കംപ്ലീറ്റ് ജഡേജ ഷോ ! ബാംഗ്ലൂരിനെ 69 റണ്‍സിന് തകര്‍ത്ത് ചെന്നൈ


4 min read
Read later
Print
Share

ചെന്നൈ ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബാംഗ്ലൂരിന് നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ വെറും 122 റണ്‍സേ നേടാനായുള്ളൂ.

Photo: iplt20.com

മുംബൈ:28 പന്തുകളില്‍ നിന്നും പുറത്താവാതെ 62 റണ്‍സ്, നാലോവറില്‍ വെറും 13 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റ്, ഒരു കിടിലന്‍ റണ്‍ ഔട്ട്... രവീന്ദ്ര ജഡേജ എന്ന പ്രതിഭാധനനായ താരത്തിന്റെ കരുത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ 69 റണ്‍സിന് കീഴടക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്.

ചെന്നൈ ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബാംഗ്ലൂരിന് നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ വെറും 122 റണ്‍സേ നേടാനായുള്ളൂ. ബാംഗ്ലൂര്‍ ഈ സീസണില്‍ വഴങ്ങുന്ന ആദ്യ തോല്‍വിയാണിത്. രവീന്ദ്ര ജഡേജയുടെ ഓള്‍റൗണ്ട് മികവാണ് ചെന്നൈയ്ക്ക് തുണയായത്. ഈ വിജയത്തോടെ അഞ്ച് കളികളില്‍ നിന്നും നാല് വിജയങ്ങളുള്ള ചെന്നൈ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. തോല്‍വിയോടെ ബാംഗ്ലൂര്‍ രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങി.

ചെന്നൈ ഉയര്‍ത്തിയ 192 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബാംഗ്ലൂരിന് തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ ദേവ്ദത്ത് പടിക്കലും വിരാട് കോലിയും ചേര്‍ന്ന് നല്‍കിയത്. ദേവ്ദത്തായിരുന്നു കൂടുതല്‍ അപകടകാരി. ആദ്യ മൂന്നോവറില്‍ ഇരുവരും ചേര്‍ന്ന് 44 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ നാലാം ഓവറിലെ ആദ്യ പന്തില്‍ നായകന്‍ വിരാട് കോലിയെ ധോനിയുടെ കൈയ്യിലെത്തിച്ച് സാം കറന്‍ ബാംഗ്ലൂരിന്റെ ആദ്യ വിക്കറ്റ് വീഴ്ത്തി. വെറും എട്ട് റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. പിന്നാലെയെത്തിയ വാഷിങ്ടണ്‍ സുന്ദറിനെ കൂട്ടുപിടിച്ച് ദേവ്ദത്ത് 5.2 ഓവറില്‍ ടീം സ്‌കോര്‍ 50 കടത്തി. എന്നാല്‍ അഞ്ചാം ഓവറിലെ അവസാന പന്തില്‍ 15 പന്തുകളില്‍ നിന്നും 34 റണ്‍സെടുത്ത ദേവ്ദത്തിനെ ശാര്‍ദുല്‍ ഠാക്കൂര്‍ മടക്കി. ഇതോടെ ബാം?ഗ്ലൂര്‍ പതറി. ദേവ് മടങ്ങുമ്പോള്‍ 54 ന് രണ്ട് എന്ന നിലയിലായിരുന്നു ബാംഗ്ലൂര്‍. പിന്നാലെ ക്രീസിലെത്തിയ മാക്‌സ്വെല്‍ ബാറ്റിങ് പവര്‍പ്ലേയില്‍ ടീം സ്‌കോര്‍ 65ല്‍ എത്തിച്ചു.

എന്നാല്‍ എഴാം ഓവറിലെ രണ്ടാം പന്തില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച വാഷിങ്ടണ്‍ സുന്ദറിനെ രവീന്ദ്ര ജഡേജ പുറത്താക്കി. വെറും ഏഴ് റണ്‍സ് മാത്രമാണ് താരം നേടിയത്.

പിന്നീട് ഒത്തുചേര്‍ന്ന ഡിവില്ലിയേഴ്‌സ്-മാക്‌സ്വെല്‍ സഖ്യം പതിയേ സ്‌കോര്‍ ഉയര്‍ത്തവേ കൂട്ടുകെട്ട് പൊളിച്ച് ജഡേജ വീണ്ടും ബാംഗ്ലൂരിന് തിരിച്ചടി നല്‍കി. 15 പന്തുകളില്‍ നിന്നും 22 റണ്‍സെടുത്ത മാക്‌സ്വെല്ലിനെ ജഡേജ ക്ലീന്‍ ബൗള്‍ഡാക്കി. മാക്‌സവെല്‍ പുറത്താകുമ്പോള്‍ 79 ന് നാല് എന്ന നിലയിലായി ബാംഗ്ലൂര്‍.

പിന്നാലെ വന്ന ഡാന്‍ ക്രിസ്റ്റ്യനെ റണ്‍ ഔട്ടാക്കി ജഡേജ വീണ്ടും കൊടുങ്കാറ്റായി. ഒരു റണ്‍സ് മാത്രമാണ് താരം നേടിയത്. തൊട്ടടുത്ത ഓവറില്‍ വെറും നാല് റണ്‍സ് മാത്രമെടുത്ത ഡിവില്ലിയേഴ്‌സിനെ ക്ലീന്‍ ബൗള്‍ഡാക്കി ജഡേജ ബാംഗ്ലൂരിന്റെ നടുവൊടിച്ചു.

പിന്നാലെ വന്ന ഹര്‍ഷല്‍ പട്ടേലിന്റെ കുറ്റി തെറുപ്പിച്ച് ഇമ്രാന്‍ താഹിര്‍ ബാംഗ്ലൂരിന്റെ ഏഴാം വിക്കറ്റെടുത്തു. 89 റണ്‍സെടുക്കുന്നതിനിടെയാണ് ടീമിന്റെ ഏഴുവിക്കറ്റുകള്‍ നിലം പൊത്തിയത്. പിന്നാലെ വന്ന സെയ്‌നിയെയും താഹിര്‍ മടക്കി. അതിനുശേഷം ക്രീസിലൊത്തുചേര്‍ന്ന ജാമിസണും ചാഹലും ചേര്‍ന്ന് ടീം സ്‌കോര്‍ 100 കടത്തി.

എന്നാല്‍ സ്‌കോര്‍ 103-ല്‍ നില്‍ക്കേ 16 റണ്‍സെടുത്ത ജാമിസണിനെ താഹിര്‍ റണ്‍ ഔട്ടാക്കി. പിന്നാലെ വന്ന സിറാജും ചാഹലും ചേര്‍ന്ന് സ്‌കോര്‍ 122-ല്‍ എത്തിച്ചു.

ചെന്നൈയ്ക്ക് വേണ്ടി ജഡേജ നാലോവറില്‍ വെറും 13 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്നുവിക്കറ്റ് വീഴ്ത്തി. ഇമ്രാന്‍ താഹിര്‍ രണ്ട് വിക്കറ്റ് നേടി. ശാര്‍ദുല്‍ ഠാക്കൂര്‍, സാം കറന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തു. 28 പന്തുകളില്‍ നിന്നും 62 റണ്‍സെടുത്ത രവീന്ദ്ര ജഡേജയുടെയും അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ ഫാഫ് ഡുപ്ലെസ്സിയുടെയും ബാറ്റിങ് മികവിലാണ് ചെന്നൈ ഈ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ അവസാന ഓവറില്‍ 37 റണ്‍സ് നേടിക്കൊണ്ട് റെക്കോഡ് പ്രകടനത്തിലൂടെ ജഡേജ സ്‌കോര്‍ ഉയര്‍ത്തി.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ഋതുരാജ് ഗെയ്ക്വാദും ഫാഫ് ഡുപ്ലെസിയും ചേര്‍ന്ന് നല്‍കിയത്. ഡുപ്ലെസിയാണ് ആക്രമിച്ച് കളിച്ച് സ്‌കോര്‍ ഉയര്‍ത്തിയത്. ബാറ്റിങ് പവര്‍പ്ലേയില്‍ ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 50 കടത്തി.

ഡുപ്ലെസിയും ഗെയ്ക്വാദും അനായാസം റണ്‍സ് കണ്ടെത്തിയതോടെ ബാംഗ്ലൂര്‍ നന്നായി വിയര്‍ത്തു. ബൗളര്‍മാരെ മാറി മാറി പരീക്ഷിച്ചിട്ടും വിക്കറ്റ് വീഴ്ത്താന്‍ കോലിക്കും സംഘത്തിനും സാധിച്ചില്ല.

ഒടുവില്‍ പത്താം ഓവറിലെ ആദ്യ പന്തില്‍ ഋതുരാജ് ഗെയ്ക്വാദിനെ പുറത്താക്കി യൂസ്വേന്ദ്ര ചാഹല്‍ ബാംഗ്ലൂരിന് അനിവാര്യമായ വിക്കറ്റ് സമ്മാനിച്ചു. 25 പന്തുകളില്‍ നിന്നും 33 റണ്‍സെടുത്ത ഗെയ്ക്വാദിനെ ചാഹല്‍ ജാമിസണിന്റെ കൈയ്യിലെത്തിച്ചു. ആദ്യ വിക്കറ്റില്‍ ഡുപ്ലെസിയ്‌ക്കൊപ്പം 74 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമാണ് താരം ക്രീസ് വിട്ടത്.

പിന്നാലെ വന്ന സുരേഷ് റെയ്‌ന നന്നായി ബാറ്റ് ചെയ്തതോടെ ചെന്നൈ സ്‌കോര്‍ കുതിച്ചു. റെയ്‌നയും ഡുപ്ലെസിയും ചേര്‍ന്ന് 12.1 ഓവറില്‍ ടീം സ്‌കോര്‍ 100 കടത്തി. വൈകാതെ 40 പന്തുകളില്‍ നിന്നും ഡുപ്ലെസി അര്‍ധശതകം നേടി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും താരം അര്‍ധസെഞ്ചുറി നേടി ഫോം തെളിയിച്ചു.

എന്നാല്‍ ഡുപ്ലെസിയുടെ അര്‍ധസെഞ്ചുറിയ്ക്ക് പിന്നാലെ സുരേഷ് റെയ്‌നയെ മടക്കി ഹര്‍ഷല്‍ പട്ടേല്‍ കളി ബാംഗ്ലൂരിന് അനുകൂലമാക്കി. 18 പന്തുകളില്‍ നിന്നും 24 റണ്‍സെടുത്താണ് താരം മടങ്ങിയത്. തൊട്ടടുത്ത പന്തില്‍ ഡുപ്ലെസിയെയും മടക്കി ഹര്‍ഷല്‍ ചെന്നൈയ്ക്ക് ഇരട്ട പ്രഹരമേകി. 41 പന്തുകളില്‍ നിന്നും 50 റണ്‍സെടുത്താണ് താരം മടങ്ങിയത്. ഇതോടെ ചെന്നൈ അപകടം മണത്തു.

പിന്നാലെ ക്രീസില്‍ ഒത്തുചേര്‍ന്ന അമ്പാട്ടി റായുഡു-രവീന്ദ്ര ജഡേജ സഖ്യം സ്‌കോര്‍ ഉയര്‍ത്താനായി ശ്രമങ്ങള്‍ നടത്തി. ഇരുവരും ചേര്‍ന്ന് സ്‌കോര്‍ 142-ല്‍ എത്തിച്ചു. എന്നാല്‍ വീണ്ടും ഹര്‍ഷല്‍ പട്ടേല്‍ ചെന്നൈയ്ക്ക് ഭീഷണിയായി. 18-ാം ഓവറില്‍ 14 റണ്‍സെടുത്ത അമ്പാട്ടി റായുഡുവിനെ മടക്കി താരം ചെന്നൈയുടെ നാലാം വിക്കറ്റ് വീഴ്ത്തി.

അവസാന ഓവറുകളില്‍ ബാംഗ്ലൂര്‍ തകര്‍പ്പന്‍ ബൗളിങ് പ്രകടനം കാഴ്ചവെച്ചതോടെ ചെന്നൈയ്ക്ക് സ്‌കോര്‍ ഉയര്‍ത്താനായില്ല. 18.5 ഓവറിലാണ് ടീം സ്‌കോര്‍ 150 കടന്നത്.

എന്നാല്‍ ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ അവസാന ഓവറില്‍ തുടര്‍ച്ചായി നാല് സിക്‌സുകള്‍ നേടി രവീന്ദ്ര ജഡേജ സ്‌കോറിങ്ങിന് കുതിപ്പേകി. താരം വെറും 25 പന്തുകളില്‍ നിന്നും അര്‍ധശതകവും നേടി. അവസാന ഓവറില്‍ അഞ്ച് സിക്‌സുകളും ഒരു ബൗണ്ടറിയുമടക്കം 37 റണ്‍സാണ് ജഡേജ അടിച്ചെടുത്തത്. അതില്‍ ഒരു നോബോളും ഉള്‍പ്പെടും. അവിശ്വസനീയമായ പ്രകടനമാണ് ജഡേജ കാഴ്ചവെച്ചത്.

ജഡേജ വെറും 28 പന്തുകളില്‍ നിന്നും നാല് ഫോറുകളുടെയും അഞ്ച് സിക്‌സുകളുടെയും അകമ്പടിയോടെ 62 റണ്‍സെടുത്തും ധോനി രണ്ട് റണ്‍സെടുത്തും പുറത്താവാതെ നിന്നു.

ബാംഗ്ലൂരിനായി ഹര്‍ഷല്‍ പട്ടേല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ശേഷിച്ച വിക്കറ്റ് ചാഹല്‍ സ്വന്തമാക്കി.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Content Highlights: IPL 2021 Chennai Super Kings vs Royal Challengers Bangalore Live Updates

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram