Photo: iplt20.com
ദുബായ്: ഐ.പി.എല്ലില്‍ തിങ്കളാഴ്ച നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരേ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് മൂന്നു വിക്കറ്റിന്റെ ജയം. ആവേശം അവസാന ഓവര്‍ വരെ നീണ്ടുനിന്ന മത്സരത്തില്‍ രണ്ടു പന്തുകള്‍ ബാക്കിനില്‍ക്കെയായിരുന്നു ഡല്‍ഹിയുടെ വിജയം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ ഉയര്‍ത്തിയ 137 റണ്‍സ് വിജയലക്ഷ്യം 19.4 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടപ്പെടുത്തി ഡല്‍ഹി മറികടന്നു. ജയത്തോടെ പോയന്റ് പട്ടികയില്‍ ചെന്നൈയെ മറികടന്ന് ഡല്‍ഹി ഒന്നാമതെത്തി.
ഒരു ഘട്ടത്തില്‍ ആറിന് 99 റണ്‍സെന്ന നിലയില്‍ തകര്‍ന്ന ഡല്‍ഹിയെ അവസാന ഓവറുകളില്‍ മികച്ച ബാറ്റിങ് പുറത്തെടുത്ത ഷിംറോണ്‍ ഹെറ്റ്മയറാണ് വിജയത്തിലെത്തിച്ചത്. 18 പന്തുകള്‍ നേരിട്ട ഹെറ്റ്മയര്‍ 28 റണ്‍സോടെ പുറത്താകാതെ നിന്നു.
35 പന്തില്‍ നിന്ന് രണ്ടു സിക്‌സും മൂന്ന് ഫോറുമടക്കം 39 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്ക് സ്‌കോര്‍ 24-ല്‍ എത്തിയപ്പോള്‍ തന്നെ ഓപ്പണര്‍ പൃഥ്വി ഷായെ നഷ്ടമായി. 12 പന്തില്‍ നിന്ന് 18 റണ്‍സെടുത്ത ഷായെ ദീപക് ചാഹറാണ് പുറത്താക്കിയത്. കഴിഞ്ഞ മത്സരത്തിലെ വിജയശില്‍പി ശ്രേയസ് അയ്യര്‍ക്ക് ഇത്തവണ തിളങ്ങാനായില്ല. വെറും രണ്ട് റണ്‍സെടുത്ത ശ്രേയസ് ജോഷ് ഹെയ്‌സല്‍വുഡ് എറിഞ്ഞ ആറാം ഓവറില്‍ പുറത്തായി.
തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ ഋഷഭ് പന്തിനും അധിക സമയം പിടിച്ചുനില്‍ക്കാനായില്ല. 12 പന്തില്‍ നിന്നും 15 റണ്‍സെടുത്ത പന്തിനെ രവീന്ദ്ര ജഡേജ മോയിന്‍ അലിയുടെ കൈയിലെത്തിച്ചു.
അരങ്ങേറ്റ മത്സരം കളിക്കുന്ന റിപാല്‍ പട്ടേലിന്റെ ഊഴമായിരുന്നു അടുത്തത്. ശ്രദ്ധയോടെ ബാറ്റ് വീശിയ താരം 20 പന്തില്‍ നിന്ന് 18 റണ്‍സോടെ പുറത്തായി. പിന്നാലെ ആര്‍. അശ്വിനെ (2) ഷാര്‍ദുല്‍ താക്കൂര്‍ പുറത്താക്കി.
എന്നാല്‍ അപ്പോഴും ധവാന്‍ ക്രീസിലുണ്ടയിരുന്നതായിരുന്നു ഡല്‍ഹിക്ക് ആശ്വാസം. പക്ഷേ 15-ാം ഓവറിലെ അവസാന പന്തില്‍ ധവാനെ മടക്കി ഷാര്‍ദുല്‍ താക്കൂര്‍ ഡല്‍ഹിയെ ഞെട്ടിച്ചു.
പിന്നാലെ ഷിംറോണ്‍ ഹെറ്റ്മയര്‍ ഡല്‍ഹി ഇന്നിങ്‌സിന്റെ കടിഞ്ഞാണ്‍ ഏറ്റെടുത്തു. ഡ്വെയ്ന്‍ ബ്രാവോ എറിഞ്ഞ 17-ാം ഓവറിലെ മൂന്നാം പന്തില്‍ ഹെറ്റ്മയറുടെ അനായാസ ക്യാച്ച് പകരക്കാരനായി കളത്തിലിറങ്ങിയ ചെന്നൈയുടെ കൃഷ്ണപ്പ ഗൗതം നഷ്ടപ്പെടുത്തി. ഈ പന്ത് ബൗണ്ടറി കടക്കുകയും ചെയ്തു. ജോഷ് ഹെയ്‌സല്‍വുഡ് എറിഞ്ഞ 19-ാം ഓവറില്‍ തകര്‍ത്തടിച്ച ഹെറ്റ്മയര്‍ മത്സരം ഡല്‍ഹിക്ക് അനുകൂലമാക്കി.
അവസാന ഓവറില്‍ ജയിക്കാന്‍ ആറു റണ്‍സായിരുന്നു ഡല്‍ഹിക്ക് വേണ്ടിയിരുന്നത്. മൂന്നാം പന്തില്‍ അക്‌സര്‍ പട്ടേല്‍ പുറത്തായെങ്കിലും തുടര്‍ന്നെത്തിയ കഗിസോ റബാദ ഒരു ബൗണ്ടറിയോടെ ഡല്‍ഹിയുടെ വിജയറണ്‍ കുറിച്ചു.
ചെന്നൈക്കായി ഷാര്‍ദുല്‍ താക്കൂര്‍ നാല് ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ജഡേജയും രണ്ടു വിക്കറ്റെടുത്തു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
43 പന്തില്‍ നിന്ന് രണ്ടു സിക്‌സും അഞ്ചു ഫോറുമടക്കം 55 റണ്‍സോടെ പുറത്താകാതെ നിന്ന അമ്പാട്ടി റായുഡുവാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍.
അഞ്ചാം വിക്കറ്റില്‍ ക്രീസില്‍ ഒന്നിച്ച റായുഡു - ധോനി സഖ്യമാണ് ചെന്നൈയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ഇരുവരും ചേര്‍ന്നെടുത്ത 70 റണ്‍സായിരുന്നു ചെന്നൈ ഇന്നിങ്‌സിന്റെ നട്ടെല്ല്.
സ്‌കോര്‍ ചെയ്യാന്‍ ബുദ്ധിമുട്ടിയ ധോനി 27 പന്തുകള്‍ നേരിട്ട് 18 റണ്‍സെടുത്തു. ഒരു ബൗണ്ടറി പോലും ഇല്ലാതെയായിരുന്നു ധോനിയുടെ ഇന്നിങ്‌സ്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് സ്‌കോര്‍ 28-ല്‍ എത്തിയപ്പോള്‍ തന്നെ ഓപ്പണര്‍ ഫാഫ് ഡുപ്ലെസിയെ നഷ്ടമായി. 10 റണ്‍സെടുത്ത താരത്തെ അക്‌സര്‍ പട്ടേലാണ് പുറത്താക്കിയത്. പിന്നാലെ കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി വീരന്‍ ഋതുരാജ് ഗെയ്ക്‌വാദിനെ ആന്‍ റിച്ച് നോര്‍ക്യ മടക്കി. 13 റണ്‍സ് മാത്രമായിരുന്നു ഋതുരാജിന്റെ സമ്പാദ്യം. പിന്നാലെ അഞ്ചു റണ്‍സുമായി മോയിന്‍ അലിയും മടങ്ങി.
റെയ്‌നയ്ക്ക് പകരം അവസരം ലഭിച്ച റോബിന്‍ ഉത്തപ്പ മികച്ച തുടക്കമിട്ടെങ്കിലും ഒമ്പതാം ഓവറില്‍ താരത്തെ അശ്വിന്‍ മടക്കി. 19 പന്തില്‍ 19 റണ്‍സായിരുന്നു ഉത്തപ്പയുടെ സമ്പാദ്യം.
ഡല്‍ഹിക്കായി അക്‌സര്‍ പട്ടേല്‍ നാല് ഓവറില്‍ വെറും 18 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി.
Content Highlights: IPL 2021 Delhi Capitals against Chennai Super Kings