Photo:twitter.com|WisdenIndia
ചെന്നൈ: ആവേശം അവസാന പന്തു വരെ നീണ്ടുനിന്ന ഐ.പി.എല്ലിന്റെ 14-ാം സീസണിലെ ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് രണ്ടു വിക്കറ്റ് ജയം.
മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം അവസാന പന്തില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ ആര്‍.സി.ബി മറികടന്നു.
27 പന്തില്‍ നിന്ന് രണ്ട് സിക്‌സും നാല് ഫോറുമടക്കം 48 റണ്‍സെടുത്ത എ ബി ഡിവില്ലിയേഴ്‌സാണ് ആര്‍.സി.ബിയുടെ വിജയ ശില്‍പി. അവസാന ഓവറില്‍ ഡിവില്ലിയേഴ്‌സ് റണ്ണൗട്ടായെങ്കിലും ഹര്‍ഷല്‍ പട്ടേല്‍ (4*) ടീമിനെ വിജയത്തിലെത്തിച്ചു.
മുംബൈ ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ആര്‍.സി.ബിക്കായി ക്യാപ്റ്റന്‍ വിരാട് കോലിയും വാഷിങ്ടണ്‍ സുന്ദറുമാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. സ്‌കോര്‍ 36-ല്‍ നില്‍ക്കെ 10 റണ്‍സെടുത്ത സുന്ദറിനെ ക്രുനാല്‍ പാണ്ഡ്യ മടക്കി.
ആര്‍.സി.ബിക്കായി അരങ്ങേറ്റ മത്സരം കളിച്ച രജത് പട്ടിദാറിന് എട്ടു റണ്‍സ് മാത്രമേ നേടാനായുള്ളൂ.
മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന കോലി - ഗ്ലെന്‍ മാക്‌സ്‌വെല്‍ സഖ്യം 52 റണ്‍സ് ആര്‍.സി.ബി സ്‌കോറിലേക്ക് ചേര്‍ത്തു. 29 പന്തില്‍ നിന്ന് നാല് ഫോറടക്കം 33 റണ്‍സെടുത്ത കോലിയെ പുറത്താക്കി ജസ്പ്രീത് ബുംറയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
പിന്നാലെ 28 പന്തില്‍ നിന്ന് രണ്ടു സിക്‌സും മൂന്നു ഫോറുമടക്കം 39 റണ്‍സെടുത്ത മാക്‌സ്‌വെല്ലിനെ മാര്‍ക്കോ ജെന്‍സന്‍ പുറത്താക്കി. തുടര്‍ന്നായിരുന്നു ഡിവില്ലിയേഴ്‌സ് ഷോ.
ഷഹബാസ് അഹമ്മദ് (1), ഡാനിയല്‍ ക്രിസ്റ്റിയന്‍ (1), കൈല്‍ ജാമിസണ്‍ (4) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.
മുംബൈക്കായി ബുംറ, മാര്‍ക്കോ ജെന്‍സന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 159 റണ്‍സെടുത്തത്.
നാല് ഓവറില്‍ വെറും 27 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഹര്‍ഷല്‍ പട്ടേലാണ് മുംബൈയെ തകര്‍ത്തത്.
35 പന്തില്‍ മൂന്നു സിക്‌സും നാലു ഫോറുമടക്കം 49 റണ്‍സെടുത്ത ക്രിസ് ലിനാണ് മുംബൈയുടെ ടോപ് സ്‌കോറര്‍.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് സ്‌കോര്‍ 24-ല്‍ എത്തിയപ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ (19) നഷ്ടമായി. ക്രിസ് ലിനുമായുള്ള ധാരണപ്പിശകില്‍ രോഹിത് റണ്ണൗട്ടാകുകയായിരുന്നു.
രണ്ടാം വിക്കറ്റില്‍ ഒന്നിച്ച ക്രിസ് ലിന്‍ - സൂര്യകുമാര്‍ യാദവ് സഖ്യം 70 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 23 പന്തില്‍ ഒരു സിക്‌സും നാലു ഫോറുമടക്കം 31 റണ്‍സെടുത്ത സൂര്യകുമാറിനെ പുറത്താക്കി കൈല്‍ ജാമിസണ്‍ ഈ കൂട്ടുകെട്ട് പൊളിച്ചു.
ഇഷാന്‍ കിഷന്‍ 19 പന്തുകള്‍ നേരിട്ട് 28 റണ്‍സെടുത്തു. ഹാര്‍ദിക് പാണ്ഡ്യയ്ക്ക് 13 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
കിറോണ്‍ പൊള്ളാര്‍ഡ് (7), ക്രുനാല്‍ പാണ്ഡ്യ (7) എന്നിവര്‍ നിരാശപ്പെടുത്തി. അവസാന ഓവറില്‍ ഹര്‍ഷല്‍ പട്ടേല്‍ മൂന്നു വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നേടിയ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മുംബൈ ഇന്ത്യന്‍സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
ബാംഗ്ലൂര്‍ ടീമില്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍, കൈല്‍ ജാമിസണ്‍, ഡാനിയല്‍ ക്രിസ്റ്റിയന്‍ എന്നിവര്‍ ഇടംനേടി. മുംബൈ ടീമില്‍ ക്വിന്റണ്‍ ഡിക്കോക്ക് ക്വാറന്റീനിലായതിനാല്‍ ക്രിസ് ലിന്‍ അരങ്ങേറ്റം കുറിച്ചു.
മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...
Content Highlights: IPL 2021 Mumbai Indians vs Royal Challengers Bangalore Live Updates