Photo: iplt20.com
മുംബൈ: ഐ.പി.എല്ലില്‍ ഇന്ന് നടന്ന രണ്ടാമത്തെ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരേ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 18 റണ്‍സ് തോല്‍വി.
ചെന്നൈ ഉയര്‍ത്തിയ 221 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത 19.1 ഓവറില്‍ 202 റണ്‍സിന് ഓള്‍ഔട്ടായി.
34 പന്തില്‍ ആറു സിക്‌സും നാല് ഫോറുമടക്കം 66 റണ്‍സെടുത്ത് പുറത്താകാതെ നിന്ന പാറ്റ് കമ്മിന്‍സാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍.
ആന്ദ്രേ റസ്സല്‍ 22 പന്തില്‍ നിന്ന് ആറു സിക്‌സും മൂന്നു ഫോറുമടക്കം 54 റണ്‍സെടുത്തു.
തുടക്കത്തില്‍ പന്തുകൊണ്ട് രാഹുല്‍ ചാഹര്‍ തിളങ്ങിയതോടെ ഒരു ഘട്ടത്തില്‍ 5.2 ഓവറില്‍ 31 റണ്‍സിന് അഞ്ചു വിക്കറ്റുകള്‍ നഷ്ടപ്പെട്ട് ദയനീയ സ്ഥിതിയിലായിരുന്നു കൊല്‍ക്കത്ത.
നിതിഷ് റാണ (9), ശുഭ്മാന്‍ ഗില്‍ (0), രാഹുല്‍ ത്രിപാഠി (8), ഓയിന്‍ മോര്‍ഗന്‍ (7), സുനില്‍ നരെയ്ന്‍ (4) എന്നിവരെല്ലാം ആറ് ഓവര്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ഡ്രസ്സിങ് റൂമില്‍ മടങ്ങിയെത്തി.
രാഹുല്‍ ചാഹര്‍ നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി.
പിന്നീട് ആറാം വിക്കറ്റില്‍ ദിനേഷ് കാര്‍ത്തിക്ക് - ആന്ദ്രേ റസ്സല്‍ സഖ്യം ഒത്തുചേര്‍ന്നതോടെയാണ് കൊല്‍ക്കത്ത ഇന്നിങ്‌സിന് ജീവന്‍ വെച്ചത്. ഇരുവരും അതിവേഗത്തില്‍ 81 റണ്‍സ് കൊല്‍ക്കത്ത സ്‌കോറിലേക്ക് ചേര്‍ത്തു.
12-ാം ഓവറില്‍ റസ്സലിനെ മടക്കി സാം കറനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
ദിനേഷ് കാര്‍ത്തിക്ക് 24 പന്തില്‍ നിന്ന് രണ്ടു സിക്‌സും നാലു ഫോറുമടക്കം 40 റണ്‍സെടുത്തു.
തുടര്‍ന്ന് തകര്‍ത്തടിച്ച പാറ്റ് കമ്മിന്‍സ് കൊല്‍ക്കത്തയെ വിജയത്തിലെത്തിക്കുമെന്ന തോന്നലുയര്‍ത്തി. പക്ഷേ അവസാന ഓവറില്‍ പ്രസിദ്ധ് കൃഷ്ണ റണ്ണൗട്ടായതോടെ കൊല്‍ക്കത്തയുടെ പ്രതീക്ഷ അവസാനിച്ചു.
ചെന്നൈക്കായി ലുങ്കി എന്‍ഗിഡി നാല് ഓവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ, അര്‍ധ സെഞ്ചുറി നേടിയ ഫാഫ് ഡുപ്ലെസിയുടെയും റുതുരാജ് ഗെയ്ക്‌വാദിന്റെയും മികവില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെടുത്തു.
60 പന്തില്‍ നിന്ന് നാലു സിക്‌സും ഒമ്പത് ഫോറുമടക്കം 95 റണ്‍സെടുത്ത ഡുപ്ലെസിയാണ് ചെന്നൈ നിരയിലെ ടോപ് സ്‌കോറര്‍.
ഓപ്പണിങ് വിക്കറ്റില്‍ റുതുരാജ് - ഡുപ്ലെസി സഖ്യം കൂട്ടിച്ചേര്‍ത്ത 115 റണ്‍സാണ് ചെന്നൈ ഇന്നിങ്‌സിന്റെ നട്ടെല്ല്.
സീസണില്‍ ആദ്യമായി ഫോമിലെത്തിയ റുതുരാജ് 42 പന്തില്‍ നിന്ന് നാലു സിക്‌സും ആറു ഫോറുമടക്കം 64 റണ്‍സെടുത്തു.
റുതുരാജ് പുറത്തായ ശേഷമെത്തിയ മോയിന്‍ അലി 12 പന്തില്‍ നിന്ന് രണ്ടു വീതം സിക്‌സും ഫോറുമടക്കം 25 റണ്‍സെടുത്തു. രണ്ടാം വിക്കറ്റില്‍ ഡുപ്ലെസിയുമൊത്ത് 50 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് അലി പുറത്തായത്.
ധോനി എട്ടു പന്തില്‍ നിന്നും ഒരു സിക്‌സും രണ്ടു ഫോറുമടക്കം 17 റണ്‍സെടുത്തു.
നേരത്തെ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ചെന്നൈ സൂപ്പര്‍ കിങ്സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
ചെന്നൈ നിരയില്‍ ബ്രാവോയ്ക്ക് വിശ്രമം അനുവദിച്ചതിനാല്‍ ലുങ്കി എന്‍ഗിഡി ടീമില്‍ ഇടംനേടി. കൊല്‍ക്കത്ത നിരയില്‍ ഹര്‍ഭജന്‍ സിങ്ങിന് പകരം കമലേഷ് നാഗര്‍കോട്ടി ഇടംപിടിച്ചു.
മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...
Content Highlights: IPL 2021 Kolkata Knight Riders against Chennai Super Kings