Photo: iplt20.com
അബുദാബി: ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നാലു റണ്‍സിന് തോല്‍പ്പിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. 142 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റെടുത്ത ബാംഗ്ലൂരിനെ ഹൈദരാബാദ് ആറു വിക്കറ്റ് നഷ്ടത്തില്‍ 137 എന്ന സ്‌കോറിലൊതുക്കി.
അവസാന ഓവറില്‍ ജയിക്കാന്‍ 13 റണ്‍സ് വേണ്ടപ്പോള്‍ എട്ടു റണ്‍സ് മാത്രമാണ് ബാംഗ്ലൂരിന് നേടാനായത്. എ ബി ഡിവില്ലിയേഴ്‌സ് ക്രീസിലുണ്ടായിട്ടും മികച്ച രീതിയില്‍ പന്തെറിഞ്ഞ ഭുവനേശ്വര്‍ കുമാര്‍ ഹൈദരാബാദിന് മൂന്നാം ജയം നേടിക്കൊടുക്കുകയായിരുന്നു. ഡിവില്ലിയേഴ്‌സ് 13 പന്തില്‍ 19 റണ്‍സുമായി പുറത്താകാതെ നിന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ വിരാട് കോലിയെ (5) അവര്‍ക്ക് നഷ്ടമായി. പിന്നാലെ നാലാം ഓവറില്‍ ഒരു റണ്ണുമായി ഡാനിയല്‍ ക്രിസ്റ്റിയനും മടങ്ങി. തുടര്‍ന്നെത്തിയ ശ്രീകര്‍ ഭരത്തിനും (12) കാര്യമായ സംഭാവനകള്‍ നല്‍കാനായില്ല.
പിന്നാലെ ക്രീസില്‍ ഒന്നിച്ച ദേവ്ദത്ത് പടിക്കല്‍ - ഗ്ലെന്‍ മാക്‌സ്‌വെല്‍ സഖ്യമാണ് ബാംഗ്ലൂര്‍ ഇന്നിങ്‌സ് ട്രാക്കിലാക്കിയത്. 25 പന്തില്‍ നിന്ന് രണ്ടു സിക്‌സും മൂന്ന് ഫോറുമടക്കം 40 റണ്‍സെടുത്ത മാക്‌സ്‌വെല്‍ 15-ാം ഓവറില്‍ പുറത്തായതോടെ ബാംഗ്ലൂര്‍ പതറി.
പിന്നാലെ 17-ാം ഓവറില്‍ 52 പന്തില്‍ നിന്ന് നാലു ഫോറടക്കം 41 റണ്‍സെടുത്ത ദേവ്ദത്ത് പടിക്കലിന്റെ ഇഴച്ചില്‍ ഇന്നിങ്‌സ് റാഷിദ് ഖാന്‍ അവസാനിപ്പിച്ചു. പിന്നാലെ ഒമ്പത് പന്തില്‍ 14 റണ്‍സുമായി ഷഹബാസ് അഹമ്മദും മടങ്ങി. ഒടുവില്‍ അവസാന ഓവറില്‍ ജയിക്കാന്‍ 13 റണ്‍സ് വേണ്ടപ്പോള്‍ ഒരു സിക്‌സര്‍ നേടിയെങ്കിലും ഡിവില്ലിയേഴ്‌സിനും ബാംഗ്ലൂരിനെ വിജയത്തിലെത്തിക്കാനായില്ല.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുത്തു.
38 പന്തില്‍ നിന്ന് അഞ്ചു ഫോറടക്കം 44 റണ്‍സെടുത്ത ജേസണ്‍ റോയിയാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍.
ആദ്യം ബാറ്റെടുത്ത ഹൈദരാബാദിന് രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ അഭിഷേക് ശര്‍മയെ നഷ്ടമായിരുന്നു. 13 റണ്‍സെടുത്ത താരത്തെ ജോര്‍ജ് ഗാര്‍ട്ടനാണ് മടക്കിയത്.
പിന്നാലെ രണ്ടാം വിക്കറ്റില്‍ ഒന്നിച്ച റോയ് - ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ സഖ്യം ഹൈദരാബാദിനെ 84 റണ്‍സ് വരെയെത്തിച്ചു. 70 റണ്‍സ് ചേര്‍ത്ത ഈ കൂട്ടുകെട്ട് 12-ാം ഓവറില്‍ ഹര്‍ഷല്‍ പട്ടേല്‍ പൊളിച്ചു. 29 പന്തില്‍ നിന്നും നാല് ഫോറടക്കം 31 റണ്‍സെടുത്ത വില്യംസണെ ഹര്‍ഷല്‍ ബൗള്‍ഡാക്കുകയായിരുന്നു.
തുടര്‍ന്നെത്തിയ പ്രിയം ഗാര്‍ഗ് ഇത്തവണയും നിരാശപ്പെടുത്തി. 15 റണ്‍സെടുത്ത ഗാര്‍ഗിനെ ഡാനിയല്‍ ക്രിസ്റ്റ്യന്‍ മടക്കി. ഇതേ ഓവറില്‍ തന്നെ ജേസണ്‍ റോയിയേയും മടക്കിയ ക്രിസ്റ്റ്യന്‍ സണ്‍റൈസേഴ്സ് സ്‌കോറിങ്ങിന് കടിഞ്ഞാണിട്ടു.
അബ്ദുള്‍ സമദ് (1), വൃദ്ധിമാന്‍ സാഹ (10), ജേസണ്‍ ഹോള്‍ഡര്‍ (16) എന്നിവരും കാര്യമായ സംഭാവനകളില്ലാതെ മടങ്ങി.
ബാംഗ്ലൂരിനായി ഹര്‍ഷല്‍ പട്ടേല്‍ മൂന്നും ഡാനിയല്‍ ക്രിസ്റ്റ്യന്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
നേരത്തെ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
Content Highlights: IPL 2021 Royal Challengers Bangalore take on Sunrisers Hyderabad