Photo: iplt20.com
ദുബായ്: ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ തോല്‍പ്പിച്ച് അഞ്ചാം കിരീടം സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് മുംബൈ ഇന്ത്യന്‍സ്. എന്നാല്‍ ഇത്തവണത്തെ സമ്മാനത്തുകയുടെ കാര്യത്തില്‍ അവര്‍ അത്ര ഹാപ്പിയാകാന്‍ സാധ്യതയില്ല.
കോവിഡ് കാരണം ഏറെ പ്രതിസന്ധി നിറഞ്ഞ സാഹചര്യത്തിലാണ് ഇത്തവണത്തെ ഐ.പി.എല്‍ നടന്നത്. കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയും ഇതിനൊപ്പമുണ്ടായിരുന്നു. അതിനാല്‍ തന്നെ ബി.സി.സി.ഐയുടെ ചെലവ് ചുരുക്കല്‍ നടപടികള്‍ ഐ.പി.എല്ലിനെയും ബാധിച്ചു.
ഇക്കാരണത്താല്‍ ഇത്തവണത്തെ ഐ.പി.എല്‍ സമ്മാനത്തുകകളിലും മാറ്റങ്ങള്‍ ഉണ്ടായി. ജേതാക്കളായ മുംബൈ ഇന്ത്യന്‍സിന് ഇത്തവണ ലഭിച്ചത് 10 കോടി രൂപയാണ്. കഴിഞ്ഞതവണ ചാമ്പ്യന്‍മാരായ മുബൈ ഇന്ത്യന്‍സിന് 20 കോടിയും റണ്ണറപ്പായ ചെന്നൈ സൂപ്പര്‍ കിങ്സിന് 12.5 കോടിയും ലഭിച്ചിരുന്നു.
കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിമൂലം കഴിഞ്ഞവര്‍ഷം നല്‍കിയ സമ്മാനത്തുകയുടെ പകുതിയാണ് ഇക്കുറി നല്‍കുന്നത്. ഇത്തവണ റണ്ണറപ്പായ ഡല്‍ഹിക്ക് ലഭിച്ചത് 6.25 കോടി രൂപയാണ്. മൂന്നാം സ്ഥാനക്കാരായ ഹൈദരാബാദിനും നാലാമതായ ബാംഗ്ലൂരിനും ഇത്തവണ 4.37 കോടി രൂപ വീതമാണ് ലഭിക്കുക. കഴിഞ്ഞ തവണ ഇത് 8.75 കോടിയായിരുന്നു.
കഴിഞ്ഞ തവണ വ്യക്തിഗത പുരസ്‌കാരങ്ങള്‍ക്ക് പത്തുലക്ഷം നല്‍കിയിരുന്നു. ഇത്തവണ പക്ഷേ വ്യക്തിഗത പുരസ്‌കാരങ്ങള്‍ക്ക് നല്‍കുന്ന തുകയെ കുറിച്ചുള്ള വിവരങ്ങള്‍ ബി.സി.സി.ഐ പുറത്തുവിട്ടിട്ടില്ല.
Content Highlights: IPL 2020 Prize Money Mumbai Indians to get just 10 Cr instead of 20 Cr