കൊടുങ്കാറ്റായി ഋതുരാജ്, ഫിനിഷറായി ധോനി, ഡല്‍ഹിയെ നാല് വിക്കറ്റിന് തകര്‍ത്ത് ചെന്നൈ ഫൈനലില്‍


5 min read
Read later
Print
Share

ഡല്‍ഹി ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈ രണ്ട് പന്തുകള്‍ ശേഷിക്കേ ആറുവിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി.

Photo: twitter.com|IPL

ദുബായ്: അടിത്തറയിട്ട് ഋതുരാജ് ഗെയ്ക്‌വാദും റോബിന്‍ ഉത്തപ്പയും, ഫിനിഷറായി ധോനി, ഫൈനലിലേക്ക് ടിക്കറ്റെടുത്ത് ചെന്നൈ. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ഐ.പി.എല്ലിലെ ആദ്യ പ്ലേ ഓഫ് മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് നാലുവിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. ഡല്‍ഹി ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈ രണ്ട് പന്തുകള്‍ ശേഷിക്കേ ആറുവിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി.

അര്‍ധസെഞ്ചുറി നേടിയ ഋതുരാജ് ഗെയ്ക് വാദിന്റെയും റോബിന്‍ ഉത്തപ്പയുടെയും അവസാന ഓവറുകളില്‍ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച നായകന്‍ എം.എസ്.ധോനിയുടെയും ബാറ്റിങ് മികവിലാണ് ചെന്നൈ ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. ചെന്നെയുടെ ഒന്‍പതാം ഐ.പി.എല്‍ പ്രവേശനമാണിത്. സ്‌കോര്‍: ഡല്‍ഹി 20 ഓവറില്‍ അഞ്ചിന് 172. ചെന്നൈ 19.4 ഓവറില്‍ ആറിന് 173. തോറ്റെങ്കിലും ഡല്‍ഹിയുടെ ഫൈനല്‍ പ്രതീക്ഷ അവസാനിച്ചിട്ടില്ല. രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി നാളെ നടക്കുന്ന എലിമിനേറ്റര്‍ മത്സര വിജയിയെ നേരിടും.

173 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് ആദ്യ ഓവറില്‍ തന്നെ വിശ്വസ്തനായ ഫാഫ് ഡുപ്ലെസിയെ നഷ്ടമായി. ആന്റിച്ച് നോര്‍ക്കെയുടെ അതിവേഗത്തില്‍ വന്ന പന്ത് പ്രതിരോധിക്കുന്നതില്‍ ഡുപ്ലെസ്സിയ്ക്ക് പിഴവ് സംഭവിച്ചു. പന്ത് വിക്കറ്റ് പിഴുതെടുത്തു. വെറും ഒരു റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്.

ഡുപ്ലെസ്സിയ്ക്ക് പകരം ഋതുരാജ് ഗെയ്ക്‌വാദിന് കൂട്ടായി റോബിന്‍ ഉത്തപ്പ എത്തിയതോടെ ചെന്നൈയുടെ സ്‌കോറിങ്ങിന് ജീവന്‍ വെച്ചു. ഉത്തപ്പ ആക്രമിച്ചാണ് കളിച്ചത്. 5.5 ഓവറില്‍ ടീം സ്‌കോര്‍ 50 കടന്നു. ബാറ്റിങ് പവര്‍പ്ലേയില്‍ ചെന്നൈ ഒരു വിക്കറ്റ് നഷ്ടത്തില്‍ 59 റണ്‍സെടുത്തു.

പവര്‍പ്ലേയ്ക്ക് ശേഷം ശ്രദ്ധയോടെയാണ് ഇരുവരും ബാറ്റുവീശിയത്. പത്താം ഓവറില്‍ ഉത്തപ്പ അര്‍ധശതകം പൂര്‍ത്തിയാക്കി. 35 പന്തുകളില്‍ നിന്നാണ് താരം 50 തികച്ചത്. വൈകാതെ ഋതുരാജും തകര്‍ത്തടിക്കാന്‍ തുടങ്ങിയതോടെ ചെന്നൈ വിജയപ്രതീക്ഷ പുലര്‍ത്തി. 12.1 ഓവറില്‍ ടീം സ്‌കോര്‍ 100 കടന്നു. പിന്നാലെ ഉത്തപ്പയും ഋതുരാജും സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയും ചെയ്തു.

അനായാസ വിജയത്തിലേക്ക് പോകുകയായിരുന്ന ചെന്നൈയ്ക്ക് തിരിച്ചടി സമ്മാനിച്ച് ടോം കറന്‍ റോബിന്‍ ഉത്തപ്പയെ പുറത്താക്കി. സ്‌കോര്‍ 113-ല്‍ നില്‍ക്കേ സിക്‌സിന് ശ്രമിച്ച ഉത്തപ്പയെ മികച്ച ക്യാച്ചിലൂടെ ശ്രേയസ് അയ്യര്‍ പുറത്താക്കി. 44 പന്തുകളില്‍ നിന്ന് ഏഴ് ഫോറിന്റെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടെ 63 റണ്‍സെടുത്ത ഉത്തപ്പ ഋതുരാജിനൊപ്പം 110 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ക്രീസ് വിട്ടത്.

ഉത്തപ്പ പുറത്തായതിന് പിന്നാലെ ഋതുരാജ് അര്‍ധസെഞ്ചുറിനേടി. 37 പന്തുകളില്‍ നിന്നാണ് താരം ഈ നേട്ടത്തിലെത്തിയത്. ഉത്തപ്പയ്ക്ക് പകരം സ്ഥാനക്കയറ്റം ലഭിച്ച് ക്രീസിലെത്തിയ ശാര്‍ദുല്‍ ഠാക്കൂര്‍ നിരാശപ്പെടുത്തി. നേരിട്ട ആദ്യ പന്തില്‍ തന്നെ ടോം കറന് വിക്കറ്റ് നല്‍കി താരം മടങ്ങി.

പിന്നാലെ വന്ന അമ്പാട്ടി റായുഡുവിനും പിടിച്ചുനില്‍ക്കാനായില്ല. അനാവശ്യ റണ്ണിന് ശ്രമിച്ച റായുഡുവിനെ ശ്രേയസ് അയ്യര്‍ റണ്‍ ഔട്ടാക്കി. വെറും ഒരു റണ്ണാണ് താരത്തിന്റെ സമ്പാദ്യം. ഇതോടെ 113 ന് ഒന്ന് എന്ന സ്‌കോറില്‍ നിന്ന് 119 ന് നാല് എന്ന നിലയിലേക്ക് ചെന്നൈ വീണു. റണ്‍റേറ്റും കുത്തനെ ഇടിഞ്ഞു.

ആറാമനായി ക്രീസിലെത്തിയ മോയിന്‍ അലിയെ കൂട്ടുപിടിച്ച് ഋതുരാജ് ചെന്നൈ ഇന്നിങ്‌സിനെ മുന്നോട്ട് നയിച്ചു. മോശം പന്തുകള്‍ കണ്ടെത്തി പ്രഹരിച്ച ഋതുരാജ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

അവസാന രണ്ടോവറില്‍ ചെന്നൈയ്ക്ക് വിജയിക്കാന്‍ 24 റണ്‍സാണ് വേണ്ടിയിരുന്നത്. 19-ാം ഓവറിലെ ആദ്യ പന്തില്‍ തന്നെ അപകടകാരിയായ ഋതുരാജിനെ മടക്കി ആവേശ് ഖാന്‍ മത്സരം വീണ്ടും ഡല്‍ഹിയ്ക്ക് അനുകൂലമാക്കി. ആവേശ്ഖാന്റെ ലോ ഫുള്‍ടോസ് സിക്‌സ് നേടാനുള്ള ഋതുരാജിന്റെ ശ്രമം പാളി. ഷോട്ട് അക്ഷര്‍ പട്ടേലിന്റെ കൈയ്യിലൊതുങ്ങി. 50 പന്തുകളില്‍ നിന്ന് അഞ്ച് ഫോറിന്റെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടെ 70 റണ്‍സെടുത്ത ശേഷമാണ് താരം ഋതുരാജ് ക്രീസ് വിട്ടത്. ഈ ഇന്നിങ്‌സോടെ ഋതുരാജ് ഈ സീസണില്‍ 600 റണ്‍സ് മറികടന്നു. ഈ നേട്ടം കൈവരിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മൂന്നാമത്തെ താരം മാത്രമാണ് താരം.

ഋതുരാജിന് പകരം ധോനി ക്രീസിലെത്തി. ഒരു കിടിലന്‍ സിക്‌സടിച്ച് ധോനി സമ്മര്‍ദം കുറച്ചു. അവസാന ഓവറില്‍ ചെന്നൈയുടെ വിജയലക്ഷ്യം 13 റണ്‍സായി. ടോം കറന്‍ എറിഞ്ഞ ആദ്യ പന്തില്‍ തന്നെ 16 റണ്‍സെടുത്ത മോയിന്‍ അലി പുറത്തായി. അലിയ്ക്ക് പകരം ജഡേജയാണ് ക്രീസിലെത്തിയത്. രണ്ടാം പന്ത് നേരിട്ട ധോനി പന്ത് ബൗണ്ടറി കടത്തി. അടുത്ത പന്തിലും ധോനി ഫോര്‍ നേടിയതോടെ വിജയലക്ഷ്യം മൂന്ന് പന്തില്‍ അഞ്ച് റണ്‍സായി ചുരുങ്ങി. ഒരു വൈഡ് കൂടി ടോം കറന്‍ ചെയ്തതോടെ വിജയലക്ഷ്യം നാലായി. നാലാം പന്തില്‍ വീണ്ടും ഫോറടിച്ച് ധോനി ചെന്നൈയ്ക്ക് വേണ്ടി വിജയം നേടി. വിമര്‍ശകരുടെ വായടപ്പിക്കുന്ന പ്രകടനമാണ് ധോനി പുറത്തെടുത്തത്. വെറും ആറ് പന്തുകളില്‍ നിന്ന് മൂന്ന് ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെ ധോനി 18 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

ഡല്‍ഹിയ്ക്ക് വേണ്ടി ടോം കറന്‍ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ആന്റിച്ച് നോര്‍ക്കെ, ആവേശ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടിയ പൃഥ്വി ഷായുടെയും നായകന്‍ ഋഷഭ് പന്തിന്റെയും മികവിലാണ് ഡല്‍ഹി മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഷിംറോണ്‍ ഹെറ്റ്‌മെയറും മികച്ച പ്രകടനം പുറത്തെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിയ്ക്ക് വേണ്ടി തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണറായ പൃഥ്വി ഷാ നല്‍കിയത്. അനായാസം ബൗണ്ടറികള്‍ നേടി ഷാ ടീം സ്‌കോര്‍ ഉയര്‍ത്തിയപ്പോള്‍ ശിഖര്‍ ധവാന്‍ നിരാശപ്പെടുത്തി. വെറും ഏഴ് റണ്‍സ് മാത്രമെടുത്ത ധവാനെ ഹെയ്‌സല്‍വുഡ് പുറത്താക്കി. ടീം സ്‌കോര്‍ 36 ല്‍ നില്‍ക്കേ ഫോറടിക്കാനുള്ള ധവാന്റെ ശ്രമം പാളി. പന്ത് ബാറ്റിലുരസി വിക്കറ്റ് കീപ്പര്‍ ധോനിയുടെ കൈയ്യിലെത്തി.

ധവാന് പകരം ശ്രേയസ് അയ്യരാണ് ക്രീസിലെത്തിയത്. അയ്യരെ കാഴ്ചക്കാരനാക്കി ഷാ തകര്‍ത്തടിച്ചു. ഷായുടെ മികവില്‍ വെറും 4.5 ഓവറില്‍ ടീം സ്‌കോര്‍ 50 കടന്നു. ശാര്‍ദുല്‍ ഠാക്കൂറിന്റെ പന്തില്‍ ഷായെ പുറത്താക്കാനുള്ള അവസരം ധോനി പാഴാക്കി. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ ശ്രേയസ് അയ്യരെ പുറത്താക്കി ഹെയ്‌സല്‍വുഡ് ഡല്‍ഹിയ്ക്ക് ഇരട്ടപ്രഹരമേകി. എട്ടുപന്തുകളില്‍ നിന്ന് വെറും ഒരു റണ്‍സ് മാത്രമെടുത്ത യുവതാരത്തെ ഹെയ്‌സല്‍വുഡ് ഋതുരാജ് ഗെയ്ക്‌വാദിന്റെ കൈയ്യിലെത്തിച്ചു. രണ്ട് വിക്കറ്റ് വീണിട്ടും ഒരറ്റത്ത് നിന്ന് പൊരുതിയ പൃഥ്വി ഷാ 27 പന്തുകളില്‍ നിന്ന് അര്‍ധശതകം നേടി.

അയ്യര്‍ക്ക് പകരം സ്ഥാനക്കയറ്റം ലഭിച്ച് ക്രീസിലെത്തിയ അക്ഷര്‍ പട്ടേലിനും പിടിച്ചുനില്‍ക്കാനായില്ല. 10 റണ്‍സ് മാത്രമെടുത്ത താരത്തെ മോയിന്‍ അലി പുറത്താക്കി. പിന്നാലെ അപകടകാരിയായ ഷായെയും മടക്കി ചെന്നൈ മത്സരത്തില്‍ പിടിമുറുക്കി. ടീം സ്‌കോര്‍ 80-ല്‍ നില്‍ക്കേ ഷായെ ഡുപ്ലെസ്സിയുടെ കൈയ്യിലെത്തിച്ച് ജഡേജയാണ് ഡല്‍ഹിയെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടത്. 34 പന്തുകളില്‍ നിന്ന് ഏഴ് ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും അകമ്പടിയോടെ 60 റണ്‍സെടുത്താണ് ഷാ ക്രീസ് വിട്ടത്. ഇതോടെ ഡല്‍ഹിയ്ക്ക് നാല് വിക്കറ്റ് നഷ്ടമായി. ക്രീസില്‍ നായകന്‍ ഋഷഭ് പന്തും ഷിംറോണ്‍ ഹെറ്റ്‌മെയറും ഒന്നിച്ചു. വളരെ ശ്രദ്ധയോടെ കളിച്ച ഇരുവരും 13.2 ഓവറില്‍ ടീം സ്‌കോര്‍ 100 കടത്തി. വൈകാതെ ഇരുവരും അര്‍ധസെഞ്ചുറി കൂട്ടുകെട്ടും പടുത്തുയര്‍ത്തി. പതുക്കെ തുടങ്ങിയ പന്തും ഹെറ്റ്‌മെയറും അവസാന ഓവറുകളില്‍ തകര്‍പ്പന്‍ ഷോട്ടുകള്‍ കളിച്ചതോടെ ടീം സ്‌കോര്‍ ഉയര്‍ന്നു. 17.3 ഓവറില്‍ ടീം സ്‌കോര്‍ 150 കടന്നു.

എന്നാല്‍ ഹെറ്റ്‌മെയറെ പുറത്താക്കി ഡ്വെയ്ന്‍ ബ്രാവോ ഈ കൂട്ടുകെട്ട് പൊളിച്ചു. 24 പന്തുകളില്‍ നിന്ന് 37 റണ്‍സെടുത്ത ഹെറ്റ്‌മെയറെ ബ്രാവോ ജഡേജയുടെ കൈയ്യിലെത്തിച്ചു. പന്തിനൊപ്പം 83 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ഹെറ്റ്‌മെയര്‍ ക്രീസ് വിട്ടത്. പിന്നാലെ പന്ത് അര്‍ധശതകം നേടി. ഇന്നിങ്‌സിലെ അവസാന പന്തിലാണ് താരം അര്‍ധസെഞ്ചുറി നേടിയത്. ഡല്‍ഹി നായകന്‍ 35 പന്തുകളില്‍ നിന്ന് മൂന്ന് ഫോറിന്റെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടെ 51 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

ചെന്നൈയ്ക്ക് വേണ്ടി ജോഷ് ഹെയ്‌സല്‍വുഡ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രവീന്ദ്ര ജഡേജ, മോയിന്‍ അലി, ഡ്വെയ്ന്‍ ബ്രാവോ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

Content Highlights: Chennai Super Kings vs Delhi Capitals ipl 2021 first qualifier match

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram