ചെന്നൈ സൂപ്പർ കിങ്‌സ് താരം കേദാർ ജാദവ് മത്സരത്തിനിടെ | Photo:iplt20.com
അബുദാബി: കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ 10 റണ്‍സ് തോവില്‍ വഴങ്ങിയതിനു പിന്നാലെ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം കേദാര്‍ ജാദവിനെതിരേ ആരാധക രോഷം. ഒരു ഘട്ടത്തില്‍ അനായാസമായി വിജയത്തിലെത്തുമെന്ന് തോന്നിച്ച ചെന്നൈ അവിശ്വസനീയമായി തോല്‍വി വഴങ്ങുകയായിരുന്നു.
168 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് ഓപ്പണര്‍മാരായ ഷെയ്ന്‍ വാട്ട്‌സണും ഫാഫ് ഡുപ്ലെസിയും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. 10 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു ചെന്നൈ. പിന്നീട് 12 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സെന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് അമ്പാട്ടി റായുഡു പുറത്താകുന്നത്. അപ്പോള്‍ എട്ട് ഓവറും എട്ടു വിക്കറ്റും ബാക്കിനില്‍ക്കെ ജയിക്കാന്‍ 69 റണ്‍സ് മാത്രം മതിയായിരുന്നു ചെന്നൈക്ക്.
ഇതിനു ശേഷമാണ് അവിശ്വസനീയമായി ചെന്നൈ കളി കൈവിടുന്നത്. റായുഡുവും പിന്നാലെ അര്‍ധ സെഞ്ചുറി നേടിയ വാട്ട്‌സണും പുറത്തായതോടെ ക്രീസിലെത്തിയ ധോനിക്ക് സ്‌കോര്‍ ഉയര്‍ത്താനായില്ല. വൈകാതെ 12 പന്തില്‍ 11 റണ്‍സെടുത്ത് ധോനി മടങ്ങി. ഇതോടെ കേദാര്‍ ജാദവ് ക്രീസിലേക്ക്. 21 പന്തില്‍ 39 റണ്‍സ് വേണമെന്ന ഘട്ടത്തിലാണ് ജാദവ് വരുന്നത്. അടിച്ചുകളിക്കേണ്ടതിനു പകരം ജാദവ് 'മുട്ടിക്കളി' തുടങ്ങി. ഇതോടെ ആവശ്യമായ റണ്‍റേറ്റും ഉയര്‍ന്നു. വിജയലക്ഷ്യം 18 പന്തില്‍ 39 റണ്‍സായി ഉയര്‍ന്നു. ഇതോടെ അടിച്ചുകളിക്കാന്‍ ശ്രമിച്ച സാം കറന്‍ 11 പന്തില്‍ 17 റണ്‍സുമായി മടങ്ങി. വമ്പനടിക്കാരന്‍ രവീന്ദ്ര ജഡേജ ക്രീസിലെത്തിയിട്ടും ജാദവ് ടെസ്റ്റ് ബാറ്റിങ് തുടര്‍ന്നു.
19-ാം ഓവറിലും സ്‌കോര്‍ ഉയര്‍ത്താന്‍ ജാദവിന് സാധിച്ചില്ല. ഈ ഓവറില്‍ ജഡേജ ഒരു ബൗണ്ടറി കണ്ടെത്തിയതോടെ ചെന്നൈക്ക് അവസാന ഓവറില്‍ ജയിക്കാന്‍ 26 റണ്‍സ് വേണമെന്ന സ്ഥിതിയായി. സ്‌ട്രൈക്ക് ചെയ്തിരുന്ന ജാദവ് ആദ്യ രണ്ടു പന്തുകളിലും ഇതേ 'മുട്ടിക്കളി' തുടര്‍ന്നു. മാത്രമല്ല ആദ്യ പന്തില്‍ ജഡേജയ്ക്ക് സ്‌ട്രൈക്ക് നല്‍കാന്‍ അവസരമുണ്ടായിരുന്നെങ്കിലും അതും ജാദവ് നിഷേധിച്ചു. ഇതുംകൂടി ആയതോടെ ആരാധകരുടെ ക്ഷമ നശിച്ചു. ഒടുവില്‍ ലഭിച്ച അവസാന മൂന്നു പന്തിലും ബൗണ്ടറികള്‍ കണ്ടെത്തിയ ജഡേജ പരാജയ ഭാരം 10 റണ്‍സായി കുറച്ചു. എട്ടു പന്തില്‍ നിന്ന് ഒരു സിക്‌സും മൂന്നു ഫോറുമടക്കം ജഡേജ 21 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ മറുവശത്ത് 12 പന്തില്‍ നിന്ന് വെറും ഏഴു റണ്‍സ് മാത്രമായിരുന്നു ജാദവിന്റെ സമ്പാദ്യം.
ഇതോടെ നിയന്ത്രണം വിട്ട ആരാധകര്‍ ജാദവിനെ ടീമില്‍ നിന്ന് പുറത്താക്കണമെന്നും ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്നുമുള്ള ആവശ്യങ്ങളുമായി രംഗത്തെത്തി. മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം ജാദവിന് നല്‍കണെന്നായിരുന്നു പരിഹാസ രൂപേണ ചിലരുടെ കമന്റ്.
Content Highlights: IPL 2020 Twitter Brutally Slams Kedar Jadhav for CSK loss