Photo: iplt20.com
അബുദാബി: ഐ.പി.എല്ലില്‍ ശനിയാഴ്ച നടന്ന രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം വെറും 17.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി രാജസ്ഥാന്‍ മറികടന്നു.
അര്‍ധ സെഞ്ചുറി നേടിയ യശസ്വി ജെയ്‌സ്വാളും ശിവം ദുബെയുമാണ് രാജസ്ഥാനെ അനായാസം വിജയത്തിലെത്തിച്ചത്. 42 പന്തുകള്‍ നേരിട്ട ദുബെ നാല് വീതം സിക്‌സും ഫോറുമടക്കം 64 റണ്‍സോടെ പുറത്താകാതെ നിന്നു.
ജയത്തോടെ മുംബൈ ഇന്ത്യന്‍സിനെ മറികടന്ന് രാജസ്ഥാന്‍ ആറാം സ്ഥാനത്തേക്ക് കയറി.
എവിന്‍ ലൂയിസും യശസ്വി ജെയ്‌സ്വാളും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് രാജസ്ഥാന് നല്‍കിയത്. 32 പന്തില്‍ 77 റണ്‍സടിച്ച ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 12 പന്തില്‍ രണ്ടു വീതം സിക്‌സും ഫോറുമടക്കം 27 റണ്‍സെടുത്ത ലൂയിസിനെ പുറത്താക്കി ഷാര്‍ദുല്‍ താക്കൂറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
പിന്നാലെ തന്റെ ആദ്യ പന്തില്‍ തന്നെ മലയാളി താരം കെ.എം ആസിഫ് ജെയ്‌സ്വാളിനെ മടക്കി. 21 പന്തില്‍ നിന്ന് മൂന്നു സിക്‌സും ആറു ഫോറുമടക്കം 50 റണ്‍സെടുത്താണ് ജെയ്‌സ്വാള്‍ പുറത്തായത്.
പിന്നാലെ ക്രീസില്‍ ഒന്നിച്ച സഞ്ജു സാംസണ്‍ - ശിവം ദുബെ സഖ്യം കൂട്ടിച്ചേര്‍ത്ത 89 റണ്‍സാണ് രാജസ്ഥാന്‍ വിജയത്തില്‍ നിര്‍ണായകമായത്. 24 പന്തില്‍ നിന്ന് നാല് ഫോറുകളടക്കം 28 റണ്‍സെടുത്ത സഞ്ജുവിനെ പുറത്താക്കി ഷാര്‍ദുല്‍ താക്കൂറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ഗ്ലെന്‍ ഫിലിപ്പ് 14 റണ്‍സോടെ പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തു.
കന്നി ഐ.പി.എല്‍ സെഞ്ചുറി നേടിയ ഋതുരാജ് ഗെയ്ക്വാദാണ് ചെന്നൈക്കായി തിളങ്ങിയത്. 60 പന്തുകള്‍ നേരിട്ട താരം അഞ്ചു സിക്സും ഒമ്പത് ഫോറുമടക്കം 101 റണ്‍സോടെ പുറത്താകാതെ നിന്നു. അവസാന പന്തില്‍ സിക്സറടിച്ചാണ് റുതുരാജ് സെഞ്ചുറി തികച്ചത്.
അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച രവീന്ദ്ര ജഡേജ വെറും 15 പന്തില്‍ ഒരു സിക്സും നാല് ഫോറുമടക്കം 32 റണ്‍സോടെ പുറത്താകാതെ നിന്നു. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 55 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.
മികച്ച തുടക്കമായിരുന്നു ചെന്നൈയുടേത്. ഓപ്പണിങ് വിക്കറ്റില്‍ 47 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഋതുരാജ് - ഫാഫ് ഡുപ്ലെസി സഖ്യം പിരിഞ്ഞത്. 19 പന്തില്‍ നിന്ന് 25 റണ്‍സെടുത്ത ഡുപ്ലെസിയെ രാഹുല്‍ തെവാട്ടിയയുടെ പന്തില്‍ സഞ്ജു സ്റ്റമ്പ് ചെയ്യുകയായിരുന്നു. പിന്നാലെ മോശം ഫോം തുടരുന്ന സുരേഷ് റെയ്ന മൂന്ന് റണ്‍സുമായി തെവാട്ടിയക്ക് തന്നെ വിക്കറ്റ് സമ്മാനിച്ച് മടങ്ങി.
മൂന്നാം വിക്കറ്റില്‍ ഋതുരാജിനൊപ്പം മോയിന്‍ അലി ചേര്‍ന്നതോടെ ചെന്നൈ ഇന്നിങ്സിന് ജീവന്‍ വെച്ചു. 57 റണ്‍സ് ചെന്നൈ സ്‌കോറിലേക്ക് ചേര്‍ത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 17 പന്തില്‍ 21 റണ്‍സെടുത്ത അലിയെ പുറത്താക്കി തെവാട്ടിയ തന്നെയാണ് ഈ കൂട്ടുകെട്ടും പൊളിച്ചത്.
രാജസ്ഥാന് വേണ്ടി തെവാട്ടിയ നാല് ഓവറില്‍ 39 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.
Content Highlights: IPL 2021 Rajasthan Royals take on Chennai Super Kings