അദ്ഭുത ബൗളിങ് പ്രകടനം; ഐ.പി.എല്ലില്‍ ചരിത്രമെഴുതി മുഹമ്മദ് സിറാജ്


1 min read
Read later
Print
Share

നാല് ഓവറില്‍ വെറും എട്ട് റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റുകളാണ് സിറാജ് വീഴ്ത്തിയത്. ഇതില്‍ രണ്ട് ഓവറുകള്‍ മെയ്ഡനും

മുഹമ്മദ് സിറാജ് | Photo:iplt20.com

അബുദാബി: കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നിരയിലുള്ള താരമാണ് മുഹമ്മദ് സിറാജ്. റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാണിക്കാത്ത സിറാജിനെതിരേ പലപ്പോഴും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ടീമിലെ പ്രധാന ബൗളര്‍മാരില്‍ ഒരാളായി ആര്‍.സി.ബി ആരാധകര്‍ ഒരിക്കലും പരിഗണിക്കുക പോലും ചെയ്യാത്ത താരവും കൂടിയായിരുന്നു കഴിഞ്ഞ ദിവസം വരെ സിറാജ്.

എന്നാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ വിമര്‍ശകരുടെയെല്ലാം വായടപ്പിക്കുന്ന പ്രകടനമാണ് സിറാജ് പുറത്തെടുത്തത്.

നാല് ഓവറില്‍ വെറും എട്ട് റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റുകളാണ് സിറാജ് വീഴ്ത്തിയത്. ഇതില്‍ രണ്ട് ഓവറുകള്‍ മെയ്ഡനും. ഇതോടെ ഐ.പി.എല്‍ ചരിത്രത്തില്‍ ഒരു മത്സരത്തില്‍ രണ്ട് ഓവറുകള്‍ മെയ്ഡനാക്കുന്ന ആദ്യ താരമെന്ന നേട്ടവും സിറാജിനെ തേടിയെത്തി.

സിറാജിന്റെ ആദ്യ 13 പന്തുകളില്‍ ഒരു റണ്‍ പോലും നേടാന്‍ കൊല്‍ക്കത്ത ബാറ്റ്‌സ്മാന്‍മാര്‍ക്ക് സാധിച്ചില്ല. ആദ്യ രണ്ട് ഓവറില്‍ ഒരു റണ്‍സും വിട്ടുകൊടുക്കാതെയാണ് സിറാജ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്.

ഒരു ജെനുവിന്‍ ഇന്‍സ്വിങ്ങറില്‍ രാഹുല്‍ ത്രിപാഠിയെ വീഴ്ത്തിയ സിറാജ് തൊട്ടടുത്ത പന്തില്‍ നിതീഷ് റാണയുടെ കുറ്റി പിഴുതു. രണ്ടാം ഓവറില്‍ ടോം ബാന്റണെയും വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ച സിറാജ് കൊല്‍ക്കത്തയുടെ തകര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ചു.

20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സ് മാത്രമേ കൊല്‍ക്കത്തയ്ക്ക് നേടാനായുള്ളൂ. 14-ാം ഓവറില്‍ വെറും രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ബാംഗ്ലൂര്‍ ലക്ഷ്യം കാണുകയും ചെയ്തു.

Content Highlights: IPL 2020 RCB pacer Mohammed Siraj sets new record

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram