ശിഖർ ധവാൻ | Photo:iplt20.com
ശിഖര്‍ ധവാന്‍ വീണ്ടും മീശ പിരിക്കുമ്പോള്‍ ആകാംക്ഷയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍. അടുത്ത ട്വന്റി 20 ലോകകപ്പിലേക്ക് ആ മീശ നീളുമോ എന്ന ചോദ്യമുയരുന്നു. ഐ.പി.എലില്‍ തന്റെ കന്നി സെഞ്ചുറിക്ക് തൊട്ടുപിന്നാലെ വീണ്ടും സെഞ്ചുറി നേടിയ ധവാന്‍ ദേശീയ ടീം സെലക്ടര്‍മാരുടെ വാതിലുകള്‍ തള്ളിത്തുറക്കുകയാണ്.
സണ്‍റൈസേഴ്സ് ഹൈദരാബാദില്‍ ആയിരുന്നപ്പോള്‍ ഡേവിഡ് വാര്‍ണറുടെ ഓരം പറ്റി നടക്കുകയായിരുന്നു ധവാന്‍. ഡല്‍ഹിയിലെത്തിയപ്പോള്‍ പൃഥ്വി ഷായുടെയും ഋഷഭ് പന്തിന്റെയും കൂറ്റനടികള്‍ക്ക് കീഴിലായി. എന്നാല്‍, പന്തിന് പരിക്കേല്‍ക്കുകയും ഷായ്ക്ക് ഫോം നഷ്ടപ്പെടുകയും ചെയ്തതോടെ ആക്രമണ ബാറ്റിങ്ങിന്റെ ചുമതല ധവാന്‍ ഏറ്റെടുത്തു. നങ്കൂരക്കാരന്റെ റോളില്‍നിന്നുള്ള മാറ്റം. കഴിഞ്ഞ നാല് മത്സരത്തിലും അമ്പതിനുമുകളില്‍ സ്‌കോര്‍. ഓരോ തവണയും സ്ട്രൈക്ക് റേറ്റ് മെച്ചപ്പെടുത്തുന്നു.
ധവാന്റെ ആദ്യസെഞ്ചുറിയുടെ കരുത്തില്‍ ചെന്നൈക്കെതിരേ ഡല്‍ഹി വിജയം നേടിയെങ്കിലും പഞ്ചാബിനുമുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല.
ചെന്നൈ, ഡല്‍ഹി ടീമുകള്‍ക്കെതിരായ മത്സരത്തില്‍ സഹ ബാറ്റ്സ്മാന്‍മാര്‍ പരാജയപ്പെട്ടിട്ടും വിക്കറ്റുകള്‍ വീണുകൊണ്ടേയിരുന്നിട്ടും തന്റെ സ്വതസിദ്ധമായ കളിയില്‍ ധവാന്‍ ഒരു മാറ്റവും വരുത്തിയില്ല. ചെന്നൈക്കെതിരേ 180 എന്ന ലക്ഷ്യം പിന്തുടരുമ്പോള്‍ ധവാന്‍ ഒരിക്കലും പതറിയില്ല. ഷാ നേരത്തേ പുറത്തായിട്ടും ശ്രേയസ് അയ്യര്‍ ഒരു പന്തില്‍ ഒരു റണ്‍ എന്ന നിലയില്‍ ബാറ്റുചെയ്തിട്ടും ധവാന്‍ വിജയംവരെ ബാറ്റുചെയ്തു.
ഡല്‍ഹിക്കെതിരേ, പൃഥ്വി ഷായും ശ്രേയസ്സും ഋഷഭ് പന്തും പരാജയപ്പെട്ടിടത്ത് ധവാന്റെ ഒറ്റയാള്‍ പോരാട്ടമായിരുന്നു. ഈ സീസണില്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് ധവാന്റേത്. പത്തില്‍ താഴെ സ്‌കോറിന് പുറത്തായത് രണ്ടുതവണ മാത്രം. 35, 34, 26, 32, 69*, 57, 101*, 106* എന്നിങ്ങനെയാണ് മറ്റ് സ്‌കോറുകള്‍. 10 ഇന്നിങ്സില്‍ 465 റണ്‍സ്. 66.42 ശരാശരി. റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാംസ്ഥാനത്ത്.
ടൂര്‍ണമെന്റ് പുരോഗമിക്കുന്തോറും കൂടുതല്‍ ആക്രമണകാരിയാവുകയാണ് ധവാന്‍. ആദ്യപകുതിയില്‍ 130-ന് അടുത്തായിരുന്നു അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. പിന്നീട് രാജസ്ഥാനെതിരേ 33 പന്തില്‍ 57 റണ്‍സ്. (സ്‌ട്രൈക്ക് റേറ്റ് 172.72). ചെന്നൈക്കെതിരായ സെഞ്ചുറിയില്‍ 174.13, ഡല്‍ഹിക്കെതിരായ സെഞ്ചുറിയില്‍ 173.77.
267 മത്സരം നീണ്ട ധവാന്റെ ട്വന്റി 20 കരിയറിലെ ആദ്യ സെഞ്ചുറിയായിരുന്നു ചെന്നൈക്കെതിരേ. അടുത്ത മത്സരങ്ങളിലും നൂറടിച്ച് അദ്ദേഹം ഐ.പി.എല്‍. ചരിത്രം തിരുത്തി.
ഇന്ത്യ അടുത്ത ട്വന്റി 20 പരമ്പര കളിക്കുമ്പോള്‍ ധവാന് 35 വയസ്സാവും. ഒരു ലോകകപ്പ് കൂടി കളിച്ച് കരിയര്‍ അവസാനിപ്പിക്കുകയാവണം ലക്ഷ്യം. 2021-ലെ ട്വന്റി 20 ലോകകപ്പ് ഇന്ത്യയിലാണ്. അതിനുമുമ്പുള്ള ഐ.പി.എല്‍ സീസണുകള്‍ താരങ്ങളെ സംബന്ധിച്ച് നിര്‍ണായകവും. ഓപ്പണറായി രോഹിത് ശര്‍മയ്ക്കും കെ.എല്‍. രാഹുലിനും ആയിരിക്കും ആദ്യപരിഗണന എന്നുറപ്പ്. മൂന്നാം ചോയ്സ് ഓപ്പണര്‍ എന്ന സ്ഥാനമാണ് ധവാന്‍ ലക്ഷ്യമിടുന്നത്. ആ സ്ഥാനത്ത് മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, പൃഥ്വി ഷാ എന്നിവരുമായി മത്സരിക്കേണ്ടിവരും.
Content Highlights: IPL 2020 Shikhar Dhawan makes history with second straight ton