹെറ്റ്‌മെയറെ വെങ്കടേഷ് അയ്യര്‍ റണ്‍ ഔട്ടാക്കി. 10 പന്തുകളില്‍ നിന്ന് 17 റണ്‍സാണ് താരം നേടിയത്.
അവസാന ഓവറില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത ശ്രേയസ് അയ്യരാണ് ടീം സ്‌കോര്‍ 130 കടത്തിയത്. ശ്രേയസ് 30 റണ്‍സെടുത്തും അക്ഷര്‍ പട്ടേല്‍ നാല് റണ്‍സ് നേടിയും പുറത്താവാതെ നിന്നു.
കൊല്‍ക്കത്തയ്ക്ക് വേണ്ടി വരുണ്‍ ചക്രവര്‍ത്തി നാലോവറില്‍ 26 റണ്‍സ് മാത്രം വിട്ടുനല്‍കി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ശിവം മാവി, ലോക്കി ഫെര്‍ഗൂസന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം....
Content Highlights: Kolkata Knight Riders vs Delhi Capitals second qualifier ipl 2021