Photo: iplt20.com
ദുബായ്: ഐ.പി.എല്ലില്‍ ഈ സീസണിലെ അവസാന മത്സരത്തില്‍ തകര്‍പ്പന്‍ ജയവുമായി പഞ്ചാബ് കിങ്‌സ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ ആറു വിക്കറ്റിനായിരുന്നു പഞ്ചാബിന്റെ ജയം.
സൂപ്പര്‍ കിങ്‌സ് ഉയര്‍ത്തിയ 135 റണ്‍സ് വിജയലക്ഷ്യം 13 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി പഞ്ചാബ് മറികടന്നു.
തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുത്ത പഞ്ചാബ് ക്യാപ്റ്റന്‍ കെ.എല്‍ രാഹുലാണ് ടീമിന്റെ വിജയം എളുപ്പമാക്കിയത്. 41 പന്തില്‍ നിന്ന് എട്ടു സിക്‌സും ഏഴു ഫോറുമടക്കം രാഹുല്‍ 98 റണ്‍സോടെ പുറത്താകാതെ നിന്നു.
മായങ്ക് അഗര്‍വാള്‍ (12), സര്‍ഫറാസ് ഖാന്‍ (0), ഷാരൂഖ് ഖാന്‍ (8), എയ്ഡന്‍ മാര്‍ക്രം (13) എന്നിവരാണ് പുറത്തായ താരങ്ങള്‍.
ചെന്നൈക്കായി ഷാര്‍ദുല്‍ താക്കൂര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയെ പഞ്ചാബ് ബൗളര്‍മാര്‍ ആറിന് 134 എന്ന സ്‌കോറിലൊതുക്കിയിരുന്നു.
അര്‍ധ സെഞ്ചുറി നേടിയ ഫാഫ് ഡുപ്ലെസിയാണ് ചെന്നൈയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 55 പന്തുകള്‍ നേരിട്ട ഡുപ്ലെസി രണ്ടു സിക്സും എട്ട് ഫോറുമടക്കം 76 റണ്‍സെടുത്തു.
ആറാം വിക്കറ്റില്‍ രവീന്ദ്ര ജഡേജയ്ക്കൊപ്പം ഡുപ്ലെസി കൂട്ടിച്ചേര്‍ത്ത 67 റണ്‍സാണ് ചെന്നൈയെ 100 കടത്തിയത്.
ജഡേജ 17 പന്തില്‍ നിന്ന് 15 റണ്‍സോടെ പുറത്താകാതെ നിന്നു.
ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് നാലാം ഓവറില്‍ തന്നെ ആദ്യ തിരിച്ചടിയേറ്റു. ഫോമിലുള്ള ഋതുരാജ് ഗെയ്ക്വാദിനെ (12) അര്‍ഷദീപ് സിങ് മടക്കി. പിന്നാലെ അക്കൗണ്ട് തുറക്കും മുമ്പ് മോയിന്‍ അലിയും മടങ്ങി.
റോബിന്‍ ഉത്തപ്പ (2), അമ്പാട്ടി റായുഡു (4) എന്നിവരും നിരാശപ്പെടുത്തി. ക്യാപ്റ്റന്‍ എം.എസ് ധോനിക്ക് 15 പന്തില്‍ നിന്ന് നേടാനായത് 12 റണ്‍സ് മാത്രം.
പഞ്ചാബിനായി അര്‍ഷദീപ് സിങ്ങും ക്രിസ് ജോര്‍ദാനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
Content Highlights: IPL 2021 Punjab Kings against Chennai Super Kings