Photo: iplt20.com
ഷാര്‍ജ: ഐ.പി.എല്ലില്‍ രാജസ്ഥാനെ 86 റണ്‍സിന് തകര്‍ത്ത് പ്ലേ ഓഫ് പ്രതീക്ഷകള്‍ ഊട്ടിയുറപ്പിച്ച് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്.
കൊല്‍ക്കത്ത ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ 16.1 ഓവറില്‍ 85 റണ്‍സിന് ഓള്‍ഔട്ടായി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും രാജസ്ഥാന്‍ ബാറ്റിങ് നിര ചീട്ടുകൊട്ടാരമായി. രാജസ്ഥാന്‍ നിരയില്‍ എട്ടു പേരാണ് രണ്ടക്കം കാണാതെ പുറത്തായത്. മൂന്നു പേര്‍ സംപൂജ്യരായി.
36 പന്തില്‍ നിന്ന് 2 സിക്‌സും 5 ഫോറുമടക്കം 44 റണ്‍സെടുത്ത രാഹുല്‍ തെവാട്ടിയ മാത്രമാണ് രാജസ്ഥാന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. അവസാനം പുറത്തായതും തെവാട്ടിയ തന്നെ.
കൊല്‍ക്കത്തയുടെ തകര്‍പ്പന്‍ ജയത്തോടെ മുംബൈ ഇന്ത്യന്‍സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് മൂന്നാം പന്തില്‍ തന്നെ ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളിനെ (0) നഷ്ടമായി. തൊട്ടടുത്ത ഓവറില്‍ സഞ്ജു സാംസണും (1) മടങ്ങി. പിന്നാലെ തുടരെ വിക്കറ്റുകള്‍ വീണു.
ലിയാം ലിവിങ്സ്റ്റണ്‍ (6), അനുജ് റാവത്ത് (0), ഗ്ലെന്‍ ഫിലിപ്പ് (8), ശിവം ദുബെ (18), ക്രിസ് മോറിസ് (0) തുടങ്ങിയവരെല്ലാം തന്നെ തികഞ്ഞ പരാജയമായി.
കൊല്‍ക്കത്തയ്ക്കായി ശിവം മാവി നാലും ലോക്കി ഫെര്‍ഗൂസന്‍ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത 4 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തിരുന്നു. ഇത്തവണത്തെ സീസണില്‍ ഷാര്‍ജയില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറായിരുന്നു ഇത്.
അര്‍ധ സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്ലാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. 44 പന്തുകള്‍ നേരിട്ട ഗില്‍ രണ്ടു സിക്‌സും നാല് ഫോറുമടക്കം 56 റണ്‍സെടുത്തു.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് തകര്‍പ്പന്‍ തുടക്കമാണ് ഗില്ലും വെങ്കടേഷ് അയ്യരും ചേര്‍ന്ന് നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ 79 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 35 പന്തില്‍ രണ്ടു സിക്‌സും മൂന്ന് ഫോറുമടക്കം 38 റണ്‍സെടുത്ത വെങ്കടേഷിനെ പുറത്താക്കി രാഹുല്‍ തെവാട്ടിയ ഈ കൂട്ടുകെട്ട് പൊളിച്ചു.
തുടര്‍ന്നെത്തിയ നിതീഷ് റാണ അഞ്ചു പന്തില്‍ നിന്ന് 12 റണ്‍സെടുത്ത് മടങ്ങി. തുടര്‍ന്ന് 14 പന്തില്‍ നിന്ന് 21 റണ്‍സെടുത്ത രാഹുല്‍ ത്രിപാഠിയും ഗില്ലും ചേര്‍ന്ന് കൊല്‍ക്കത്ത സ്‌കോര്‍ 133 വരെയെത്തിച്ചു. എന്നാല്‍ 16-ാം ഓവറില്‍ ഗില്ലിനെ പുറത്താക്കി ക്രിസ് മോറിസ് കൊല്‍ക്കത്തയെ പ്രതിരോധത്തിലാക്കി. പിന്നാലെ രാഹുല്‍ ത്രിപാഠിയെ ചേതന്‍ സക്കറിയ മടക്കി.
11 പന്തില്‍ 14 റണ്‍സെടുത്ത ദിനേഷ് കാര്‍ത്തിക്കും 11 പന്തില്‍ 13 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഓയിന്‍ മേര്‍ഗനും ചേര്‍ന്ന് കൊല്‍ക്കത്ത സ്‌കോര്‍ 150 കടത്തി.
Content Highlights: ipl 2021 Kolkata Knight Riders against Rajasthan Royals