സഞ്ജു സാംസൺ | Photo: iplt20.com
അബുദാബി: ഐ.പി.എല്ലിലെ ആദ്യ രണ്ടു മത്സരങ്ങളില്‍ അര്‍ധ സെഞ്ചുറിയുമായി തിളങ്ങിയ ശേഷം ഇപ്പോള്‍ ഫോമിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. മുംബൈക്കെതിരേ കഴിഞ്ഞ ദിവസം രാജസ്ഥാന്‍ വിജയം നേടിയ മത്സരത്തിലാണ് സഞ്ജു തന്റെ ബാറ്റിങ് ഫോം വീണ്ടെടുത്തത്.
മൂന്നാം വിക്കറ്റില്‍ ബെന്‍ സ്‌റ്റോക്ക്‌സ് - സഞ്ജു സാംസണ്‍ സഖ്യം വെറും 82 പന്തില്‍ നിന്ന് അടിച്ചുകൂട്ടിയത് 152 റണ്‍സാണ്. സെഞ്ചുറി നേടിയ സ്റ്റോക്ക്‌സ് 60 പന്തില്‍ നിന്ന് 14 ഫോറുകളും മൂന്ന് സിക്‌സുമടക്കം 107 റണ്‍സുമായി പുറത്താകാതെ നിന്നു. 31 പന്തുകള്‍ നേരിട്ട സഞ്ജു നാലു ഫോറും മൂന്നു സിക്‌സും സഹിതം 54 റണ്‍സെടുത്തു.
അര്‍ധ സെഞ്ചുറി തികച്ചതിനു പിന്നാലെ കൈയിലെ മസില്‍ ഉയര്‍ത്തി കാണിച്ചാണ് സഞ്ജു ആഘോഷിച്ചത്. ഇത് എന്തിനായിരുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം ഇപ്പോള്‍.
''കഴിഞ്ഞ ഏതാനും മത്സരങ്ങളില്‍ കാര്യമായി സ്‌കോര്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ എനിക്കെന്റെ കഴിവുകളില്‍ വിശ്വാസമുണ്ടായിരുന്നു. തുടര്‍ച്ചയായി 14 മത്സരങ്ങളൊക്കെ കളിക്കുമ്പോള്‍ ഫോമില്‍ ഉയര്‍ച്ചകളും താഴ്ചകളുമുണ്ടായിരിക്കും. എന്റെ ഗെയിം പ്ലാനില്‍ ഞാന്‍ ചില മാറ്റങ്ങള്‍ വരുത്തി. വലിയ ഗ്രൗണ്ടുകളില്‍, വ്യത്യസ്തമായ വിക്കറ്റുകളില്‍ കൂടുതല്‍ സമയമെടുത്ത് കളിക്കുകയെന്നതും, കൂടുതല്‍ ക്രിക്കറ്റിങ് ഷോട്ടുകള്‍ കളിക്കുകയെന്നതും പ്രധാനമാണ്.'' - സഞ്ജു പറഞ്ഞു.
''സ്റ്റോക്ക്‌സിനൊപ്പമുള്ള ബാറ്റിങ് നന്നായി ആസ്വദിച്ചിരുന്നു. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും അദ്ദേഹത്തിനൊപ്പം പിച്ചില്‍ സമയം ചെലവഴിക്കാന്‍ സാധിച്ചിരുന്നു. അക്കൂട്ടത്തില്‍ ഏറ്റവും മികച്ചത് ഇതായിരുന്നു (മുംബൈക്കെതിരേ)'' - സഞ്ജു കൂട്ടിച്ചേര്‍ത്തു.
''വിജയത്തിലേക്ക് എത്ര റണ്‍സ് വേണമെന്നോ, റണ്‍റേറ്റ് എത്രയാണ് ആവശ്യമെന്നോയൊന്നും ശ്രദ്ധിച്ചിരുന്നില്ല. എന്റെ ഗെയിം പ്ലാന്‍ വളരെ ലളിതമായിരുന്നു. പന്ത് നോക്കി കളിക്കാനാണ് ശ്രമിച്ചത്. അടിക്കാന്‍ പറ്റുന്ന പന്താണെങ്കില്‍ അടിക്കുക, അങ്ങനെയല്ലെങ്കില്‍ സിംഗിളുകളും ഡബിളുകളും നേടുക. കളിയുടെ അവസാനം വരെ ക്രീസില്‍ തുടരാനാണ് ശ്രമിച്ചത്.'' - സഞ്ജു പറഞ്ഞു.
''സിക്സറുകള്‍ നേടാന്‍ പ്രത്യേക മാര്‍ഗങ്ങള്‍ ഒന്നും തന്നെയില്ല. പന്ത് നോക്കുക അടിക്കുക. പിന്നെ കൈയിലെ മസില്‍ ഉയര്‍ത്തിക്കാണിച്ചത്, ഞാന്‍ എന്റെ പേര് സ്വയം ഓര്‍മിച്ചതാണ്. ലോകത്തിലെ ഏറ്റവും കരുത്തനായ മനുഷ്യന്‍ സാംസണാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് ഞാന്‍ എല്ലായ്‌പ്പോഴും ഓര്‍മിക്കുകയും ചെയ്യുന്നു. ഞാന്‍ വളരെ കരുത്തനാണ്, എനിക്കു കൂടുതല്‍ സിക്സറുകള്‍ നേടാന്‍ കഴിയും.'' - സഞ്ജു വ്യക്തമാക്കി.
Content Highlights: IPL 2020 Sanju Samson talks about his six hitting ability