ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ എം.എസ് ധോനി | Photo: iplt20.com
ദുബായ്: ഐ.പി.എല്ലില്‍ വെള്ളിയാഴ്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിനിറങ്ങുന്നതോടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എം.എസ് ധോനിയെ ഒരു റെക്കോഡ് കാത്തിരിപ്പുണ്ട്.
ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരമെന്ന റെക്കോഡാണ് ധോനിയെ കാത്തിരിക്കുന്നത്. നിലവില്‍ സുരേഷ് റെയ്‌നയ്‌ക്കൊപ്പം 193 മത്സരങ്ങളോടെ ഈ റെക്കോഡ് പങ്കുവെയ്ക്കുകയാണ് ധോനി. ഇന്ന് നടക്കാനിരിക്കുന്ന മത്സരം ധോനിയുടെ 194-ാം ഐ.പി.എല്‍ മത്സരമാണ്.
അതേസമയം ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഏറ്റവും കൂടുതല്‍ ഐ.പി.എല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന നേട്ടവും ധോനിയെ കാത്തിരിപ്പുണ്ട്. 164 മത്സരങ്ങളോടെ റെയ്‌നയാണ് ഈ പട്ടികയില്‍ മുന്നില്‍. ഇന്ന് നടക്കുന്ന മത്സരം ചെന്നൈക്കായുള്ള ധോനിയുടെ 164-ാം ഐ.പി.എല്‍ മത്സരമാണ്.
ഇതിനിടെ രണ്ടു വര്‍ഷം ചെന്നൈക്ക് വിലക്ക് നേരിട്ടപ്പോള്‍ റൈസിങ് പുണെ സൂപ്പര്‍ ജയന്റ്‌സിനായാണ് ധോനി കളിച്ചിരുന്നത്. സുരേഷ് റെയ്‌നയാകട്ടെ ഗുജറാത്ത് ലയണ്‍സിനായും കളിച്ചു.
അതേസമയം 192 മത്സരങ്ങള്‍ കളിച്ച മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ധോനിക്ക് തൊട്ടുപിന്നിലുണ്ട്.
ഇന്ന് നടക്കുന്ന മത്സരത്തില്‍ രണ്ടു സിക്‌സറുകള്‍ നേടാനായാല്‍ ട്വന്റി 20-യില്‍ 300 സിക്‌സറുകള്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടം ധോനിക്ക് സ്വന്തമാകും. രോഹിത് ശര്‍മ (368), സുരേഷ് റെയ്‌ന (311) എന്നിവരാണ് ഇക്കാര്യത്തില്‍ ധോനിക്ക് മുന്നിലുള്ളത്.
മത്സരത്തില്‍ 24 റണ്‍സ് നേടാനായാല്‍ ഐ.പി.എല്‍ കരിയറില്‍ 4500 റണ്‍സ് തികയ്ക്കാനും ധോനിക്ക് സാധിക്കും.
Content Highlights: MS Dhoni sets to achieve milestones in IPL