ചെന്നൈ സൂപ്പർ കിങ്‌സ് - മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ ടോസിടുന്നു | Photo:iplt20.com
ദുബായ്: ഇത്തവണത്തെ ഐ.പി.എല്ലിൽ ടോസ് കിട്ടുന്നത് ടീമുകള്‍ക്ക് ശാപമായി മാറുന്നു. 40 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ടോസ് നേടിയ ടീമുകള്‍ ജയിച്ചത് 13 കളിമാത്രം, തോറ്റത് 27.
സൂപ്പര്‍ ഓവറിലേക്ക് നീണ്ട നാല് മത്സരങ്ങളം തോറ്റത് ടോസ് ജയിച്ച ടീമാണ്.
സമീപകാലത്തെ 10 മത്സരങ്ങളില്‍ (3140 മത്സരങ്ങള്‍) ഒമ്പതും ടോസ് നേടിയ ടീം തോറ്റു. കഴിഞ്ഞദിവസം രാജസ്ഥാന്‍ റോയല്‍സിനെതിരേ ടോസ് നേടിയ ഹൈദരാബാദ് ജയിച്ചതോടെയാണ് ഈ തുടര്‍ച്ചയ്ക്ക് അവസാനമായത്.
സീസണ്‍ തുടക്കത്തിലെ 15 മത്സരങ്ങളില്‍ 12-ലും ജയിച്ചത് ടോസ് നഷ്ടപ്പെട്ട ടീം. സീസണിന്റെ മധ്യത്തിലെ 15 മത്സരങ്ങളില്‍ ഒമ്പതെണ്ണം ടോസ് നേടിയ ടീം ജയിച്ചു.
ആദ്യ 20 മത്സരങ്ങളില്‍ 14-ലും ടോസ് നേടിയ ടീം ഫീല്‍ഡിങ്ങാണ് തിരഞ്ഞെടുത്തത്. ജയിച്ചത് രണ്ട് കളി മാത്രം.
ടൂര്‍ണമെന്റിന്റെ മധ്യഭാഗം മുതല്‍ ടോസ് നേടിയ ടീം ആദ്യം ബാറ്റിങ്ങിന് പ്രാധാന്യം കൊടുത്തു. പക്ഷേ, ടോസ് ജയിച്ചതിനേക്കാള്‍ കൂടുതല്‍ കളികള്‍ തോറ്റു. ഒടുവിലത്തെ 20 കളികളില്‍ 17-ലും ടോസ് നേടിയ ടീം ബാറ്റിങ് തിരഞ്ഞെടുത്തു. അതില്‍ ഏഴ് മത്സരങ്ങള്‍ മാത്രമാണ് ജയിച്ചത്.
കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച് ടോസ് നേടിയ ടീമുകളുടെ വിജയം ഇത്തവണ കുറവാണ്. 2012-ലാണ് ഒടുവില്‍ ഇങ്ങനെ സംഭവിച്ചത്. അന്ന് ടോസ് നേടിയ ടീമുകള്‍ 33 കളി ജയിച്ചപ്പോള്‍ 41 കളി തോറ്റു.
ഈ സീസണില്‍ ടോസ് കിട്ടിയ എട്ട് ടീമുകള്‍ക്കും കഷ്ടകാലമായിരുന്നു. എട്ടില്‍ ഏഴ് ടീമുകളും ടോസ് കിട്ടിയതിലേറെ മത്സരങ്ങള്‍ തോറ്റു. നാല് ടോസ് കിട്ടിയ മുംബൈ ഇന്ത്യന്‍സിന് രണ്ട് വീതം ജയവും തോല്‍വിയും. ടോസ് കിട്ടിയ മൂന്ന് മത്സരങ്ങളും പഞ്ചാബ് തോറ്റു.
Content Highlights: Toss curse in IPL 13th season