Photo: iplt20.com
ഷാര്‍ജ: ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ 8 വിക്കറ്റിന് തകര്‍ത്ത് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി മുംബൈ ഇന്ത്യന്‍സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ ഉയര്‍ത്തിയ 91 റണ്‍സ് വിജയലക്ഷ്യം 8.2 ഓവറില്‍ വെറും രണ്ടു വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി മുംബൈ മറികടന്നു.
തകര്‍ത്തടിച്ച് 25 പന്തില്‍ നിന്ന് മൂന്ന് സിക്‌സും അഞ്ചു ഫോറുമടക്കം 50 റണ്‍സോടെ പുറത്താകാതെ നിന്ന ഇഷാന്‍ കിഷനാണ് മുംബൈയെ അനായാസം വിജയത്തിലെത്തിച്ചത്.
തോല്‍വിയോടെ രാജസ്ഥാന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചു. ജയത്തോടെ 12 പോയന്റുമായി മുംബൈ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. പ്ലേ ഓഫില്‍ സ്ഥാനം ലഭിക്കുമോ എന്നറിയാന്‍ മുംബൈക്ക് അവസാന മത്സരം വരെ കാത്തിരിക്കണം.
13 പന്തില്‍ 22 റണ്‍സെടുത്ത രോഹിത് ശര്‍മ, എട്ടു പന്തില്‍ 13 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവ് എന്നിവരുടെ വിക്കറ്റുകള്‍ മാത്രമാണ് മുംബൈക്ക് നഷ്ടമായത്. ഹാര്‍ദിക് പാണ്ഡ്യ അഞ്ചു രണ്‍സോടെ പുറത്താകാതെ നിന്നു.
നേരത്തെ ഐ.പി.എല്ലില്‍ മോശം ബാറ്റിങ് പ്രകടനം പുറത്തെടുത്ത രാജസ്ഥാന്‍ റോയല്‍സിന് 20 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ നേടാനായത് 90 റണ്‍സ് മാത്രമായിരുന്നു.
ഇത്തവണത്തെ സീസണില്‍ ഷാര്‍ജയിലെ ഏറ്റവും ചെറിയ സ്‌കോറാണിത്. 24 റണ്‍സെടുത്ത എവിന്‍ ലൂയിസാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. അഞ്ചു പേര്‍ രണ്ടക്കം കാണാതെ പുറത്തായി.
നാലു വിക്കറ്റ് വീഴ്ത്തിയ നഥാന്‍ കോള്‍ട്ടര്‍ നൈലും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജെയിംസ് നീഷാമുമാണ് രാജസ്ഥാനെ തകര്‍ത്തത്. നാല് ഓവറില്‍ വെറും 14 റണ്‍സ് മാത്രം വഴങ്ങിയാണ് കോള്‍ട്ടര്‍ നൈല്‍ നാലു വിക്കറ്റ് വീഴ്ത്തിയത്. ബുംറ രണ്ടു വിക്കറ്റെടുത്തു.
എവിന്‍ ലൂയിസും യശസ്വി ജെയ്‌സ്വാളും ചേര്‍ന്ന് സാമാന്യം ഭേദപ്പെട്ട തുടക്കമാണ് തുടക്കമാണ് രാജസ്ഥാന് നല്‍കിയത്. എന്നാല്‍ നാലാം ഓവറില്‍ ജെയ്‌സ്വാള്‍ പുറത്തായതോടെ തകര്‍ച്ച തുടങ്ങി.
12 (9) റണ്‍സെടുത്ത ജെയ്‌സ്വാളിനെ നഥാന്‍ കോള്‍ട്ടര്‍ നൈലാണ് മടക്കിയത്. പിന്നാലെ 24 (19) റണ്‍സെടുത്ത എവിന്‍ ലൂയിസിനെ ബുംറ വിക്കറ്റിന് മുന്നില്‍ കുടുക്കി.
ക്യാപ്റ്റന്‍ സഞ്ജു സാംസണും ഇത്തവണ നിരാശപ്പെടുത്തി. മൂന്ന് റണ്‍സ് മാത്രമെടുത്ത സഞ്ജുവിനെ ജെയിംസ് നീഷാം പുറത്താക്കി. കഴിഞ്ഞ മത്സരത്തിലെ വിജയശില്‍പി ശിവം ദുബെയുടെ ഊഴമായിരുന്നു അടുത്തത്. മൂന്ന് റണ്‍സെടുത്ത ദുബെയേയും നീഷാമാണ് മടക്കിയത്. തുടര്‍ന്നെത്തിയ ഗ്ലെന്‍ ഫിലിപ്പിനും പിടിച്ചുനില്‍ക്കാനായില്ല. നാലു റണ്‍സ് മാത്രമെടുത്ത താരത്തെ കോള്‍ട്ടര്‍ നൈലാണ് മടക്കിയത്.
രാഹുല്‍ തെവാട്ടിയ (12), ശ്രേയസ് ഗോപാല്‍ (0), ചേതന്‍ സക്കറിയ (6) എന്നിവരും പിന്നാലെ മടങ്ങി.
നേരത്തെ ടോസ് നേടിയ മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.
മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...
Content Highlights: IPL 2021 Rajasthan Royals against Mumbai Indians to guarantee playoffs berth