ഐ.പി.എൽ ട്രോഫിയുമായി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ | Photo: iplt20.com
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ മൂന്ന് ഇരട്ടസെഞ്ചുറികള്‍ക്ക് ഉടമയാണ് രോഹിത് ശര്‍മ. ലോകക്രിക്കറ്റിലെ അതുല്യമായ റെക്കോഡ്! മുംബൈ ഇന്ത്യന്‍സിനൊപ്പം അഞ്ചാം കിരീടം ഉയര്‍ത്തുമ്പോള്‍ ഐ.പി.എലിലും അതുല്യ നേട്ടത്തിലേക്ക് ഉയരുകയാണ് രോഹിത്. എട്ടുവര്‍ഷത്തിനിടെ അഞ്ചു കിരീടങ്ങള്‍, അഞ്ചും സ്വന്തം ക്യാപ്റ്റന്‍സിയില്‍. രണ്ടു സീസണില്‍ അടുപ്പിച്ച് (2019, 2020). ഡെക്കാന്‍ ചാര്‍ജേഴ്സിനൊപ്പമുള്ളതും ചേര്‍ത്താല്‍ ആറ് ഐ.പി.എല്‍. കിരീടങ്ങള്‍. ഇത് മറ്റാര്‍ക്കെങ്കിലും എത്തിപ്പിടിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കാന്‍ പ്രയാസം.
ഐ.പി.എല്ലിലെ റണ്‍ നേട്ടത്തിലും സെഞ്ചുറികളിലും സ്ട്രൈക്ക് റേറ്റിലുമൊന്നും ഒന്നാമനല്ല രോഹിത്. ആകെ റണ്‍സില്‍ വിരാട് കോലി, സുരേഷ് റെയ്ന, ഡേവിഡ് വാര്‍ണര്‍, ശിഖര്‍ ധവാന്‍ എന്നിവര്‍ക്ക് പിറകിലാണ് രോഹിത്. 5000 റണ്‍സ് തികച്ച അഞ്ചാമന്‍. പക്ഷേ, ഐ.പി.എലിന്റെ ചരിത്രം പിന്നീടാരെങ്കിലും പരിശോധിക്കുമ്പോള്‍ രോഹിതിന്റെ പേരാകും തിളങ്ങിനില്‍ക്കുക. കാരണം അവരാരും അഞ്ചു കിരീടം നേടിയിട്ടില്ല.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിര്‍ഭയനും ആക്രമണകാരിയുമായ ബാറ്റ്സ്മാന്‍ എന്നാണ് രോഹിതിന്റെ മേല്‍വിലാസമെങ്കില്‍ ഐ.പി.എലിലെത്തുമ്പോള്‍ ശാന്തനായ ക്യാപ്റ്റന്‍ എന്നും അതിനൊപ്പം ചേര്‍ക്കണം.
ഓരോ പന്തിലും ഓരോ കളിക്കാരനും എരിപൊരികൊള്ളുന്ന ഐ.പി.എല്‍. മത്സരത്തിനിടയിലും രോഹിതിന്റെ മുഖത്ത് മിക്കപ്പോഴും പുഞ്ചിരിയായിരിക്കും. അതില്‍ ആത്മവിശ്വാസവും ധൈര്യവും നിര്‍ഭയത്വവുമുണ്ട്. ഇതെല്ലാം ചേര്‍ന്ന ഇഴയടുപ്പത്തിന് കിട്ടിയ അംഗീകാരമാണ് മുംബൈയുടെ ഷോകേസിലെത്തിയ അഞ്ചു കിരീടങ്ങള്‍. പരിക്കുമൂലം പ്രാഥമികഘട്ടത്തില്‍ നാലു മത്സരങ്ങളില്‍നിന്ന് വിട്ടുനിന്ന രോഹിത്, സ്വയം സന്നദ്ധനായി പിന്നീട് ബാറ്റിങ്ങിലേക്ക് തിരിച്ചെത്തിയതും ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്താനാണ്.
ടീമിനെ തിരഞ്ഞെടുക്കുന്നതുതൊട്ട് 'മുംബൈ കുടുംബ'മായി ഈ സംഘത്തെ കൂട്ടിയോജിപ്പിക്കുന്നതില്‍ വരെ രോഹിതിന്റെ ക്യാപ്റ്റന്‍സിക്കും വലിയ പങ്കുണ്ട്. ഹാര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, ജസ്പ്രീത് ബുംറ, ഇഷാന്‍ കിഷന്‍ തുടങ്ങിയവരൊന്നും മുംബൈക്കാരല്ല. പക്ഷേ, തുടര്‍ച്ചയായി ഒന്നിച്ചുകളിച്ച് ഇവരെല്ലാം മുംബൈ കുടുംബത്തിന്റെ ഭാഗമായിമാറി.
200 മത്സരങ്ങള്‍
ഫൈനലില്‍ കളിക്കാനിറങ്ങിയതോടെ ഐ.പി.എലില്‍ രോഹിത് 200 മത്സരം തികച്ചു. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ താരമാണ്. ചെന്നൈ സൂപ്പര്‍കിങ്സ് നായകന്‍ മഹേന്ദ്ര സിങ് ധോനിയാണ് (204) ആദ്യതാരം. 2011 മുതല്‍ മുംബൈക്കായി കളിക്കുന്ന രോഹിത് ടീമിനായി 155 മത്സരങ്ങളില്‍ പാഡണിഞ്ഞു. അതിന് മുമ്പ് 2008 മുതല്‍ 2010 വരെ ഡക്കാന്‍ ചാര്‍ജേഴ്സിനായി 45 മത്സരം കളിച്ചു. 2013-ല്‍ റിക്കി പോണ്ടിങ്ങില്‍ നിന്നാണ് ക്യാപ്റ്റന്‍സി ഏറ്റെടുക്കുന്നത്. പരിക്കായതിനാല്‍ ഇത്തവണ രോഹിതിന് നാല് മത്സരങ്ങളില്‍ കളിക്കാനായില്ല.
Content Highlights: IPL 2020 Rohit Sharma the captain as good as his team