റണ്ണൗട്ടായി മടങ്ങുന്ന സൂര്യകുമാർ യാദവ് | Photo: iplt20.com
ദുബായ്: ചൊവ്വാഴ്ച നടന്ന ഐ.പി.എല്‍ ഫൈനലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ അഞ്ചു വിക്കറ്റിന് തകര്‍ത്താണ് മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ അഞ്ചാം കിരീടം സ്വന്തമാക്കിയത്. ഡല്‍ഹി ഉയര്‍ത്തിയ 157 റണ്‍സ് വിജയലക്ഷ്യം അനായാസം മറികടക്കുന്നതിന് മുംബൈയെ സഹായിച്ചത് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഇന്നിങ്‌സായിരുന്നു. 51 പന്തില്‍ നിന്ന് 68 റണ്‍സെടുത്ത രോഹിത് മുംബൈയുടെ ജയം എളുപ്പമാക്കി.
എന്നാല്‍ തന്റെ അര്‍ധ സെഞ്ചുറിക്ക് രോഹിത് കടപ്പെട്ടിരിക്കുന്നത് മുംബൈ താരം സൂര്യകുമാര്‍ യാദവിനോടാണ്. ഇല്ലാത്ത റണ്ണിനായി ഓടിയ ക്യാപ്റ്റന്‍ രോഹിത്തിന്റെ വിക്കറ്റ് കാക്കാന്‍ സൂര്യകുമാര്‍ യാദവ് സ്വന്തം വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു. നിസ്വാര്‍ഥമായ പ്രവൃത്തിയാണ് സൂര്യകുമാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ പറയുന്നത്. ഇതിനാല്‍ തന്നെ ഈ റണ്ണൗട്ടിന്റെ പേരില്‍ ക്രിക്കറ്റ് ലോകത്തിന്റെ കൈയടി നേടുകയാണ് സൂര്യകുമാര്‍ യാദവ്.
ആര്‍. അശ്വിനെറിഞ്ഞ 11-ാം ഓവറിലായിരുന്നു സംഭവം. ഓവറിലെ അഞ്ചാം പന്ത് രോഹിത് മിഡ് ഓഫിലേക്ക് കളിച്ച രോഹിത് റണ്ണിനായി ഓടി. ഡല്‍ഹി ഫീല്‍ഡര്‍ പ്രവീണ്‍ ദുബെ പന്തിനടുത്തേക്ക് വരുന്നത് കണ്ട സൂര്യകുമാര്‍ യാദവ് ക്യാപ്റ്റനെ വിലക്കിയെങ്കിലും അപ്പോഴേക്കും രോഹിത് ബൗളിങ് ക്രീസിലെത്തിയിരുന്നു. രോഹിത്തിന്റെ വിക്കറ്റ് ഡല്‍ഹി ഉറപ്പിച്ച സമയത്താണ് സൂര്യകുമാര്‍ യാദവ് സ്വയം ക്രീസ് വിട്ടിറങ്ങി ക്യാപ്റ്റനെ സുരക്ഷിതനാക്കി മടങ്ങിയത്.
യാദവ് റണ്ണൗട്ടായി മടങ്ങുമ്പോള്‍ നിരാശ കാരണം രോഹിത് ക്രീസില്‍ ഇരിക്കുന്നതും കാണാമായിരുന്നു. ഒരു സിക്സും ഒരു ഫോറുമടക്കം 20 പന്തില്‍ 19 റണ്‍സെടുത്ത ശേഷമായിരുന്നു സൂര്യകുമാര്‍ യാദവിന്റെ മടക്കം.
രോഹിത് ശര്‍മയുടെ സാന്നിധ്യമാണ് ആ സമയത്ത് ടീമിന് ആവശ്യമായിരുന്നത് എന്നതിനാലാണ് താന്‍ വിക്കറ്റ് ത്യജിക്കാന്‍ തയ്യാറായതെന്ന് മത്സര ശേഷം സൂര്യകുമാര്‍ യാദവ് പ്രതികരിക്കുകയും ചെയ്തു.
Content Highlights: IPL 2020 Suryakumar Yadav Sacrifices His Wicket For Rohit Sharma