Photo: iplt20.com
ന്യൂഡല്‍ഹി: ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നാലു വിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്.
ചെന്നൈ ഉയര്‍ത്തിയ 219 റണ്‍സ് വിജയലക്ഷ്യം അവസാന പന്തില്‍ മുംബൈ മറികടന്നു.
വെറും 34 പന്തില്‍ നിന്ന് എട്ടു സിക്‌സും ആറു ഫോറുമടക്കം 87 റണ്‍സെടുത്ത കിറോണ്‍ പൊള്ളാര്‍ഡാണ് മുംബൈയുടെ വിജയശില്‍പി.
219 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ മുംബൈക്കായി രോഹിത് ശര്‍മയും ക്വിന്റണ്‍ ഡിക്കോക്കും ചേര്‍ന്ന ഓപ്പണിങ് സഖ്യം മികച്ച തുടക്കമാണ് സമ്മാനിച്ചത്. 71 റണ്‍സ് മുംബൈ സ്‌കോറിലേക്ക് ചേര്‍ത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്.
രോഹിത് 24 പന്തില്‍ നിന്ന് ഒരു സിക്‌സും നാലു ഫോറുമടക്കം 35 റണ്‍സെടുത്തപ്പോള്‍ ഡിക്കോക്ക് 28 പന്തില്‍ നിന്ന് ഒരു സിക്‌സും നാലു ഫോറുമടക്കം 38 റണ്‍സെടുത്തു.
ഇരുവര്‍ക്കും പിന്നാലെ സൂര്യകുമാര്‍ യാദവിനെയും (3) പെട്ടെന്ന് നഷ്ടമായ മുംബൈക്കായി നാലാം വിക്കറ്റില്‍ കിറോണ്‍ പൊള്ളാര്‍ഡ് - ക്രുനാല്‍ പാണ്ഡ്യ സഖ്യം 89 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
23 പന്തില്‍ നിന്ന് രണ്ടു വീതം സിക്സും ഫോറുമടക്കം 32 റണ്‍സെടുത്ത ക്രുനാലിനെ പുറത്താക്കി സാം കറനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
ഹാര്ഡദിക് പാണ്ഡ്യ ഏഴു പന്തില്‍ നിന്ന് 16 റണ്‍സെടുത്തു. ചെന്നൈക്കായി സാം കറന്‍ മൂന്നു വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ അര്‍ധ സെഞ്ചുറി നേടിയ മോയിന്‍ അലിയുടെയും ഫാഫ് ഡുപ്ലെസിയുടെയും അമ്പാട്ടി റായുഡുവിന്റെയും മികവിലാണ് നാലു വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സെടുത്തത്.
ഡുപ്ലെസി 28 പന്തില്‍ നിന്ന് നാലു സിക്സും രണ്ടു ഫോറുമടക്കം 50 റണ്‍സെടുത്തു. മോയിന്‍ അലി 36 പന്തുകള്‍ നേരിട്ട് അഞ്ചു വീതം സിക്സും ഫോറുമടക്കം 58 റണ്‍സ് നേടി.
ഇരുവരും രണ്ടാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 108 റണ്‍സാണ് ചെന്നൈ ഇന്നിങ്സിന്റെ നട്ടെല്ല്.
തുടര്‍ന്ന് അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച അമ്പാട്ടി റായുഡുവാണ് ചെന്നൈ സ്‌കോര്‍ 200 കടത്തിയത്. 27 പന്തുകള്‍ നേരിട്ട റായുഡു ഏഴു സിക്സും നാലു ഫോറുമടക്കം 72 റണ്‍സോടെ പുറത്താകാതെ നിന്നു.
രവീന്ദ്ര ജഡേജ 22 റണ്‍സെടുത്തു. അഞ്ചാം വിക്കറ്റില്‍ റായുഡു - ജഡേജ സഖ്യം 102 റണ്‍സാണ് ചെന്നൈ സ്‌കോറിലേക്ക് ചേര്‍ത്തത്.
റുതുരാജ് ഗെയ്ക്വാദ് (4), സുരേഷ് റെയ്ന (2) എന്നിവരാണ് പുറത്തായ മറ്റ് ചെന്നൈ താരങ്ങള്‍.
നേരത്തെ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
Content Highlights: IPL 2021 Mumbai Indians against Chennai Super Kings